| Wednesday, 25th March 2020, 5:38 pm

കൊറോണ ഇന്ത്യയിലെ ആരോഗ്യ സാമ്പത്തിക മേഖലയോട് ചെയ്യാന്‍ പോകുന്നത്

ഡോ. എസ്.മുഹമ്മദ് ഇർഷാദ്

ലോകമെമ്പാടുമുള്ള രാജ്യങ്ങളും മനുഷ്യരും അവരവരുടെ ഇടങ്ങളില്‍ ചുരുക്കപ്പെടുന്ന അവസ്ഥ ആധുനിക ലോകത്തൊരുപക്ഷെ ആദ്യമായിട്ടായിരിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിവേഗം പടരുന്ന കൊവിഡ്-19 എന്ന ഈ രോഗാണു ആധുനിക ലോകത്തെ എല്ലാവിധ സംവിധാനങ്ങളെയും ചോദ്യം ചെയ്യുന്നു എന്നതാണ് വസ്തുത. ലോകാരോഗ്യ സംഘടന ഇതൊരു മാരകരോഗമായി ചിത്രീകരിച്ചുകഴിഞ്ഞു.

ലോകത്തെ സാമ്പത്തിക രംഗത്തെ അതിവേഗം തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന ഒന്നായി കൊവിഡ്-19 മാറികഴിഞ്ഞു. മൊത്തം സാമ്പത്തിക വളര്‍ച്ച അരശതമാനമായി കുറയും എന്നും OECD രാജ്യങ്ങളുടെ പ്രാഥമിക വിശകലനത്തില്‍ സൂചിപ്പിക്കുന്നുണ്ട് എന്നാല്‍ ഈ കണക്കിനും അപ്പുറത്താണ് യാഥാര്‍ഥ്യം.

ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങള്‍ സാമ്പത്തിക ക്രയവിക്രയത്തില്‍ നിന്നും പുറത്താകുകയോ പിന്‍വലിയുകയോ ചെയ്യുന്നു എന്നതാണ് ഈ ദുരന്തം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം. ചൈനയില്‍ നിന്നും തുടങ്ങിയ ഈ ദുരിതം ഈ പ്രതിസന്ധിയെ മറ്റൊരു കാഴ്ചപ്പാടിലൂടെ കാണാനും പ്രേരിപ്പിക്കുന്നുണ്ട്.

നമ്മുടെ പൊതുബോധത്തില്‍ നിന്ന് ഏറെക്കുറേ ഒഴിവാക്കപ്പെട്ടതാണ് ആഗോളവല്‍ക്കരണം എന്ന വാക്കും അതിന്റെ പ്രയോഗവും. ഒരുകാലത്ത് കേരളത്തില്‍ വലിയ പ്രചാരമുണ്ടായിരുന്ന രാഷ്ട്രീയ പ്രയോഗം കൂടിയായിരുന്നു ആഗോളവല്‍ക്കരണം, എന്നാല്‍ ഇന്നിപ്പോള്‍ കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷ ചിന്തകര്‍ക്ക് പോലും ഈ വാക്ക് അന്യമാണ്. എന്നാല്‍ കൊറോണ, പൊതു സമൂഹത്തെ അല്പകാലം പുറകോട്ടു കൊണ്ടുപോകുന്നുണ്ട്.

ആഗോളവല്‍ക്കരണത്തെ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയ ഒരു രാജ്യം ചൈന തന്നെയാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലൂടെ തൊഴില്‍ശക്തിയെ നിയന്ത്രിക്കാനും ആഗോളകുത്തക കമ്പനികള്‍ക്ക് വേണ്ടി അവയെ പ്രയോജനപ്പെടുത്താനും ചൈനയെ പോലെ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. ചൈനയില്‍ നിന്നും പലരീതിയില്‍ പടര്‍ന്ന ഈ വൈറസ് ക്രമേണ ലോകത്തെ സാമ്പത്തിക രംഗത്തെ അതിവേഗം പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.

ഇന്ത്യയും കേരളവും തുടക്കത്തില്‍ കൊറോണ ബാധയില്‍നിന്നും ഒഴിഞ്ഞു നിന്നു എങ്കിലും, മറ്റേത് അന്താരാഷ്ട വാണിജ്യ ബന്ധങ്ങള്‍ ഉള്ള ലോകത്തെ ഏതൊരു രാജ്യത്തെയും പോലെത്തന്നെയാണ് കേരളവും കൊറോണ വൈറസ് ഭീതിയില്‍ ആയത്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപെടാനാകാത്ത അന്തര്‍ദേശീയ ബന്ധങ്ങള്‍ പുലര്‍ത്തിയ കേരളത്തില്‍ സ്വാഭാവികമായും ഇത്തരത്തില്‍ ഒരു സാംക്രമിക രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അറിഞ്ഞിടത്തോളം വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന ആളുകള്‍ വഴിയും വിനോദ സഞ്ചാരികള്‍ വഴിയുമാണ് ഈ രോഗം കേരളത്തില്‍ എത്തിയത്.

