| Monday, 2nd March 2020, 3:43 pm

'വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍  വായിച്ചപ്പോള്‍ തന്നെ കൊറോണയെ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു'; ആരോഗ്യമന്ത്രി കെ.കെ ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചൈനയിലെ വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ വായിച്ചപ്പോള്‍ തന്നെ കേരളത്തിലും അസുഖം ബാധിക്കാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തില്‍ നിന്നും നിരവധി പേര്‍ ചൈനയില്‍ പഠിക്കുന്നതായിരുന്നു ഇതിനു കാരണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുളള നടപടി ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്‌തെന്നും വൈറസ് ബാധ നേരിടാന്‍ ആരോഗ്യ വകുപ്പ് ഉണര്‍ന്നെണീറ്റു പ്രവര്‍ത്തിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് അരയിടത്തുപാലത്ത് മൈക്രോ ഹെല്‍ത്ത് ലാബോറട്ടറീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിനു മാത്രമായി പൂര്‍ണമായി ആരോഗ്യപ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയില്ല. സ്വകാര്യ മേഖലയുടെ സഹകരണംകൂടി വേണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രോഗങ്ങള്‍ പെട്ടെന്നു കണ്ടെത്താനും നിയന്ത്രിക്കാനും വേഗതയേറിയ യന്ത്രവത്കൃത ലാബുകള്‍ ഉപകരിക്കും. മൈക്രൊ ലാബ് അത്തരത്തിലുള്ള ഒന്നാണ് എന്നറിയുന്നത് സന്തോഷകരമാണെന്നും കെ.കെ ശൈലജ പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ യന്ത്രവത്കൃത ലബോറട്ടറിയാണ് മൈക്രൊ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എം.കെ രാഘവന്‍ എംപി മൈക്രൊ ലാബിന്റെ എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ പ്രഖ്യാപനം നടത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം. സലീന, ഡി.എം.ഒ ഡോ. വി. ജയശ്രീ, മൈക്രൊ ഹെല്‍ത്ത് ലബോറട്ടറി എംഡിയും സിഇഒയുമായ സി.കെ നൗഷാദ്, മെഡിക്കല്‍ ഡയരക്റ്റര്‍ ഡോ.കെ.പി അരവിന്ദന്‍, ചെയര്‍മാന്‍ സി. സുബൈര്‍, സിഒഒ ദിനേശ് കുമാര്‍ സൗന്ദരര്‍രാജ്, ഡയരക്റ്റര്‍ എം.ആര്‍ മുഹമ്മദലി, കെ.പി അബ്ദുല്‍ ജമാല്‍, ദുബായ് മുന്‍സിപ്പാലിറ്റി സീനിയര്‍ ഹെല്‍ത്ത് ഓഫിസര്‍ റിയാസ് അബ്ദുല്ല, പി. മോഹനന്‍ മാസ്റ്റര്‍, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

അതിനിടെ ദല്‍ഹിയിലും തെലങ്കാനയിലും ആദ്യത്തെ കൊറോണ വൈറസ്(കോവിഡ് 19) സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചതായി വിവരം പുറത്തു വിട്ടത്.ദല്‍ഹിയില്‍ കൊറോണ സ്ഥരീകരിച്ച രോഗി ഇറ്റലി വഴി യാത്ര ചെയ്തെന്നും തെലങ്കാനയില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി ദുബായ് വഴിയും യാത്ര ചെയ്തിരുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

We use cookies to give you the best possible experience. Learn more