ബീജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,631 ആയി. ശനിയാഴ്ചത്തെ കണക്കനുസരിച്ച് 143 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ചൈനയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹുബേയ് പ്രവിശ്യയില്‍ 2,420 പുതിയ കൊറോണ വൈറസ് രോഗങ്ങള്‍ സ്ഥിരീകരിച്ചു. 139 പേര്‍ വെള്ളിയാഴ്ച മാത്രം മരിച്ചു. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷനാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇതിനിടയില്‍ ചൈനയില്‍ കൊറോണ ബാധിച്ച രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വ്യാപകമായ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ചവരുടെ എണ്ണവും മരണസംഖ്യയും ഏറിവരുന്ന സാഹചര്യത്തിലാണ് കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ജീവനക്കാര്‍ക്ക് രോഗം പടരുന്നതായി പുറത്തുവരുന്ന വിവരം.
നിലവില്‍ കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ മാത്രം 1102 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ചൈനീസ് ദേശീയ ആരോഗ്യകമ്മീഷന്‍ സഹമന്ത്രിയായ സെങ്ക് യിക്സിന്‍ റോയിട്ടേര്‍സിനോട് പ്രതികരിച്ചത്. ഒപ്പം വുഹാനുള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയ്ക്ക് പുറത്ത് 400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കൊറോണ ബാധ വ്യാപകമാവുന്നുണ്ടെന്നാണും ഇദ്ദേഹം പറഞ്ഞിരുന്നു.