കൊറോണ വൈറസ് ബാധ; പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കാനുള്ള ടീമില്‍ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞനും
World News
കൊറോണ വൈറസ് ബാധ; പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കാനുള്ള ടീമില്‍ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th February 2020, 6:22 pm

ബെയ്ജിങ്: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി രൂപീകരിച്ച ടീമിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്‍. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ എസ്.എസ് വാസനാണ് ടീമിന് നേതൃത്വം നല്‍കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനയില്‍ 600ലധികം പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 30,000ലേറെ പേര്‍ക്കാണ് ചൈനയില്‍ മാത്രം വൈറസ് ബാധിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രി വരെ 69 പേര്‍ മരിച്ചതായി പുതിയ കണക്കുകള്‍ ചൈനയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടിരുന്നു.

ചൈനയിലും ഹുബേയിലുമായി 31,000ലധികം പേര്‍ക്ക് വൈറസ് ബാധിച്ചതില്‍ വ്യാഴാഴ്ച 2447 പേര്‍ പുതുതായി രോഗം ബാധിച്ചതായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ഓസ്‌ട്രേലിയയുടെ കോമണ്‍ വെല്‍ത്ത് സയന്റഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനിലാണ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായുള്ള എസ്.എസ് വാസന്‍ അടങ്ങിയ ടീമിന്റെ ലാബ്.

മെല്‍ബെര്‍ണിലെ ദോഹേര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബിലെ പരീക്ഷണമാണ് വാസന്റെ ടീമിന് പുതിയ വഴിത്തിരിവിലേക്ക് നയിച്ചത്. ദോഹേര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബില്‍ കാറോണ വൈറസിന്റെ സാമ്പിള്‍ അവിടുത്തെ ശാസ്ത്രജ്ഞര്‍ വളര്‍ത്തുകയും മനുഷ്യരുടെ ശരീരത്തില്‍ നിന്ന് വൈറസിനെ അവര്‍ക്ക് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു.

ഡെങ്കു, സിക്കാ വൈറസ്, ചിക്കുന്‍ ഗുനിയ തുടങ്ങിയ വൈറസുകള്‍ വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്ന സമയങ്ങളില്‍ വാസന്‍ അതിന്റെ വാക്‌സിന്‍ കണ്ടു പിടിക്കുന്നതിനൊപ്പവും പ്രവര്‍ത്തിച്ചിരുന്നു.

16 ആഴ്ചകള്‍ക്കുള്ളില്‍ മനുഷ്യ ശരീരത്തിലെ കൊറോണ വൈറസിന് പരീക്ഷിക്കാവുന്ന ഒരു വാക്‌സിന്‍ കണ്ടു പിടിക്കാനാണ് ശ്രമിക്കുന്നതെന്ന് സിഎസ്‌ഐആര്‍ഒ ശാസ്ത്രജ്ഞര്‍ പറയുന്നു. വാക്‌സിന്‍ ആദ്യം പരീക്ഷിക്കുന്നത് കീരിവര്‍ഗത്തില്‍പ്പെട്ട ജീവികളിലായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

സെന്‍ട്രല്‍ ചൈനയിലാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വൈറസ് പൊട്ടി പുറപ്പെട്ടത്. വൈറസ് പടര്‍ന്നു പിടിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയിലെ പല നഗരങ്ങളും അടച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