ഗോ കൊറോണ ഗോയ്ക്ക് റാപ് മ്യൂസിക്; കേന്ദ്രമന്ത്രിയുടെ വിചിത്ര മുദ്രാവാക്യം ഇനി ഇങ്ങനെയും കേള്‍ക്കാം
national news
ഗോ കൊറോണ ഗോയ്ക്ക് റാപ് മ്യൂസിക്; കേന്ദ്രമന്ത്രിയുടെ വിചിത്ര മുദ്രാവാക്യം ഇനി ഇങ്ങനെയും കേള്‍ക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th March 2020, 12:09 pm

രാജ്യത്ത് കൊവിഡ് 19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വൈറസിനെ പാട്ടുപാടി തുരത്തുന്ന പരിപാടിയുമായി രംഗത്തെത്തിയ കേന്ദ്രമന്ത്രി രാംദാസ് അത്താവ്‌ലെയുടെ കൊറോണാ ഗോ മുദ്രാവാക്യം സോഷ്യല്‍ മീഡിയയില് ചിരി പടര്‍ത്തിയിരുന്നു. ഇപ്പോള്‍ മന്ത്രിയുടെ ഈ വിചിത്ര മുദ്രാവാക്യത്തിന് റാപ് സംഗീതം നല്‍കിയിരിക്കുകയാണ് സംഗീതജ്ഞനായ ഡബ് ശര്‍മ്മ.

അത്താവ്‌ലെയുടെ മുദ്രാവാക്യത്തിന് പശ്ചാത്തല സംഗീതവും എഡിറ്റിങും നല്‍കിയാണ് ശര്‍മ്മ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗോ കൊറോണ, ഗോ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു രാംദാസ് അത്താവ്‌ലെ പരിപാടി നടത്തിയത്. ചൈനീസ് കൗണ്‍സില്‍ ജനറല്‍ താങ് ഗുവാചിയും ഇതില്‍ പങ്കെടുത്തു. ഇന്ത്യഗേറ്റിനു സമീപത്തു വെച്ച് കൊറോണ വ്യാപനത്തിനെതിരെ നടന്ന പ്രാര്‍ത്ഥനവേളയിലാണ് കേന്ദ്രമന്ത്രിയുടെ പരിപാടി. ഫെബ്രുവരി 20 നാണ് ഈ പരിപാടി നടന്നത്.

രാംദാസ് അത്താവ്‌ലെയുടെ പ്രതിഷേധ പരിപാടിയുടെ വീഡിയോ അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. വീഡിയോയില്‍ ചുറ്റും പ്ലക്കാര്‍ഡുകളുമായി കുറച്ചു പേരെ കാണാം.

വീഡിയോ വന്നതിനു പിന്നാലെ നിരവധി ട്രോളുകളാണ് കേന്ദ്രമന്ത്രിക്കെതിരെ വരുന്നത്. കൊറോണ വൈറസിന് ഇംഗ്ലീഷ് അറിയുമോ എന്നാണ് ചിലര്‍ പരിഹാസരൂപേണ ചോദിക്കുന്നത്.

കൊറോണ വൈറസ് വ്യാപനം തടയാനായി ജനങ്ങള്‍ കഴിവതും പൊതുജനപരിപാടികളില്‍ നിന്നും മാറി നില്‍ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമുള്ളപ്പോഴാണ് കേന്ദ്രമന്ത്രി ആളുകളെ വിളിച്ചു കൂട്ടി കൊറോണയ്ക്കെതിരെ പ്രതിഷേധം നടത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