തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്ത സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് തെലങ്കാന പ്രതിനിധി സംഘം.
രാജ്യത്ത് ആദ്യമായി കൊറോണ റിപ്പോര്‍ട്ടു ചെയ്ത കേരളത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് തെലങ്കാന ജി.എച്ച് എം.സി അഡീഷണല്‍ കമ്മീഷണര്‍ ബി. സന്തോഷ് ഐ.എ.എസ് പറഞ്ഞത്.
‘മൂന്ന് പേര്‍ക്ക് കൊറോണ പോസിറ്റിവ് ആയിട്ട് പോലും ഒരാളിലും വ്യാപിക്കാതെ രോഗപകര്‍ച്ച തടയാനായി. തെലങ്കാനയിലും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പിന്തുടരുന്നത്. എല്ലാവരും ലോകാരോഗ്യ സംഘടനയുടെ ഒരേ മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് പിന്തുടരുന്നതെങ്കിലും അതിലുപരി കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും എല്ലാവര്‍ക്കും പാഠമാണ്. അതിനാലാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങള്‍ പിന്തുടരുന്നത്,’ സന്തോഷ് ഐ.എ.എസ് പറഞ്ഞു.
കേരളത്തില്‍ നിന്ന് ലഭിക്കുന്നതിന്റെ റിപ്പോര്‍ട്ട് തെലങ്കാന ആരോഗ്യ വകുപ്പ് മന്ത്രിക്ക് നല്‍കുമെന്നും സംഘം വ്യക്തമാക്കി.
തെലങ്കാന സര്‍ക്കാരിന്റെ 12 അംഗ പ്രതിനിധി സംഘമാണ് കൊറോണ വൈറസിനെ കേരളം പ്രതിരോധിച്ചതിനെ നേരിട്ട് മനസിലാക്കാന്‍ കേരളത്തിലേക്കെത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രതിനിധിസംഘം എത്തിയത്.
ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ശൈലജയെ കണ്ട് പ്രതിനിധി സംഘം ചര്‍ച്ച നടത്തി. കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതു കൊണ്ടാണ് ഈ വിജയം കൈവരിച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് കൃത്യമായി പദ്ധതികള്‍ തയ്യാറാക്കി പ്രവര്‍ത്തിച്ചതു കൊണ്ടാണ് കൊറോണയെ പ്രതിരോധിക്കാന്‍ സാധിച്ചെതന്നും മന്ത്രി വിശദീകരിച്ചു.
തെലങ്കാനയ്ക്ക് പിന്നാലെ ഓഡീഷ, ദല്‍ഹി, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളും കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍. എന്‍, ഖോബ്രഗഡൈ, എന്‍. എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ഡോ. നവജ്യോത് സിങ് ഖോസ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
വ്യാഴാഴ്ചയാണ് സംഘം കേരളത്തിലെത്തിയത്. ഐസൊലേഷന്‍ വാര്‍ഡ്, സുരക്ഷാ ക്രമീകരണങ്ങള്‍, ചികിത്സ, എന്നിവയെല്ലാം സംഘം മനസിലാക്കി. ശനിയാഴ്ച സംഘം ആലപ്പുഴ സന്ദര്‍ശിക്കും.