പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്ക്സില്‍ ഡോ.ഷമീര്‍ വി.കെ എഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി കൊവിഡിനെ സംബന്ധിച്ച് പ്രസക്തമായ ചില കാര്യങ്ങള്‍ ആണ് ഇനി പറയുന്നത്. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതി നിലവില്‍ എന്താണെന്നും എങ്ങനെയാണ് കൊവിഡിന്റെ സമൂഹവ്യാപനം സംഭവിക്കുന്നതെന്നുമുള്ള കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണമെന്ന് തോന്നുന്നു.
കാരണം വുഹാനില്‍ നിന്നു തുടങ്ങിയ രോഗം ഇന്ന് ലോകരാജ്യങ്ങളെ ഓരോന്നായി കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അത് ഇന്ത്യയിലെത്തി…ഇപ്പോഴിതാ കേരളത്തിലുമെത്തി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ന് നമ്മുടെ കയ്യെത്തും ദൂരത്ത് കൊവിഡ് വൈറസുണ്ട്. നമ്മുടെ ഒരു ചെറിയ അശ്രദ്ധ കൊണ്ടുപോലും കൊവിഡ് നമ്മളെ കീഴടക്കിക്കൂടാ.
എങ്കില്‍ നമ്മള്‍ ചിലതൊക്കെ ശ്രദ്ധയോടെ കേള്‍ക്കേണ്ടതുണ്ട്.
ഇന്ത്യയിലെ കോവിഡ് വ്യാപനം എങ്ങനെയാണ് സംഭവിക്കുന്നത്?
മൂന്നു ഘട്ടങ്ങള്‍ ആയി കോവിഡ് വ്യാപനം നമുക്ക് തരംതിരിക്കാം. ഒന്നാം ഘട്ടത്തില്‍ കോവിഡ് പ്രസരണം നടന്ന രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവര്‍ക്ക് മാത്രം അണുബാധയുണ്ടാകുന്നു. രണ്ടാം ഘട്ടത്തില്‍ നേരത്തേ കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി നേരിട്ട് സമ്പര്‍ക്കം വന്നവര്‍ക്ക് (പ്രൈമറി കോണ്‍ടാക്റ്റുകള്‍) . മൂന്നാം ഘട്ടം രോഗികളുമായി സമ്പര്‍ക്കം വന്നവരുമായി സമ്പര്‍ക്കം വന്നവര്‍ക്ക് (സെക്കന്ററി കോണ്‍ടാക്ട്). ഈ ഘട്ടം വരെ പ്രാദേശിക വ്യാപനം എന്ന് കണക്കാക്കാം. ഇതിന് പുറത്തേക്ക് ഉള്ള വ്യാപനത്തെ സമൂഹ വ്യാപനം ആയും കണക്കാക്കാം. സമൂഹ വ്യാപനം തുടങ്ങി കഴിഞ്ഞാല്‍ ഒരു രോഗിയുടെ അണുബാധയുടെ സ്രോതസ്സ് പലപ്പോഴും കണ്ടെത്താന്‍ കഴിയില്ല. സമൂഹത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും രോഗം കണ്ടെത്തി തുടങ്ങും. രോഗികളുടെ എണ്ണവും മരണങ്ങളും പതിന്മടങ്ങ് വര്‍ദ്ധിക്കും
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതി ഇപ്പോള്‍ എന്താണ്?
ഇതുവരെ അണുബാധയുള്ള രാജ്യത്തേക്ക് യാത്ര ചെയ്തവര്‍ക്കും, രോഗികളുമായി നേരിട്ട് സമ്പര്‍ക്കം വന്നവര്‍ക്കും മാത്രമാണ് രോഗം ഉണ്ടെന്ന് തെളിഞ്ഞത്.
അപ്പോള്‍ നമ്മള്‍ സുരക്ഷിതരാണോ? യാത്ര ചെയ്തവരും അവരുടെ കുടുംബവും ശ്രദ്ധിച്ചാല്‍ പോരെ?
