| Friday, 31st January 2020, 2:52 pm

കൊറോണ വൈറസ്: സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം; ചൈനയില്‍ നിന്ന് തിരിച്ചുവരുന്നവരെ ഒറ്റപ്പെടുത്തരുതെന്നും ആരോഗ്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കൊറോണ രോഗബാധ സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളേയും പങ്കാളികളാക്കുമെന്നും സ്വകാര്യ ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കൊറോണ രോഗബാധിതയായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

ചൈനയില്‍ നിന്ന് തിരിച്ചുവരുന്നവരെ ഒറ്റപ്പെടുത്തരുതെന്നും അവരെ ആശുപത്രികളില്‍ എത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

കൊറോണ രോഗബാധ സംബന്ധിച്ച് വ്യാജവാര്‍ത്ത പരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

എല്ലാ ജില്ലകളിലും കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ എല്ലാ ജില്ലകളിലും രണ്ട് ആശുപത്രികള്‍ വീതം തയ്യാറാക്കിയിട്ടുണ്ട്.

സംശയ നിവാരണത്തിനായി ആരോഗ്യവകുപ്പിന്റെ 0471-2552056 എന്ന നമ്പരിലോ 1056 എന്ന ‘ദിശ’ നമ്പരിലോ ബന്ധപ്പെടാം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാഴാഴ്ചയാണ് ചൈനയിലെ വുഹാന്‍ സര്‍വ്വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തിലാണ്.

ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത്. 213 പേര്‍ ആണ് വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ നിന്നും ഇതുവരെ മരണപ്പെട്ടിരിക്കുന്നത്.

വിവിധരാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more