| Friday, 31st January 2020, 8:24 am

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.

നേരത്തെ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചിരുന്നു.
ആരോഗ്യമന്ത്രിയും സംഘവും മെഡിക്കല്‍ വിദഗ്ദരുമായി വ്യാഴാഴ്ച രാത്രി 11.45 ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. ഒപ്പം വിദ്യാര്‍ത്ഥിയെ ചികിത്സിച്ചിരുന്ന തൃശൂര്‍ ജനറല്‍ ആശുപത്രിയും ആരോഗ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1053 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐ.എം.എ അടക്കമുള്ള സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കും. തൃശൂരില്‍ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേരും.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യാജവാര്‍ത്തകള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരള പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടന്നും നടപടികള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഇന്ന് ഉച്ചയക്ക് പന്ത്രണ്ടരയോടെ വീണ്ടും ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഒപ്പം സ്വകാര്യ ആശുപത്രികളുടെ യോഗം ഇന്നു രാവിലെ 11 ന് തൃശൂര്‍ കലക്ടറേറ്റില്‍ ചേരും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാഴാഴ്ചയാണ് ചൈനയിലെ വുഹാന്‍ സര്‍വ്വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചത്.

ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത്. 213 പേര്‍ ആണ് വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ നിന്നും ഇതുവരെ മരണപ്പെട്ടിരിക്കുന്നത്.

വിവിധരാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more