കൊവിഡ്-19 നില്‍ മരിച്ചവര്‍ക്ക് രാജ്യവ്യാപകമായി അനുശോചനം നടത്തി ചൈനീസ് ജനത; മൂന്ന് മിനുട്ട് രാജ്യം നിശബ്ദം
COVID-19
കൊവിഡ്-19 നില്‍ മരിച്ചവര്‍ക്ക് രാജ്യവ്യാപകമായി അനുശോചനം നടത്തി ചൈനീസ് ജനത; മൂന്ന് മിനുട്ട് രാജ്യം നിശബ്ദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th April 2020, 9:59 am

ബീജിങ്: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് ചൈനീസ് ജനത. മൂന്ന് മിനുട്ട് രാജ്യത്തെ പൗരന്‍മാര്‍ മുഴുവന്‍ നിശബ്ദമായി എഴുന്നേറ്റ് നിന്നാണ് അനുശോചനം അര്‍പ്പിച്ചത്. തുടര്‍ന്ന് ആദര സൂചകമായി കാറുകളും ട്രെയിനുകളുടെയും ഹോണുകള്‍ മുഴക്കി. അനുശോചനത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും പങ്കുകൊണ്ടു.

കൊവിഡ് ബാധിച്ച് മരിച്ച പൗരന്‍മാര്‍ക്കും ചികിത്സക്കിടെ രാജ്യത്തെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദരം അര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ ആദ്യമായി കൊവിഡ്-19 സ്ഥിരീകരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2567 പേരാണ് വുഹാനില്‍ കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. ചൈനയിലൊട്ടാകെ 3300 പേര്‍ മരിക്കുകയും ചെയ്തു. ചൈനയ്ക്ക് പിന്നാലെ ലോകവ്യാപകമായി കൊവിഡ് പടര്‍ന്നു പിടിക്കുകയും 58000 പേര്‍ ആഗോളതലത്തില്‍ മരിക്കുകയും ചെയ്തു. 10 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 226000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

അമേരിക്കയില്‍ സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണ്. ഇതുവരെ 2,73,880 കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1480 കൊവിഡ് മരണങ്ങളാണ്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,406 ആയി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്പെയിനിലും ഇറ്റലിയിലും മരണ സംഖ്യ ഉയരുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ ഇതുവരെ 13,900 പേരാണ് മരിച്ചത്. എന്നാല്‍, രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ നേരിയ കുറവ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.