വിദേശമൂലധനത്തെയും വിനോദ സഞ്ചാരത്തെയും വലിയതോതില്‍ ആശ്രയിക്കുന്ന കേരളത്തില്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധിച്ചതിന് സമാനമായിട്ടാണ് രോഗം പടരുന്നത്. ഈ സമാനതകള്‍ തന്നെയാണ് കേരളത്തെ ഈ രോഗം പ്രതിരോധിക്കുന്നതില്‍ പ്രായോഗിക മുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതും.

കൊവിഡ്-19 ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം വളരെ വലുതാണ്, കാരണം ഒരു നിശ്ചിത കാലയളവില്‍ യാതൊരുവിധ സാമ്പത്തിക ക്രയവിക്രയത്തിലും ഇടപെടാതെ ഇരിക്കുന്നിടത്തോളം കാലം സാമ്പത്തിക വ്യവസ്ഥയില്‍ മുരടിപ്പാണ് ഉണ്ടാകുക, കേരളം പോലെ ഒരു ഉപഭോക്തൃ സമൂഹത്തില്‍ നികുതി വരുമാനത്തില്‍ അടക്കം ഉണ്ടാകുന്ന വലിയ കുറവിനെ മറികടക്കാന്‍ മറ്റേതെങ്കിലും തരത്തില്‍ ഉള്ള മാര്‍ഗങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ നിലവിലില്ല, അത് കൊണ്ട് തന്നെ ആരോഗ്യ മേഖലയില്‍ വേണ്ടിവരുന്ന വന്‍തോതിലുള്ള ചിലവുകള്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.

രാജ്യമൊട്ടാകെ തന്നെ വലിയ തോതിലുള്ള സാമ്പത്തിക മുരടിപ്പിലൂടെ കടന്നുപോകുന്ന ഒരു അവസ്ഥയാണ്. ഇരുപത്തിയൊന്ന് ദിവസത്തെ നിരോധനാജ്ഞ സൃഷ്ടിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനയ്യായിരം കോടി രൂപയുടെ താല്‍കാലിക പദ്ധതിയും കേരള സര്‍ക്കാരിന്റെ ഇരുപതിനായിരം കോടി രൂപയും, അവശ്യ സേവനങ്ങളുടെ നടത്തിപ്പിന് മാത്രമാകും ഉപകരിക്കുക.

അസംഘടിത മേഖലയില്‍ ഉണ്ടാകുന്ന വലിയ തോതിലുള്ള തൊഴില്‍ ദിന നഷ്ടവും സാമ്പത്തിക അരക്ഷിതാവസ്ഥയും ഒരു വലിയ വിഭാഗത്തിന്റെ തിരിച്ചുവരവ് ദുഷ്‌കരമാക്കും. ഇപ്പോള്‍ കണക്കാക്കുന്ന അരശതമാനത്തിനും പുറത്താണ് ശരിക്കുള്ള സാമ്പത്തിക പ്രതിസന്ധി. എന്നാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ എളുപ്പ വഴികള്‍ ഒന്നും തന്നെ നിലവില്‍ ഇല്ല എന്നതും വിസ്മരിക്കാന്‍ കഴിയില്ല. ഉല്പാദന മുരടിപ്പിനേക്കാള്‍ സാമ്പത്തിക വ്യവസ്ഥയില്‍ ആവശ്യങ്ങളുടെ മേല്‍ ഉണ്ടാകുന്ന പുതിയ കൂട്ടിച്ചേര്‍ക്കലുകളും ഒക്കെ ചേര്‍ന്ന് ഉല്പാദനത്തില്‍ വലിയ തോര്‍ത്തിലുള്ള മാറ്റം സംഭവിക്കാം.

സാവധാനത്തില്‍ മാത്രമേ ഈ പ്രതിസന്ധി മാറിക്കടക്കാന്‍ കഴിയൂ. കേന്ദ്ര സര്‍ക്കാറിനോ സംസ്ഥാന സര്‍കാറുകള്‍ക്കോ ഈ രോഗാണു ഉണ്ടാക്കുന്ന ആരോഗ്യ-സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ പ്രായോഗികമായ പദ്ധതികള്‍ ഒന്നും തന്നെ നിലവില്‍ ഇല്ല എന്നതാണ് വസ്തുത. പൊതുജനാരോഗ്യ മേഖല എന്നാല്‍ മരുന്ന് വല്‍ക്കരണം എന്ന വിപണി നിര്‍മിത ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടികളുടെ പരാജയമാണ് ഈ രോഗാണു ഉണ്ടാക്കുന്ന പ്രതിസന്ധിയെ നേരിടാന്‍ ഏറ്റവും വലിയ തടസം. ഈ കാരണം കൊണ്ടാണ് കേരളം തുടക്കത്തില്‍ ദേശീയ ശ്രദ്ധയില്‍ വന്നതും പിന്നീട് സാവധാനത്തിലാണെങ്കിലും പ്രതിസന്ധി രുക്ഷമായതും.

