പ്രഭവകേന്ദ്രമായ ചൈന കൂടാതെ 66 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ ഇതുവരെ മൂവായിരത്തിലധികം ജീവന്‍ കവര്‍ന്നു കഴിഞ്ഞു. കൊറോണ ബാധമൂലം വിവിധ മേഖലകളിലെ തകര്‍ച്ചക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് ലോകരാജ്യങ്ങള്‍. തകര്‍ന്നു കിടക്കുന്ന ഇന്ത്യന്‍ സമ്പദ്വവസ്ഥക്കു മേല്‍ വീണ്ടും കിട്ടിയ പ്രഹരമായി കൊറോണ മാറുകയാണ്.
ആരോഗ്യം, ടൂറിസം, വ്യവസായം, വാണിജ്യം, ഓഹരി, ഫാഷന്‍, വിദ്യാഭ്യാസം, കായികം തുടങ്ങി വിവിധ മേഖലകളില്‍ പ്രത്യക്ഷത്തില്‍ തന്നെ കൊറോണ വൈറസ് ബാധയുടെ പ്രതിഫലനങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ജൂണ്‍-ജൂലൈ മാസത്തോടെ കൊറോണ വൈറസ് രോഗബാധ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായില്ലെങ്കില്‍ ലോക സാമ്പത്തിക വളര്‍ച്ച 2 ശതമാനത്തിലേക്ക് ചുരുങ്ങും. ചൈനയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കു നീക്കം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ചൈനയിലെ വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നത് ലോക വിതരണ ശൃംഖലയെത്തന്നെ താറുമാറാക്കിയിരിക്കുന്നു.
ലോകമാകെ ടൂറിസം വ്യോമയാന മേഖല പ്രതിസന്ധിയിലാണ്. ഏതൊക്കെ രീതിയില്‍ എന്ന് നോക്കാം
ലോകത്തെ ഏറ്റവും വലിയ ടൂറിസം ട്രേഡ് ഫെയര്‍ ആയ ജര്‍മനിയിലെ ഐ.ടി.ബി ബെര്‍ലിന്‍ ചരിത്രത്തിലാദ്യമായി റദ്ദാക്കേണ്ടി വന്നു.
സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടത്താനിരുന്ന രാജ്യാന്തര വാഹന മേളയും ആഡംബര വാച്ച് മേളയും ഉപേക്ഷിച്ചു.
ദുബായില്‍ മാര്‍ച്ച് 10 മുതല്‍ 14 വരെ നടത്താനിരുന്ന ആഡംബര ബോട്ട് ഷോ നവംബറിലേക്ക് മാറ്റി.
ഇറ്റലിയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ പാന്തിയോണ്‍, പാരീസിലെ ലുവ് മ്യൂസിയം തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ച നിലയിലാണ്.
കായികരംഗത്തെ കാഴ്ചയും മറ്റൊന്നല്ല. സ്ഥിതി നിയന്ത്രണ വിധേയമായില്ലെങ്കില്‍ ടോക്കിയോ ഒളിംപിക്സ് ഉപേക്ഷിക്കാനിരിക്കുകയാണ് ജപ്പാന്‍.
അങ്ങനെ ചെയ്യേണ്ടി വന്നാല്‍ ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായ ജപ്പാന്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ഇതിനൊക്കെ പുറമേ വിവിധ ലോകരാജ്യങ്ങളിലായി വ്യത്യസ്തയിനം കായിക ഇനങ്ങളുടെ മത്സരങ്ങളാണ് റദ്ദാക്കുകയും മാറ്റിവെക്കുകയും ചെയ്തിട്ടുള്ളത്.
ഇനി ഇന്ത്യന്‍ രൂപയുടെ കാര്യം എടുക്കുകയാണെങ്കില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച 60 പൈസയുടെ ഇടിവ് നേരിട്ട രൂപയ്ക്ക് തിങ്കളാഴ്ച മാത്രം 55 പൈസയുടെ നഷ്ടമാണുണ്ടായത്. ഇതോടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 72.73 ല്‍ എത്തി. ക്രൂഡ് ഓയിലിന് വില ഇടിഞ്ഞെങ്കിലും ഇറക്കുമതിച്ചിലവ് കാര്യമായി കുറയാതിരിക്കാന്‍ ഇത് കാരണമാകുന്നു.
ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ വാണിജ്യ കമ്പനികളുടെ ഉത്പന്ന വിതരണം കുറഞ്ഞു. മിക്ക ഉത്പന്നങ്ങളും ഇപ്പോള്‍ കിട്ടാനില്ല.
