| Friday, 3rd December 2021, 8:57 am

ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് ക്ഷീണം പോലെയുള്ള ചെറിയ ലക്ഷണങ്ങളെന്ന് ആഫ്രിക്കന്‍ ആരോഗ്യ വിദഗ്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജൊഹന്നാസ്ബര്‍ഗ്: ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ ക്ഷീണവും, ശരീരവേദനയും പോലെ ചെറിയ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വിദഗ്ദര്‍. രോഗികളായവരില്‍ ചിലര്‍ക്ക് തലവേദനയും ക്ഷീണവും അനുഭവപ്പെട്ടു. എന്നാല്‍ രുചിയില്ലായ്‌മോ മണമില്ലായ്മയോ അമിത താപനിലയോ വന്നില്ലെന്നും ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു.

ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ ഒറ്റദിവസം കൊണ്ട് വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. രണ്ടാഴ്ച മുമ്പ് 300 പ്രതിദിന കൊവിഡ് രോഗികള്‍ ഉണ്ടായിരുന്നിടത്ത് 10,000 രോഗികളായി വര്‍ധിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കൊവിഡ് നിയന്ത്രണങ്ങള്‍ ദക്ഷിണാഫ്രിക്ക കര്‍ശനമാക്കി.

അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. കര്‍ണാടകയിലാണ് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗികളില്‍ ഒരാള്‍ക്ക് 66 വയസ്സും മറ്റേയാള്‍ക്ക് 46 വയസ്സുമാണ്. നവംബര്‍ 20ന് ദുബായ് വഴി ബംഗളൂരു വിമാനത്താവളത്തിലെത്തിയ 66 കാരനായ വിദേശിക്കാണ് ആദ്യം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ആരോഗ്യപ്രവര്‍ത്തകനായ ബംഗളൂരു സ്വദേശിയാണ് രണ്ടാമന്‍.

നവംബര്‍ 11, 20 തീയതികളിലാണ് ഇരുവരും കൊവിഡ് പരിശോധന നടത്തിയത്. അമേരിക്കയിലും ആദ്യ ഒമിക്രോണ്‍ കേസ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ഉള്‍പ്പെടെ 30 ഓളം രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more