| Monday, 3rd February 2020, 9:38 pm

കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; ഭയപ്പെടേണ്ടതില്ല ജാഗ്രതാ നടപടി മാത്രമെന്ന് ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ ഒരു സംസ്ഥാന ദുരന്തം ആയി പ്രഖ്യാപിച്ചു. ആരെയും ഭയപ്പെടുത്താനല്ല, ഒരു പുതിയ വൈറസാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഇങ്ങിനെ പ്രഖ്യാപനം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

രോഗത്തെ നേരിടാന്‍ സാധിക്കുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസം നമുക്കുണ്ട്. എന്നാല്‍ അത് വളരെ ലളിതമായിട്ട് ഒരു മനോഭാവത്തിലേക്ക് നയിക്കരുതെന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഇതുവരെ മൂന്ന് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. പരിശോധനക്കയച്ച 49 സാമ്പിളുകളുടെ ഫലത്തില്‍ ഈ മൂന്നെണ്ണം മാത്രമാണ് പോസറ്റീവ് എന്നും ബാക്കിയെല്ലാം നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നേരത്തെ സംശയിച്ച് ഐസൊലേറ്റ് ചെയ്ത ആളുകളുടെ തന്നെയാണ് പോസിറ്റീവായിട്ടുള്ളതെന്നും ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നും കെ. കെ ശൈലജ വ്യക്തമാക്കി. കൊറോണ വൈറസ് ബാധിത മേഖലകളില്‍ നിന്നെത്തിയിരിക്കുന്നത് 2239 പേരാണ്. 84 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ബാക്കിയുള്ളവര്‍ ഹോം ക്വാറന്റൈനിലാണ്. അവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്കി വരികയായാണെന്നും മന്ത്രി അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഈ മേഖലകളില്‍ നിന്നും വന്നവരില്‍ ഉണ്ടെങ്കില്‍ അവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. ബോധവത്കരണശ്രമങ്ങളോടും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളോടും ഒരുവിധം എല്ലാവരും സഹകരിക്കുന്നുണ്ട്. അപൂര്‍വം ചില ആളുകള്‍ സഹകരിക്കാതെയിരിക്കുന്നുണ്ട്. അവര്‍ അപകടത്തിലാക്കുന്നത് സമൂഹത്തിന്റെ കൂടി ആരോഗ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നമ്മുടെ നാട്ടില്‍ നിന്നാണ് ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ആളുകള്‍ വുഹാനിലേക്ക് പഠിക്കാന്‍ പോയത്. അതുകൊണ്ടാണ് നമ്മള്‍ ഇത് വളരെ കാര്യമായിത്തന്നെ എടുക്കുന്നത്. നാടിനു വേണ്ടി അവിടെനിന്ന് വന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി ആവര്‍ത്തിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘കൊറോണ വൈറസ് ബാധിച്ച് നമ്മുടെ സംസ്ഥാനത്ത് ഒരാള്‍ പോലും മരിക്കരുത് എന്ന് ആഗ്രഹിച്ചാണ് നമ്മള്‍ ഈ പെടാപ്പാടെല്ലാം പെടുന്നത്. അതിനു വേണ്ടി നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനു നല്ല ഫലമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലരും പല സംസ്ഥാനത്ത് നിന്നും വിളിച്ചിട്ട് നിങ്ങള്‍ കേരളത്തില്‍ എന്താണ് ചെയ്യുന്നത് എന്ന് ചോദിക്കുന്നുണ്ട്. അവര്‍ക്കെല്ലാം നമ്മള്‍ പറഞ്ഞുകൊടുക്കുന്നുണ്ട്.’ കെ. കെ ശൈലജ പറഞ്ഞു.

We use cookies to give you the best possible experience. Learn more