| Saturday, 12th December 2020, 3:50 pm

ഒരു ദീർഘനിശ്വാസമെടുക്കുക, എന്നിട്ട് പുതിയൊരു ലോകം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിലേയ്‌ക്ക് മടങ്ങുക | വിജയ് പ്രഷാദ്

വിജയ് പ്രഷാദ്

ഒടുവിൽ, ഒരുപാട് അനിശ്ചിതത്വങ്ങൾക്ക് ശേഷം, 1917 ഒക്ടോബർ വിപ്ലവത്തിന്റെ വാർഷികത്തിൽ, 7 കോടി വോട്ടുകൾ നേടിയിട്ടും താൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വ്യക്തമായിരിക്കുന്നു. അദ്ദേഹത്തിന്റെ എതിരാളിയായ ജോ ബൈഡൻ നാലു പതിറ്റാണ്ടായി പൊതുരംഗത്ത് ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചും മറ്റും സജീവമാണ്. അദ്ദേഹത്തിന്റെ ചരിത്രം നമ്മുടെ മുമ്പിലുള്ളതുകൊണ്ടു തന്നെ അദ്ദേഹത്തെപ്പറ്റി നമ്മൾ മിഥ്യാധാരണകൾ വച്ചുപുലർത്തേണ്ട കാര്യമില്ല.

എന്നാൽ ഇത് ബൈഡന് വേണ്ടിയുള്ള ഒരു തെരഞ്ഞെടുപ്പെന്നതിനേക്കാൾ ട്രംപിനെതിരായ ഒരു തെരഞ്ഞെടുപ്പ് മാത്രമായിരുന്നു. അതിലുമുപരിയായി, വംശീയതയിലും സ്ത്രീവിരുദ്ധതയിലും അത്തരം അധികാര ശ്രേണികളെ സമൂഹത്തിന് മേൽ പ്രതിഷ്ഠിക്കുന്ന മറ്റ് നികൃഷ്ടമായ സാമൂഹിക സവിശേഷതകളിലുമെല്ലാം സ്ഥാപിതമായ ട്രംപിന്റെ അജണ്ട പ്രചരിപ്പിക്കുന്നതിൽ ആഹ്ലാദഭരിതരായ ലോകമെമ്പാടുമുള്ള നവ ഫാസിസ്റ്റുകൾക്കെതിരായ ഒരു ജനകീയ വോട്ടായിരുന്നു അത്.

ട്രംപിന്റെ തെരഞ്ഞെടുപ്പു പരാജയം ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രസീലിൽ പ്രസിഡന്റ് ഷായീർ ബോൾസൊനാരോ തുടങ്ങിയവരെ ഉടനടി ബാധിക്കില്ല. മഹാമാരിയുടെ സമയത്ത് അത്രമേൽ മോശം പ്രകടനം കാഴ്ചവച്ചിട്ടും ഇരുവരുടെയും ജനപ്രീതിയിൽ വർധനവാണുണ്ടായത്. എന്നിരുന്നാലും, അങ്ങേയറ്റം വിഷലിപ്തമായ അവരുടെ ചിന്താഗതി വൈറ്റ് ഹൗസിന്റെ പ്രസംഗപീഠത്തിൽ നിന്ന് പ്രക്ഷേപണം ചെയ്യപ്പെടാൻ പോകുന്നില്ല.

ഡൊണാള്‍ഡ് ട്രംപ്

പ്രസിഡന്റ് ബൈഡൻ വൈറ്റ് ഹൗസിന്റെ ചുവരുകളിൽ നിന്നും അത്തരം ചിന്താഗതികളുടെ വിഷലിപ്തത മായിച്ചുകളഞ്ഞേക്കാം. എന്നാൽ വടക്കൻ അറ്റ്ലാന്റിക് രാജ്യങ്ങളിലെ വരേണ്യവർഗത്തിനും അവർ നിയന്ത്രിക്കുന്ന അന്തർദേശീയ കോർപ്പറേഷനുകൾക്കും വേണ്ടി യു.എസ് സർക്കാർ ലോകത്തിനു മേൽ വളരെ ‘സാധാരണ’മെന്നപോൽ നടത്തിയിട്ടുള്ള ഭീകരത അങ്ങനെ മായിക്കപ്പെടില്ല.