ചൈനീസ് വിപണി നഷ്ടപ്പെട്ടത് ഇന്ത്യയില്‍ നിന്നുള്‍പ്പെടെ സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി കുറച്ചു. വലിയ കടല്‍ കൊഞ്ചും ഞണ്ടും പിടിക്കുന്നതു തന്നെ നിര്‍ത്തി.
ഫ്രിഡ്ജ്, ടി.വി എ.സി തുടങ്ങിയവയുടെ ഘടകങ്ങളും ചൈനയില്‍ നിന്നു വരുന്നുണ്ട്. ഇവയ്്ക്കും ദൗര്‍ലഭ്യം വരുമെന്നാണ് ആശങ്ക.
ഇന്ത്യയും ചൈനയും തമ്മിലുള്ള വാണിജ്യം നാമമാത്രമായിരിക്കുകയാണ്. മരുന്ന്, ഇലക്ട്രിക്കല്‍ യന്ത്രങ്ങള്‍, രാസവസ്തുക്കള്‍, പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍, ഓട്ടോ മൊബൈല്‍ ഘടകങ്ങള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ചൈനയില്‍ നിന്നുള്ള വരവ് കുറഞ്ഞിരിക്കുകയാണ്.
ആഗോള ഓഹരി സൂചികകളിലും ഇടിവ് തുടരുകയാണ്. 2008 ലെ ലോക സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്വും വലിയ ഇടിവാണ് അമേരിക്കന്‍ ഓഹരി സൂചികകളിലുണ്ടായത്. 12 ശതമാനം വരെ സൂചികകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇടിഞ്ഞിരുന്നു. സെന്‍സെക്സ് സൂചിക 153 പോയിന്റും നിഫ്റ്റി 70 പോയിന്റും ഇടിഞ്ഞു. ചൈന, കൊറിയ, ജപ്പാന്‍, യുറോപ്പ് ഓഹരി സൂചികകളെല്ലാം ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഫാഷന്‍ ലോകത്തെ കാര്യമാണെങ്കിലോ
കൊറോണ പടരുന്നുവെന്ന വാര്‍ത്തകള്‍ പാരിസ് ഫാഷന്‍ വീക്കിനെയും ബാധിച്ചിരിക്കുന്നു. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഫാഷന്‍ വീക്കില്‍ നിന്നും പിന്‍മാറിയതോടെയാണ് ഫാഷന്‍ രംഗത്തെ കൊറോണ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചത്. പ്രശസ്ത ഫാഷന്‍ ബ്രാന്‍ഡ് ലീയി വിറ്റന്‍ ആണ് ദീപികയെ ക്ഷണിച്ചിരുന്നത്. ഫ്രാന്‍സില്‍ 2 പേര്‍ മരിക്കുകയും 130 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെ ഫാഷന്‍ മേഖലയും പ്രതിസന്ധിയിലാണ്.
ചൈന, കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെ സപ്ലൈ ചെയിന്‍ പ്രതിസന്ധി പ്ലാസ്റ്റിക് കളിപ്പാട്ടം മുതല്‍ ഐഫോണ്‍ വരെയും ഹൈടെക് യന്ത്രങ്ങള്‍ വരെയുള്ളവയുടെയും നിര്‍മാണത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഈ രാജ്യങ്ങളെ ആശ്രയിക്കാതെ പുതിയ സ്രോതസ്സുകള്‍ കണ്ടെത്തുന്നത് ഉടനടി നടക്കുന്ന കാര്യമല്ലെന്നും ഈ പ്രതിസന്ധിയില്‍ ചെറുകിട കമ്പനികള്‍ക്ക് അടിതെറ്റുമെന്നുമാണ് യു.എസ് കോര്‍ണെല്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ ഈശ്വര്‍ പ്രസാദിന്റെ നിരീക്ഷണം.
ഗള്‍ഫ് രാജ്യങ്ങളിലേക്കും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ യു.എ.ഇ യിലെ സ്‌കൂളുകള്‍ ഒരു മാസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാര്‍ച്ച് എട്ട് മുതല്‍ ഒരു മാസത്തേക്ക് അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. വിദ്യാലയങ്ങളുടെ വേനലവധി നേരത്തേ ആക്കുകയാണെന്നാണ് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.
ഫ്രാന്‍സില്‍ 120 സ്‌കൂളുകളാണ് അടച്ചിട്ടത്. ചൈന, ജപ്പാന്‍, വിയറ്റ്നാം, മംഗോളിയ, ഇറാന്‍, പാക്കിസ്ഥാന്‍, ഇറാഖ്, ഇറ്റലി, ന്യൂയോര്‍ക്ക് തുടങ്ങി നിരവധി രാജ്യങ്ങളിലായി ലക്ഷക്കണക്കിന് കുട്ടികള്‍ക്കാണ് പഠിപ്പു മുടങ്ങിയത്.