പോര. ഇന്ത്യയില്‍ കോവിഡിനായുള്ള പരിശോധനകള്‍ ചെയ്യുന്നത് വളരെ കുറച്ചു പേര്‍ക്കു മാത്രമാണ്. സംശയമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരിലും ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവരിലും മാത്രം. അത് കൊണ്ട് ചെറിയ ലക്ഷണങ്ങള്‍ ഉള്ള രോഗികള്‍ ടെസ്റ്റ് ചെയ്യപ്പെടാതെ പോകാം. അതു കൊണ്ട് ഇപ്പോള്‍ സ്ഥിരീകരിച്ച എണ്ണം രോഗികള്‍ മാത്രമേ രാജ്യത്തുള്ളൂ എന്ന് വിശ്വസിച്ച് ഇരുന്നു കൂടാ. സമൂഹ വ്യാപനത്തിലൂടെ കോവിഡ് ഇന്ത്യയുടെ എത് മൂലയിലും എത്താം.
സമൂഹ വ്യാപനം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടാകാം എന്ന് അനുമാനിക്കാന്‍ കാരണങ്ങള്‍ ഉണ്ടോ?
ലോകത്ത് ഇതുവരെ ഉണ്ടായ കോവിഡിന്റെ രീതി പരിശോധിച്ചാല്‍ ഓരോ പോസിറ്റീവായ രോഗിക്കു ചുറ്റും നിരവധി രോഗികള്‍ ആരോഗ്യ സംവിധാനങ്ങളുടെ ശ്രദ്ധയില്‍ പെടാതെ പോകുന്നുവെന്നാണ് മനസ്സിലാകുന്നത്. ഒരു മരണം കോവിഡ് കാരണം സംഭവിച്ചാല്‍ അതിന് ചുറ്റിപ്പറ്റി നിരവധി രോഗികള്‍ ഉണ്ടായിരിക്കണമെന്നുമാണ് അനുമാനിക്കപ്പെടുന്നത്. ഈ അനുമാനങ്ങള്‍ നേരത്തേ നിരവധി രോഗികള്‍ ഉണ്ടായ ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വ്യാപന രീതിയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്.
ലക്ഷണങ്ങള്‍ ഇല്ലാത്തവരും രോഗം പകര്‍ത്തും എന്നുള്ളതും യഥാര്‍ത്ഥ രോഗികളുടെ എണ്ണവും കണക്കിലെ എണ്ണവും തമ്മിലുള്ള അന്തരം കൂട്ടും. ഇവിടെ സമൂഹ വ്യാപനം നടക്കുന്നുണ്ടോ എന്ന തെളിവിനായി രണ്ടോ മൂന്നോ അഴ്ച്ചകള്‍ കാത്തു നില്‍ക്കേണ്ടി വരും. അതിനു മുന്‍പ് ഇടപെടാതിരിക്കുന്നത് അപകടം ആയിരിക്കും. ഇങ്ങനെ നിഷ്‌ക്രിയമായി കാത്തിരുന്ന രാജ്യങ്ങളുടെ സ്ഥിതി നമ്മുടെ മുന്നില്‍ തെളിവായുണ്ട്.
സമൂഹ വ്യാപനം സംഭവിക്കുന്നത് തടയാന്‍ അല്ലെങ്കില്‍ കുറക്കാന്‍ നമുക്കെന്തൊക്കെ ചെയ്യാന്‍ കഴിയും?
1. വ്യക്തികളും കുടുംബവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെയാണ്.
കോവിഡിനെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടായിരിക്കുക.
ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന് അറിഞ്ഞിരിക്കുക.
ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവര്‍ വീട്ടില്‍ കഴിയുക.
സമൂഹത്തിലെ കൂടിച്ചേരലുകളും, യാത്രകളും നിരുല്‍സാഹപ്പെടുത്തുക.
സന്ദര്‍ശകരെ പരിമിതപ്പെടുത്തുക.
വ്യക്തി ശുചിത്വ മാര്‍ഗ്ഗങ്ങള്‍ (കൈ കഴുകല്‍, ചുമ ശുചിത്വം) പരമാവധി നടപ്പിലാക്കുക.
അത്യാവശ്യം വേണ്ട മരുന്നുകള്‍ എങ്ങനെ ലഭിക്കും, ആശുപത്രിയില്‍ പോകാനുള്ള വാഹന സൗകര്യം എങ്ങനെ ആണ് തുടങ്ങിയ വസ്തുതകള്‍ അറിഞ്ഞു വെക്കുക, വിളിക്കാനുള്ള ഫോണ്‍ നമ്പര്‍ എഴുതി വെക്കുക.