2021 ജനുവരിയിൽ മുതൽ ആരംഭിക്കാനിരിക്കുന്ന  ബൈഡൻ കാലഘട്ടത്തെക്കുറിച്ച് വ്യാമോഹങ്ങളൊന്നും ഉണ്ടാകേണ്ടതില്ല. പ്രധാനപ്പെട്ട പല വിഷയങ്ങളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. ക്യൂബ, ഇറാൻ, വെനെസ്വേല തുടങ്ങിയ രാജ്യങ്ങൾക്കെതിരായ നിയമവിരുദ്ധമായ ഉപരോധം, പലസ്തീനെ ഉന്മൂലനം ചെയ്യാനുള്ള ഇസ്രായേൽ പദ്ധതിയോടുള്ള പൂർണമായ വിശ്വസ്‌തത, ചൈനയ്‌ക്കെതിരായ വ്യാപാര യുദ്ധം, അസമത്വത്തിന്റെ വർധനവിനോടും സമ്പൂർണമായ സാമൂഹിക ശിഥിലീകരണത്തോടുമുള്ള നിസ്സംഗത, ഫോസിൽ-ഇതര ഇന്ധനങ്ങളിലേയ്‌ക്ക് യു‌.എസിനെ വഴിതിരിക്കുന്നതിനുള്ള വൈമനസ്യം എന്നീ കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നില്ല.

ബൈഡനും അദ്ദേഹത്തിന്റെ വൈസ് പ്രസിഡൻ്റ് കമല ഹാരിസും ‘ബഹുസ്വരത’യുടെ ഭാഷ സംസാരിക്കും. പക്ഷേ അതേ ഭാഷ തന്നെ അവർ ജി-7, നാറ്റോ എന്നിവയിലൂടെ ഭൂഗോളത്തിന്റെ മറ്റു ഭാഗങ്ങൾക്കുമേലുള്ള വടക്കൻ അറ്റ്ലാന്റിക് സഖ്യവ്യവസ്ഥയുടെ ആധിപത്യം ശക്തിപ്പെടുത്തുന്നതിന്  ഉപയോഗിക്കും. സെനറ്റർ മൈക്ക് മക്കോണലിന്റെ യാഥാസ്ഥിതിക ബോധം നിയന്ത്രിക്കുന്ന ഒരു റിപ്പബ്ലിക്കൻ സെനറ്റിന്റെ അതിരുകൾക്കകത്തു നിന്ന് പ്രസിഡന്റ് ബൈഡൻ ശക്തിയാർജ്ജിക്കുന്ന ചൈനയ്‌ക്കെതിരായ യു.എസ് വരേണ്യവർഗത്തിന്റെ താത്പര്യങ്ങൾക്ക് കുഴലൂതുന്നത് തുടരും. ചരിത്രം നമ്മെ അമിതമായി പ്രതീക്ഷാഭരിതരായിരിക്കാൻ അനുവദിക്കുന്നില്ല. ലോകത്തെ മാന്യതയിലേയ്ക്കും സമത്വത്തിലേയ്ക്കും ഉയർത്താനുള്ള നമ്മുടെ മഹത്തായ പോരാട്ടം തുടരുകയാണ്.

ജോ ബൈഡനും കമല ഹാരിസും

“നമ്മൾ സാധാരണ നിലയിലേയ്ക്ക് മടങ്ങില്ല, കാരണം ആ സാധാരണ നിലയായിരുന്നു നമ്മുടെ പ്രശ്നം”, കഴിഞ്ഞ വർഷം ചിലെയിൽ പ്രതിഷേധക്കാർ പറഞ്ഞു. കൂടാതെ, മഹാമാരിയുടെ പശ്ചാത്തലത്തിൽ സാധാരണ നിലയിലേയ്ക്കുള്ള തിരിച്ചുപോക്ക് സാധ്യവുമല്ല. കഴിഞ്ഞ മാസം അവസാനത്തോടെ യു.എൻ വനിതാ വിഭാഗത്തിന്റെ എക്സിക്യുട്ടിവ് ഡയറക്ടർ ഫുംസിലെ മ്ലാംബോ-എൻ‌ഗുക മഹാമാരി എങ്ങനെയാണ് ലോകമെമ്പാടുമുള്ള സ്ത്രീകളെ ബാധിച്ചത് എന്നതിനെക്കുറിച്ച് ശക്തമായ ഒരു ലേഖനം എഴുതി.

