| Sunday, 23rd August 2020, 7:35 am

'കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴും ഉണ്ടാകും; ആവശ്യം ആഗോള വാക്‌സിനേഷന്‍': യു.കെയിലെ ശാസ്ത്രജ്ഞന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് യു.കെയിലെ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ മനുഷ്യരുടെ കൂടെ എപ്പോഴും വൈറസ് നിലനില്‍ക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

യു.കെ സര്‍ക്കാരിന്റെ ശാസ്ത്ര ഉപേദേശക സമിതിയായ സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് അംഗമായ സര്‍ മാര്‍ക് വാല്‍പോര്‍ട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബി.ബി.സിയുടെ റേഡിയോ 4 നോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റ പുതിയ കണ്ടെത്തല്‍.

പെട്ടെന്ന് കൊറോണയെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കൃത്യമായ ഇടവേളകളില്‍ വാക്‌സിനേഷന്‍ നടത്തി മാത്രമേ ഇതിനെ തടയാന്‍ സാധിക്കുകയുള്ളൂ- സര്‍ മാര്‍ക് വാല്‍പോര്‍ട്ട് പറഞ്ഞു.

ഇന്ന് ലോകത്തിലെ ജനസംഖ്യ 1918 ന് സമാനമല്ല. സ്പാനിഷ് ഫ്‌ളു പടര്‍ന്നുപിടിച്ച സമയത്തെ ജനസംഖ്യയെക്കാള്‍ അനേക മടങ്ങ് ഇരട്ടിയാണ് ഇന്നത്തെ ജനസംഖ്യ. ഇത് വൈറസ് പടരുന്നതിന് കാരണമാകും. സ്പാനിഷ് ഫ്‌ളുവിനെ തുടച്ചുനീക്കാന്‍ രണ്ട് വര്‍ഷമാണ് എടുത്തത്. എന്നാല്‍ കൊറോണയുടെ കാര്യത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമല്ല. കൊവിഡിനെ നിയന്ത്രിക്കാന്‍ ആഗോള വാക്‌സിനേഷന്‍ വേണം-മാര്‍ക്ക് വ്യക്തമാക്കി.

8 ലക്ഷം പേരാണ് ഇതുവരെ കൊറോണ വൈറസ് മൂലം ലോകമാകെ മരിച്ചത്. 2.3 കോടി ആളുകളാണ് ഇതുവരെ രോഗബാധിതരായിട്ടുള്ളത്.

കൊറോണ വൈറസിനെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മാര്‍ക് വാല്‍പോര്‍ട്ടിന്റെ നിര്‍ദ്ദേശം പുറത്തുവന്നത്.

കൊറോണ വൈറസിനെ രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. ഏറെ ദുരിതം വിതച്ച സ്പാനിഷ് ഫ്ളുവിനെ തുടച്ചുനീക്കാനെടുത്തയത്രയും സമയം കൊവിഡിന് ഉണ്ടാകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

‘രണ്ട് വര്‍ഷത്തിനുള്ളില്‍ കൊവിഡ് 19 നെ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളവത്കരണവും രാജ്യങ്ങള്‍ തമ്മിലുള്ള അടുപ്പവും രോഗം ലോകത്താകമാനം പടരാന്‍ കാരണമായി. അതേസമയം ഇന്ന് സാങ്കേതികത ഏറെ മുന്നിലാണ്. വാക്സിന്‍ പോലുള്ള നൂതന സങ്കേതങ്ങളുപയോഗിച്ച് ഏകദേശം രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ കൊവിഡിനെ ഇല്ലാതാക്കാന്‍ കഴിയും. 1918 ല്‍ ലോകത്തെ ഭയപ്പെടുത്തിയ സ്പാനിഷ് ഫ്ളുവിനെ നിര്‍മാര്‍ജനം ചെയ്തതിനെക്കാള്‍ വേഗത്തില്‍ നമുക്ക് കൊറോണയെ തുരത്താനാകും’- ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെട്രോസ് അഥനോം ഗബ്രിയേസൂസ് പറഞ്ഞു.

ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധിയെന്നാണ് സ്പാനിഷ് ഇന്‍ഫ്ളുവന്‍സയെ വിശേഷിപ്പിക്കുന്നത്. ഈ രോഗം ബാധിച്ച് ഏകദേശം 50 ദശലക്ഷം പേരാണ് മരിച്ചത്.

1918 ലാണ് സ്പാനിഷ് ഫ്ളു വ്യാപകമായി പടരാന്‍ തുടങ്ങിയത്. ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചുവീണവരെക്കാള്‍ അഞ്ചിരട്ടി ആളുകളാണ് ഈ രോഗം ബാധിച്ച് മരിച്ചത്. അമേരിക്കയിലായിരുന്നു രോഗം ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് ഇത് യൂറോപ്പിലേക്ക് വ്യാപിച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് രോഗം പകര്‍ന്നത്. സ്പാനിഷ് ഫ്ളുവിന്റെ ഏറ്റവും മാരകമായ രണ്ടാം വരവ് 1918 ന്റെ അവസാന പകുതിയിലാണ് ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


CONTENT HIGHLIGHTS: corona virus will be with us forever says u.k scientist
We use cookies to give you the best possible experience. Learn more