രോഗം പിടിപെട്ടാല്‍ അപകട സാധ്യത ഏറ്റവും കൂടുതലുള്ള കുടുംബാംഗങ്ങളെ തിരിച്ചറിയുക. അവരിലേക്ക് അണുബാധ എത്താതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. അവരെ പൊതു ലോകത്തു നിന്ന് പരമാവധി മാറ്റി നിര്‍ത്തുക.
2. പരീക്ഷ, സ്‌കൂള്‍, കോളേജ്?
കഴിയുന്നതും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി കൊടുക്കുക.
സ്വയം സുരക്ഷാ നടപടികള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുക.
രോഗിയുമായി സമ്പര്‍ക്കം വന്ന കുട്ടികളെ തിരിച്ചറിയുക, അവര്‍ക്ക് മറ്റു കുട്ടികളുമായി സമ്പര്‍ക്കം വരാതെ നോക്കുക.
എന്തെങ്കിലും ലക്ഷണമുള്ള കുട്ടികള്‍ സ്‌കൂളില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
3. മത, രാഷ്ട്രീയ, ഇതര സംഘടനകള്‍
എല്ലാ കൂട്ടം ചേരലുകളും ഒഴിവാക്കുക. കൂട്ട പ്രാര്‍ഥനകള്‍ നിരുല്‍സാഹപ്പെടുത്തുക.
സമൂഹത്തിലെ താഴെതട്ടിലുള്ളവര്‍ക്കും വീടുകള്‍ ഇല്ലാത്തവര്‍ക്കും ക്വാറന്റൈനോ ഐസൊലേഷനോ ആവശ്യമായി വരികയാണെങ്കില്‍ അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുക.
4. ജോലി സ്ഥലങ്ങള്‍
വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
എന്തെങ്കിലും ലക്ഷണം ഉള്ളവര്‍ ഓഫീസില്‍ വരുന്നത് വിലക്കുക.
അവര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നടപ്പില്‍ വരുത്തുക.
വ്യക്തി ശുചിത്വത്തിന് ആവശ്യമായുള്ള സംവിധാനങ്ങള്‍ ഓഫീസുകളില്‍ ഒരുക്കുക.
കൂടുതല്‍ ആളുകള്‍ സ്പര്‍ശിക്കാന്‍ ഇടയുള്ള ഉള്ള വാതിലിന്റെ ഹാന്‍ഡില്‍, മേശ തുടങ്ങിയവ ഇടയ്ക്കിടെ വൃത്തിയാക്കുക.
5. പൊതു ആരോഗ്യ സംവിധാനങ്ങള്‍
രോഗികളുമായി സമ്പര്‍ക്കം വന്നവരുടേയും രോഗമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരുടേയും ലിസ്റ്റുകള്‍ പുതുക്കി കൊണ്ടിരിക്കുക.
രോഗം സ്ഥിരീകരിച്ച വരെ ഐസൊലേറ്റ് ചെയ്യുക.
നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവരെയെല്ലാം ക്വാറന്റൈന്‍ ചെയ്യുക.
ഫോണ്‍ വഴിയുള്ള ഉള്ള മോണിറ്ററിംഗ് പ്രോത്സാഹിപ്പിക്കുക.
പൊതു ജനത്തിനും രോഗികള്‍ക്കുമായുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി എത്തിക്കുക, അനുസരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
പെട്ടെന്നുണ്ടാകാന്‍ സാദ്ധ്യതയുള്ള രോഗികളുടെ വര്‍ധനവ് മുന്‍കൂട്ടി കണ്ട് ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക. പ്രത്യേകിച്ചും ഐസൊലേഷന്‍ സംവിധാനങ്ങള്‍.
രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സ്, മൃതശരീരം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ എന്നിവ തയ്യാറാക്കി നിര്‍ത്തുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇവിടെ നമ്മള്‍ ശ്രമിക്കുന്നത് രോഗം ഉന്‍മൂലനം ചെയ്യാനൊന്നുമല്ല. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ ആണ്. ഒരിക്കല്‍ കൂടി പറയുകയാണ്. ആശങ്കപ്പെടേണ്ടതില്ല…ജാഗ്രത മതി.