വര്‍ഷങ്ങളായി കേരളം നിലനിര്‍ത്തിയിരുന്ന പൊതുജനാരോഗ്യ സംവിധാനങ്ങളുടെ മെച്ചം കൊണ്ട് കൂടിയാണ് കേരളത്തില്‍ ഇത്രയധികം രോഗികളെ ചികില്‍സിക്കാന്‍ കഴിഞ്ഞത്. പ്രാദേശിക തലത്തില്‍ തന്നെ ഇത്തരം സംവിധാനങ്ങള്‍ ഉള്ളത് കൊണ്ടാണ് കേരളത്തിന് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നത്. എന്നാല്‍ നീതി ആയോഗ് പോലെയുള്ള സംവിധാനങ്ങള്‍ വഴി ആരോഗ്യമേഖലയടക്കം പൊതു-സ്വാകാര്യ സംവിധാനങ്ങളുടെ നിയത്രണത്തിലേക്ക് കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. നാലു ജില്ലകള്‍ക്കായി ഒരു മെഡിക്കല്‍ കോളേജ് മാത്രമുള്ള സംസ്ഥാനങ്ങളടങ്ങിയ ഒരു രാജ്യം കൂടിയാണ് ഇന്ത്യ അത് കൊണ്ടുതന്നെയാണ് ഈ മഹാമാരി കൂടുതല്‍ ആശങ്കയുണ്ടാകുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊതുജനാരോഗ്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് പറയുന്നതിന്റെ കാരണം മെച്ചപ്പെട്ട ഉന്നത നിലവാരമുള്ള ചികിത്സാ പദ്ധതിക്ക് വേണ്ടി മാത്രമല്ല, പകരം പകര്‍ച്ചവ്യാധി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ സാമ്പത്തിക മാനദണ്ഡത്തെ മറികടന്നുകൊണ്ട് എല്ലാവര്‍ക്കും ആശ്രയിക്കാന്‍ കഴിയുന്നത് ഇത്തരം പൊതുസംവിധാനങ്ങളെയാണ്. അത് കൊണ്ട് തന്നെയാണ് ഈ മഹാമാരി ഇന്ത്യ മഹാരാജ്യത്തെ ദരിദ്രര്‍ക്ക് വലിയ ആശങ്കകള്‍ ഉണ്ടാക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സമ്പത്തിക പദ്ധതികള്‍ കൊണ്ട് മറികടക്കാന്‍ കഴിയുന്നതല്ല ഒരു വലിയ വിഭാഗം മനുഷ്യരുടെ പ്രശ്‌നം, കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സാമ്പത്തിക പിന്തുണ ഉണ്ടാകും എന്ന് കരുതേണ്ട, കാരണം കേരളത്തിന്റെ ആവശ്യം സര്‍ക്കാര്‍ ചിലവാണ്. നികുതി വരുമാനംകൊണ്ടും സര്‍ക്കാര്‍ പദ്ധതികള്‍ കൊണ്ടും മാത്രം നിലനില്‍ക്കുന്ന സര്‍ക്കാര്‍ ആണ് കേരളത്തിലുള്ളത്. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ ചിലവ് വലിയ കടമ്പ തന്നെയാണ്. എന്നാല്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ചിലതുണ്ട് അതില്‍ പ്രധാനം കേരളത്തില്‍ പോലും സര്‍ക്കാറിന്റെ പൊതു ഇടപെടല്‍ മൂലം ഉണ്ടാകുന്ന ചിലവാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ്-19 വൈറസ് സര്‍ക്കാറുകള്‍ക്കുണ്ടാക്കിയ ഏറ്റവും വലിയ പ്രതിസന്ധി നിലവിലുള്ള സാമ്പത്തിക നയത്തില്‍ നിന്നും വ്യതിചലിക്കേണ്ടിവരും എന്നതാണ് അതായത് സ്വാകാര്യവല്‍ക്കരണവും ആരോഗ്യ ഇന്‍ഷുറന്‍സും കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമല്ല പൊതുജനാരോഗ്യം എന്ന് കൊവിഡ്-19 കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകളെയും പഠിപ്പിച്ചു എന്നതാണ്.

ഡോ. എസ്.മുഹമ്മദ് ഇർഷാദ്

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, മുംബൈ അധ്യാപകനാണ്

We use cookies to give you the best possible experience. Learn more