യു.എൻ വനിതാ വിഭാഗത്തിന്റെ ഗവേഷണത്തിൽ കോവിഡ്-19 ന്റെ ഫലമായി 2021-ൽ മാത്രം 4.7 കോടി സ്ത്രീകളും പെൺകുട്ടികളും കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടേക്കാമെന്ന് കണ്ടെത്തി. അതോടുകൂടി കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന സ്‌ത്രീകളുടെയും പെൺ‌കുട്ടികളുടെയും മൊത്തം എണ്ണം 43.5 കോടിയായി ഉയരും. “നിശ്ചയദാർഢ്യത്തോടെയും ലക്ഷ്യബോധത്തോടെയുമുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ ഇതിന്റെ ഫലമായി പോകുന്ന പ്രയാസങ്ങൾ ആഴത്തിലുള്ളതായിരിക്കും,” അവർ എഴുതി. 

ഫുംസിലെ മ്ലാംബോ-എൻ‌ഗുക

നവംബറിൽ, ട്രൈക്കോണ്ടിനെന്റൽ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് CoronaShock and Patriarchy (കൊറോണ ആഘാതവും ആൺകോയ്മയും) എന്ന പേരിൽ ഒരു പഠനം പ്രസിദ്ധീകരിച്ചു.  മഹാമാരിയുടെയും മഹാ ലോക്ക്ഡൗണിന്റെയും ലിംഗപരമായ അനന്തരഫലങ്ങൾ എന്തൊക്കെയാണെന്ന് ഈ പഠനം പരിശോധിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടർ റെനാത്താ പോർത്തോ ബുഗ്നിയുടെ ഏകോപനത്തിൽ അർജന്റീന, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, യു.‌എസ് എന്നിവിടങ്ങളിലെ ഞങ്ങളുടെ ടീമംഗങ്ങളിൽ ഒരു സംഘമാണ് നാഴികക്കല്ലായ ഈ പഠനം ഗവേഷണം നടത്തി തയ്യാറാക്കിയത്.

ബ്രസീലിലെ World March of Women , ചിലെയിലെ 88M Feminist Coordination , ദക്ഷിണാഫ്രിക്കയിലെ Young Nurses Indaba Trade Union, Abahlali baseMjondolo എന്നിവ, ഇന്ത്യയിലെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, അർജന്റീനയിലെ Union of Workers of the Popular Economy (UTEP), യു.എൻ വനിതാ വിഭാഗം (U.N Women) തുടങ്ങിയവയുടെ പഠനങ്ങളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ മഹാമാരിയുടെ സാമൂഹിക ആഘാതത്തെക്കുറിച്ച്, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിൽ ഉണ്ടായ ആഘാത്തെക്കുറിച്ച്, ഞാൻ വായിച്ച ഏറ്റവും സമഗ്രമായ റിപ്പോർട്ടുകളിൽ ഒന്നാണിത്.

മൂന്ന് ഭാഗങ്ങളായിട്ടാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. മഹാ ലോക്ക്ഡൗൺ മൂലം തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് ഉണ്ടായ സാമ്പത്തിക തകർച്ചയെക്കുറിച്ച് ആദ്യ ഭാഗം വിശദീകരിക്കുന്നു. കൂടാതെ സ്ത്രീകൾക്ക് – അവരിൽ പലരും മാന്ദ്യത്തിൽ ജോലി നഷ്ടപ്പെട്ടവരാണ് – തിരിച്ചറിയപ്പെടാത്ത അധിക പരിചരണ പ്രവർത്തനങ്ങൾ വീട്ടിൽ ഏറ്റെടുക്കേണ്ടിവന്നത് എങ്ങനെയെന്ന് കാണിക്കുന്നു.

അനൗപചാരിക തൊഴിലാളികളും എൽ.ജി.ബി.ടി.ക്യു.ഐ+ ആളുകളും പോലെ ആഗോള പുരുഷാധിപത്യ സമ്പദ്‌വ്യവസ്ഥയാൽ പാർശ്വവൽക്കരിക്കപ്പെട്ടവർ നേരിടുന്ന ചില വെല്ലുവിളികളെക്കുറിച്ചും പഠനം വിശദീകരിക്കുന്നു. ഈ പ്രതിസന്ധിയുടെ ഒരു പ്രധാന അനന്തരഫലമാണ് ദാരിദ്ര്യത്തിന്റെ സ്ത്രീവൽക്കരണം. സ്ത്രീകൾക്ക് ജോലി നഷ്‌ടപ്പെടുന്നതു മാത്രമല്ല, ഇന്ത്യ മുതൽ ബ്രസീൽ വരെയുള്ള രാജ്യങ്ങളിൽ വലിയ തോതിൽ തൊഴിലാളികൾ നാടുവിടാൻ നിർബന്ധിക്കപ്പെടുന്നതും ദരിദ്രരെ അവരുടെ വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കുന്നതും നമ്മൾ കണ്ടു. ഈ പ്രക്ഷുബ്ധതയുടെ സാമൂഹിക ഭാരം പ്രധാനമായും തൊഴിലാളി വർഗ സ്ത്രീകളുടെ ചുമലിലാണ് പതിക്കുന്നത്. 

പഠനത്തിന്റെ രണ്ടാം ഭാഗത്ത് ഞങ്ങളുടെ ടീം ശ്രദ്ധ കേന്ദ്രീകരിച്ചത് എങ്ങനെയാണ് പരിചരണ ജോലികളുടെയും പുനരുല്പാദനപരമായ ജോലികളുടെയും ഭാരം കൂടുതലും സ്ത്രീകളിൽ പതിക്കുന്നത് എന്നതിലാണ്. “ആഗോള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണ് പരിചരണ സമ്പദ്‌വ്യവസ്ഥ (കെയർ എക്കണോമി) എന്ന് ഫെമിനിസ്റ്റുകൾ വർഷങ്ങളായി പറയുന്നുണ്ട്,” യുഎൻ വനിതാ വിഭാഗത്തിലെ മ്ലാംബോ-എൻ‌ഗുക എഴുതി. “ഇപ്പോൾ, കോവിഡ്-19 മുമ്പൊരിക്കലുമില്ലാത്തവിധം പരിചരണ സമ്പദ്‌വ്യവസ്ഥയെ പൊതുബോധത്തിലേക്ക് പ്രതിഷ്ഠിച്ചിട്ടുണ്ട്”. ഈ കാഴ്ചപ്പാടിനെ സ്ഥിരീകരിക്കുകയും പൊതുവെ ‘അദൃശ്യമായ’ ഈ ജോലികൾക്ക് പ്രതിഫലം നൽകുകയോ അല്ലെങ്കിൽ ശിശു പരിപാലനത്തിനും പ്രായമേറിയവരുടെ പരിചരണത്തിനുമായി അയൽപക്ക സഹകരണസംഘങ്ങൾ സൃഷ്ടിക്കുന്നതിലൂടെ അതിനെ സാമൂഹികവൽക്കരിക്കുകയോ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള നമ്മുടെ ആലോചനകളെ ഈ പഠനം മുന്നോട്ട് കൊണ്ടുപോവുകയാണ്. 

“പരിചരണത്തിന്റെ ലഭ്യത ഒരു വിശേഷാവകാശം ആയിരിക്കുന്നത് അവസാനിച്ച് അതൊരു മനുഷ്യാവകാശമായി മാറണം,” റെനാത്താ പോർത്തോ ബുഗ്നി എന്നോട് പറഞ്ഞു. “മറ്റെന്തിനെക്കാളും,  ഈ പരിചരണ ജോലികളെ കുടുംബത്തിന്റെ ലിംഗപരമായ ബാധ്യത എന്നതിൽ നിന്ന് പറിച്ച് സാമൂഹിക മേഖലയിലേയ്ക്ക് പ്രതിഷ്ഠിക്കേണ്ടതുണ്ട്,” അവർ കൂട്ടിച്ചേർത്തു.

മഹാ ലോക്ക്ഡൗൺ കാലത്ത് വർധിച്ചുവന്ന പുരുഷാധിപത്യ അക്രമത്തെ ഒരു ‘നിഴൽ മഹാമാരി’ ആയി കണക്കാക്കുന്ന ഒരു ചർച്ചയുടെ ആരംഭം നമ്മൾ ഇതിനകം കണ്ടുകഴിഞ്ഞിട്ടുണ്ട്. പഠനത്തിന്റെ മൂന്നാം ഭാഗത്ത്, നീട്ടപ്പെട്ട ക്വാറന്റീൻ കാലയളവിലെ ഈ അക്രമത്തിന്റെ സങ്കീർണ്ണതയും സ്വഭാവവും ഞങ്ങളുടെ ടീം വിശദീകരിക്കുന്നു. നവ ഫാസിസ്റ്റുകളുടെ സ്ത്രീവിരുദ്ധമായ വാചാടോപത്തിനൊപ്പം വികസിത വ്യാവസായിക രാജ്യങ്ങളിലെ സാമൂഹിക ശൃംഖലകളുടെ അഭാവവും ചേർന്ന് “ദിനംപ്രതിയുള്ള ക്രൂരമായ അക്രമങ്ങൾക്കുള്ള ഫലഭൂയിഷ്ഠമായ ഭൂമിക” പ്രദാനം ചെയ്തുവെന്ന് പോർത്തോ ബുഗ്നി പറഞ്ഞു. 

പഠനത്തിന്റെ അവസാന വിഭാഗത്തിൽ ലോകമെമ്പാടുമുള്ള സംഘടനകളുടെ പോരാട്ടങ്ങളിൽ നിന്നെടുത്ത 18 ഫെമിനിസ്റ്റ് ആവശ്യങ്ങളുടെ പട്ടികയുണ്ട്. അനന്തമായി ലാഭം സ്വരൂപിക്കുന്നതിന്റെയും പുരുഷാധിപത്യത്തെ ഉപയോഗിച്ച് ആ ഉദ്യമം സുഗമമാക്കുന്നതിന്റെയും മേലേ മനുഷ്യരാശിയുടെയും ഭൂമിയുടെയും ക്ഷേമത്തെ പ്രതിഷ്ഠിക്കുന്നതാണ് ഈ പട്ടിക.

“സമൂഹം തകർച്ചയുടെ ഒരു നൂല്പാലത്തിലാണ്. ഭൂതകാലത്തിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ശ്രേണികളിൽ നിന്നും ദുരിതങ്ങളിൽ നിന്നും വിട്ടു പോരാനുള്ള സമയമാണിതെന്ന സന്ദേശം കൈമാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നു; ഭാവിക്ക് ആവശ്യമായ ഉട്ടോപ്യകൾ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” പോർത്തോ ബുഗ്നി പറഞ്ഞു.

പഠനത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് അർജന്റീനയിലെ സർക്കാരിലെ Women, Genders, and Diversity വകുപ്പു മന്ത്രി ഏലി ഗോമേസ് ആൽകോർത്തയാണ്. ലോകത്തെ ഒരു മെച്ചപ്പെട്ട ഇടമാക്കി മാറ്റാനുള്ള പോരാട്ടത്തിൽ പതിറ്റാണ്ടുകളായി ഭാഗമായിട്ടുള്ള അഭിഭാഷകയാണ് ഗോമേസ് ആൽകോർത്ത. അവരുടെ സ്വന്തം അനുഭവസമ്പത്തും അർജന്റീനയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭവവും ഏന്തിക്കൊണ്ട് ശക്തമായൊരു അവതാരികയാണ് ഞങ്ങളുടെ പഠനത്തിന് അവർ എഴുതിയത്. 

ഏലി ഗോമേസ് ആൽകോർത്ത

കോവിഡ്-19 മഹാമാരി കുറച്ചുകാലമായി ഫെമിനിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ പറയുന്ന പല കാര്യങ്ങൾക്കും ദൃശ്യതയും വ്യക്തതയും കൊണ്ടുവന്നിരിക്കുകയാണ്. ഒന്നാമതായി, വളരെ ‘സാധാരണം’ അല്ലെങ്കിൽ ‘സ്വാഭാവികം’ എന്ന മട്ടിൽ അസമത്വത്തിന്റെയും പുറംതള്ളലിന്റെയും വെറുപ്പിന്റെയും വിവേചനത്തിന്റെയും അങ്ങേയറ്റം വികൃതവും അഭൂതപൂർവവുമായ തലങ്ങളിൽ എത്തിച്ചേർന്ന ഒരു വ്യവസ്ഥിതിയിലാണ് നാം ജീവിക്കുന്നത്.

ഈ ‘സ്വാഭാവികത’ അവസാനിപ്പിച്ചില്ലെങ്കിൽ, ഭൂഗോളത്തിന്റെയും മനുഷ്യരാശിയുടെയും നാശത്തിലേയ്ക്ക് നാം നേരെ നടന്ന് നീങ്ങും എന്ന് പറയുന്നത് അതിശയോക്തി ആവില്ല. രണ്ടാമതായി, ആഗോള തലത്തിൽ, കോവിഡ്-19 ഭരണകൂടത്തിന്റെ പ്രാധാന്യം വ്യക്തമാക്കുകയും സർക്കാർ ഇടപെടലിന്റെ ആവശ്യകതയിലേയ്‌ക്ക് വീണ്ടും വെളിച്ചം വീശുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ അല്ല, മറിച്ച് ജനങ്ങളെയും ആരോഗ്യത്തെയും പരിപാലിക്കുകയും ജീവൻ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഭരണകൂട ഇടപെടൽ. മുമ്പൊരിക്കലുമില്ലാത്തവിധം പരിചരണ പ്രവർത്തനങ്ങളെ മഹാമാരി പൊതുശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ്. ചരിത്രപരമായി സ്ത്രീകളിൽ കെട്ടിയേൽപ്പിച്ച, സാമൂഹികവും സാമ്പത്തികവുമായി വിലകുറച്ച് കാണിക്കപ്പെട്ട, എന്നാൽ ഒട്ടും സുരക്ഷയില്ലാത്ത ജോലികളിലേയ്ക്ക് അത് വെളിച്ചം വീശുന്നു.

നമുക്ക് മുമ്പ് നടന്ന പോരാട്ടങ്ങളുടെയും നമ്മുടെ Patria Grande-യിലെയും (‘Great Homeland’, ‘മഹത്തായ മാതൃഭൂമി’) ലോകത്തെയും സഹോദരിമാരുടെയും ചുമലിൽ നിൽക്കുമ്പോൾ, ഈ പ്രതിസന്ധിയിൽ നിന്ന് അതിജീവിച്ച് ഇപ്പോഴത്തെ അവസ്ഥയെക്കാൾ മെച്ചപ്പെട്ട ഒന്നിലേയ്‌ക്ക് ഉയർന്നു വരാൻ നമ്മൾ പ്രവർത്തിക്കണം. എല്ലാം സംവാദത്തിന് വിധേയമാക്കാൻ, പ്രസ്തുത സംവാദം ജനകീയവും പുരോഗമനപരവും ഫെമിനിസ്റ്റുമായ സമവായത്തിൽ നിന്നും ഉരുത്തിരിയുന്നുവെന്ന് ഉറപ്പാക്കുവാനും നമ്മൾ സജ്ജരാകണം. 

കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ച് നടന്നുവരുന്ന സാമ്രാജ്യത്വവിരുദ്ധ പോസ്റ്റർ പ്രദർശനത്തിന്റെ നാലാമത്തെയും അവസാനത്തെയും പ്രദർശനം ‘Hybrid War’ (സങ്കര യുദ്ധം) എന്ന വിഷയത്തിലാണ്. യു.എസിന്റെ നേതൃത്വത്തിൽ സാമ്രാജ്യത്വശക്തികൾ അടിച്ചേൽപ്പിച്ച ക്രൂരമായ സങ്കര യുദ്ധത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടിയ വെനെസ്വേലയിൽ നടക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആഴ്ചയിൽ എക്സിബിഷൻ ആരംഭിച്ചുകഴിഞ്ഞു. മെച്ചപ്പെട്ട ലോകത്തിലേയ്ക്കുള്ള വഴികളെല്ലാം സമരങ്ങളുടേതാണ്. 

(Tricontinental: Institute for Social Researchന്റെഎക്സിക്യൂട്ടീവ്ഡയറക്ടറാണ്ചരിത്രകാരനുംപത്രപ്രവർത്തകനുമായവിജയ്പ്രഷാദ്ട്രൈക്കോണ്ടിനെന്റലിന്റെ 2020-ലെനാൽപ്പത്തിആറാമത്തെന്യൂസ്ലെറ്ററിന്റെപരിഭാഷയാണിത്.)

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Coronashock and patriarchy – Tricontinental Studies Report – Vijay Prashad Writes

വിജയ് പ്രഷാദ്

ചരിത്രകാരന്‍, മാര്‍ക്‌സിസ്റ്റ് ചിന്തകന്‍

We use cookies to give you the best possible experience. Learn more