കൊവിഡ് പോരാട്ടത്തിനായി മലയാളി നഴ്‌സുമാര്‍ വിദേശത്തേക്കും; ആദ്യ സംഘം യു.എ.ഇ യിലെത്തി
Gulf
കൊവിഡ് പോരാട്ടത്തിനായി മലയാളി നഴ്‌സുമാര്‍ വിദേശത്തേക്കും; ആദ്യ സംഘം യു.എ.ഇ യിലെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th May 2020, 9:00 am

ദുബായ്: കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ യു.എ.ഇ.യെ സഹായിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള 88 ഐ.സി.യു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) നേഴ്സുമാരുടെ ആദ്യ ബാച്ച് ശനിയാഴ്ച രാത്രി ദുബായിലെത്തി.

കേരളം, കര്‍ണാടക, മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേഴ്‌സുമാരാണ് ആദ്യബാച്ചിലുള്ളത്. സംഘത്തില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാരാണ്.

88 പേരാണ് സംഘത്തിലുള്ളത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇവര്‍ ദുബായിലെത്തിയത്. കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ എയര്‍പോര്‍ട്ടിന് പുറത്തു കടന്നത്. യു.എ.ഇ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥനപ്രകാരമാണ് ഇന്ത്യന്‍ സംഘം ദുബായിലെത്തിയത്.

”ഈ സംരംഭം ഇന്ത്യയും യു.എ.ഇ യും തമ്മില്‍ നിലനില്‍ക്കുന്ന വിശ്വസനീയമായ ബന്ധത്തെയും പരസ്പരം പിന്തുണയ്ക്കാന്‍ ഇരു രാജ്യങ്ങളും കാണിക്കുന്ന പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു,” ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു,

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും യു.എ.ഇയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെയും അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും പിന്തുണയോടെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് നേഴ്‌സുമാരെ ദുബായിലെത്തിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക