കൊവിഡ്-19 പ്രതിസന്ധിയുടെപശ്ചാത്തലത്തില്‍ 25 രാജ്യങ്ങള്‍ക്ക് അടിയന്തര കടാശ്വാസ ധനസഹായം പ്രഖ്യാപിച്ച് ഐ.എം.എഫ്. അടിയന്തര ദുരിതാശ്വാസ ട്രസ്റ്റ് (സി.സി.ആര്‍.ടി) മുഖേനയാണ് ഫണ്ട് നല്‍കുന്നത്.
ഐ.എം.എഫ് മാനേജിംഗ് ഡയരക്ടര്‍ ക്രിസ്റ്റാലിന ജ്യോര്‍ജീവയാണ് കടബാധ്യതകള്‍ തീര്‍ക്കാനായി ധനസഹായം നല്‍കുന്ന ആദ്യ ബാച്ച് രാജ്യങ്ങളെ പ്രഖ്യാപിച്ചത്.
215 മില്യണ്‍ ഡോളറാണ് ആറു മാസത്തേക്കായി 25 രാജ്യങ്ങള്‍ക്കും കൂടി കടാശ്വാസത്തിനായി അനുവദിച്ചിരിക്കുന്നത്. പണം അനുവദിക്കുന്ന ആറു മാസത്തേക്കുള്ള കാലാവധി വേണമെങ്കില്‍ രണ്ടു വര്‍ഷത്തേക്കു നീട്ടുമെന്നും ഐ.എം.എഫ് പ്രതിനിധി അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സി.സി.ആര്‍.ടിയുടെ കൈയ്യില്‍ നിലവില്‍ 500 മില്യണ്‍ ഡോളറാണ് അടിയന്തര ധനസഹായത്തിനുള്ളതെന്നാണ് ഐ.എം.എഫ് ചീഫ് അറിയിച്ചിരിക്കുന്നത്. ഇതില്‍ 185 മില്യണ്‍ ഡോളര്‍ ബ്രിട്ടന്‍ നല്‍കിയതും 100 മില്യണ്‍ ഡോളര്‍ ജപ്പാന്‍ നല്‍കിയതുമാണ്. ഒപ്പം ചൈന , നെതര്‍ലന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കിയ വെളിപ്പെടുത്താത്ത സംഖ്യയും ഉള്‍പ്പെടുന്നു.
കൊവിഡില്‍ വലയുന്ന ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാന്‍ മറ്റ് രാജ്യങ്ങളും സംഭാവന നല്‍കണമെന്ന് ഐ.എം.എഫ് ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് കടാശ്വാസ ധനസഹായം നല്‍കുന്ന കാലാവധി രണ്ടു വര്‍ഷം വരെയാക്കിക്കൊണ്ട് ഐ.എം.എഫ് നിബന്ധനകളില്‍ മാറ്റം വരുത്തിയിരുന്നു.
അഫ്ഘാനിസ്താന്‍, ബെനിന്‍, ബുര്‍ക്കിന ഫാസോ, യെമന്‍, മാലി, നേപ്പാള്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്, ചാഡ്. കൊമൊറോസ്, ഡെമോക്രാറ്റിക് റിപ്ലബ്ലിക് ഓഫ് കോംഗോ, ഗാംബിയ, ഗിനിയ, ഗുനിയ-ബിസ്സോ, ഹൈദി, തിബറിയ, മഡഗസ്‌കര്‍, മലാവി, തജികിസ്താന്‍, ടോഗോ തുടങ്ങിയ 25 രാജ്യങ്ങള്‍ക്കാണ് നിലവില്‍ ഐ.എം.എഫിന്റെ സഹായം ലഭിക്കുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലോകവ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. 1,19500 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ചവരില്‍ 450000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ അമേരിക്കയിലാണ് കൊവിഡ് രൂക്ഷമായി വ്യാപിക്കുന്നത്. 23608 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 682619 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ മാത്രം 10000 ത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.