| Friday, 24th April 2020, 9:02 am

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ ബ്രിട്ടനും, വാക്‌സിന്‍ മനുഷ്യരില്‍ കുത്തി വെച്ച് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി 

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 നെതിരായ വാക്‌സിന്‍ പരീക്ഷണം നടത്തി ബ്രിട്ടനിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും. രണ്ടു പേരില്‍ വാക്‌സിന്‍ കുത്തിവെച്ചു. 800 ഓളം പേരിലാണ് പരീക്ഷണം നടത്താന്‍ പോവുന്നത്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിനോളജി പ്രൊഫസറായ സാറാ ഗില്‍ബെര്‍ട്ട് ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

മൂന്ന് മാസത്തെ  ശ്രമങ്ങള്‍ക്കൊടുവിലാണ് വാക്‌സിന്‍ വികസിപ്പിച്ചത്.
‘വ്യക്തിപരമായി എനിക്ക് വളരെയധികം പ്രതീക്ഷയുണ്ട് ഈ വാക്‌സിനില്‍,’ സാറ ഗില്‍ബെര്‍ട്ട് പറഞ്ഞു.നേരത്തെ വാക്‌സിനില്‍ തനിക്ക് 80 ശതമാനം പ്രതീക്ഷയുണ്ടെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള പ്രവചനങ്ങള്‍ നടത്തുന്നില്ലെന്നും ശുഭാപ്തി വിശ്വാസമുണ്ടെന്നുമാണ് സാറ പറയുന്നത്.

‘ഞാനൊരു ശാസ്ത്രജ്ഞയാണ് അതിനാല്‍ ശാസ്ത്ര പ്രവര്‍ത്തനങ്ങളെ കഴിയുന്നിടത്തെല്ലാം പിന്തുണയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ വാക്‌സിന്‍ കുത്തിവെച്ച രണ്ടു പേരില്‍ ഒരാളായ എലിസ ഗ്രനറ്റൊ പറഞ്ഞു.
ചിമ്പാന്‍സികളില്‍ നിന്നും എടുത്ത ഒരു സാധാരണ വൈറസിന്റെ ദുര്‍ബലമായ പതിപ്പില്‍  നിന്നാണ് വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്.

അഡിനൊവൈറസ് എന്ന ഈ വൈറസ് മനുഷ്യരില്‍ പടരാന്‍ കഴിയാത്ത വിധം പരിഷ്‌കരിച്ചിട്ടുണ്ട്.  പരീക്ഷണം വിജയിച്ചാല്‍ സെപ്റ്റംബറില്‍ 10 ലക്ഷം വാക്‌സിനുകള്‍ നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മറ്റൊരു വിഭാഗം കൊറോണ വൈറസില്‍ നിന്നും വരുന്ന മെര്‍സ് രോഗത്തിന് നിലവില്‍  ഓക്‌സ്‌ഫോഡ് വാക്‌സിന്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ അനുകൂല സൂചനയാണ് നല്‍കിയതെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more