| Wednesday, 29th January 2020, 11:52 am

കൊറോണ വൈറസ് രോഗവ്യാപനം തടയാനുള്ള നിര്‍ണായക നീക്കവുമായി ആസ്‌ട്രേലിയ; വൈറസിനെ പുനസൃഷ്ടിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൈനയില്‍ 132 പേരുടെ മരണത്തിനിടയാക്കുകയും വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയും ചെയ്ത കൊറോണ വൈറസ് ബാധയെ നിയന്ത്രണവിധേയമാക്കാന്‍ പുതിയ നീക്കവുമായി ആസ്‌ട്രേലിയ.

കൊറോണ വൈറസിനെ പുനസൃഷ്ടിച്ച് അതിന്റെ വിവിധ ജെനിറ്റിക് കോഡുകള്‍ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറാനാണ് ആസ്‌ത്രേലിയന്‍ മെഡിക്കല്‍ വിദഗ്ദരുടെ തീരുമാനം. നേരത്തെ കൊറോണ വൈറസ് ശൃംഖലയില്‍ പെട്ട ഒരു വൈറസിനെ ചൈന പുനസൃഷ്ടിച്ചിരുന്നു.

മെല്‍ബണിലെ ലാബില്‍ കൊറോണ വൈറസ് ബാധിച്ച ഒരു വ്യക്തിയില്‍ നിന്നും ശേഖരിച്ച വെറസിന്റെ വളര്‍ച്ച നിരീക്ഷിച്ചു വരുകയായിരുന്നെന്നാണ് ഗവേഷകര്‍ പറയുന്നത്.

കൊറോണ വൈറസിനെ തുരത്താനുള്ള ശ്രമത്തിലെ നിര്‍ണായക നീക്കമാണിതെന്നാണ് ആസ്‌ട്രേലിയന്‍ ഡോകടര്‍മാര്‍ അവകാശപ്പെടുന്നത്.

കൊറോണ വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ പറ്റാത്തതിനുള്ള പ്രധാന കാരണം വൈറസ് ഒരാളുടെ ശരീരത്തിലെത്തിയ ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നതാണ്. ആ ഘട്ടത്തിലാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുകയും ചെയ്യുക.
കൊറോണ വൈറസിനെ ലാബില്‍ പുനസൃഷ്ടിക്കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാനാവുമെന്നും കരുതുന്നു.

അതേ സമയം എങ്ങനെയാണ് കൊറോണ വൈറസ് പകരുന്നത് എന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് ആശയക്കുഴപ്പമുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചൈനയില്‍ കൊറോണ വൈറസ് ബാധമൂലം മരണപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെയാണ് ആസ്‌ത്രേലിയയുടെ നീക്കം.

132 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണപ്പെട്ടത്. സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലാണ് പുതുതായി 25 പേര്‍കൂടി മരണപ്പെട്ടത്. 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ സ്ഥരീകരിച്ചു. ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 5300 ആയി.

കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ 50 മില്യണ്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്ന വൈറസ് ബാധ തടയാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.

വുഹാന്‍ നഗരത്തിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ജപ്പാന്‍ തങ്ങളുടെ 200 പൗരന്മാരെയും യു.എസ് 240 പൗരന്മാരെയും വിമാനമാര്‍ഗം ചൈനയില്‍ നിന്ന് പുറത്തെത്തിച്ചു.
ഫ്രാന്‍സും തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ 16 രാജ്യങ്ങളിലായി 47 കൊറോണ വൈറസ് രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേ സമയം ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇതു വരെ കൊറോണ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജര്‍മ്മനി, ജപ്പാന്‍, തായ്ലാന്‍ഡ്, ദക്ഷിണകൊറിയ, ആസ്‌ത്രേലിയ, വിയറ്റ്നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more