| Wednesday, 6th May 2020, 11:37 pm

കൊറോണയും മുതലാളിത്തവും തമ്മിലെന്ത്

ഷഫീഖ് താമരശ്ശേരി

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗമായ ശ്രീ. എം.എ ബേബി നടത്തിയ ഒരു പ്രസംഗം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. കൊവിഡ് 19നെതിരായ യുദ്ധത്തെ തീവ്രമുതലാളിത്ത സാമ്പത്തികനയങ്ങള്‍ക്കെതിരായ യുദ്ധമായി കാണമെന്നായിരുന്നു എം.എ ബേബി പറഞ്ഞിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എം.എ ബേബിയുടെ ഈ പ്രസംഗം ഏറെ പരിഹാസങ്ങള്‍ക്കാണ് വിധേയമായത്.

പരസ്പര വിരുദ്ധമായ എന്തോ ഒരു കാര്യം എം.എ ബേബി സംസാരിക്കുന്നു എന്ന തരത്തിലുള്ള കമ്മന്റുകളോട് കൂടിയാണ് സോഷ്യല്‍മീഡിയയിലെ നിരവധി പ്രൊഫൈലുകളും പേജുകളും ഈ വീഡിയോ പങ്കുവെച്ചത്. യഥാര്‍ത്ഥത്തില്‍ എം.എ ബേബിയുടെ പരാമര്‍ശങ്ങള്‍ ഈ രീതിയില്‍ പരിഹസിക്കപ്പെടേണ്ടതായിരുന്നോ. ലോകത്തെ അറിയപ്പെടുന്ന അനേകം ചിന്തകര്‍ ഈ കൊവിഡ് കാലത്ത് മുന്നോട്ട് വെച്ച നിരീക്ഷണങ്ങള്‍ പരിശോധിച്ചാല്‍ നമുക്കത് ബോധ്യമാകും.

നവലിബറലിസം കെട്ടഴിച്ചുവിട്ട മൂലധന ഭ്രാന്ത് ലോകത്തിന്റെ ആരോഗ്യപരിപാലനത്തെ വിഴുങ്ങിയതിന്റെ ഉത്തമഉദാഹരണങ്ങളാണ് കൊവിഡ് കാലത്ത് വെളിവായതെന്നാണ് വിഖ്യാത തത്വചിന്തകന്‍ നോം ചോസ്‌കി അഭിപ്രായപ്പെട്ടത്. നിയന്ത്രിക്കപ്പെടാത്തതും സ്വതന്ത്രവിപണിയിലധിഷ്ഠിതവുമായ ആഗോളീകരണം അപ്രസക്തമായിരിക്കുന്നു. അതിനാല്‍ സാര്‍വദേശീയതയിലും ആഗോളസാഹോദര്യത്തിലുമധിഷ്ഠിതമായ ഒരു പുതിയ തരം കമ്യൂണിസമാണ് ഇനി രൂപം കൊള്ളേണ്ടതെന്നാണ് സ്ലൊവേനിയന്‍ തത്വചിന്തകനായ സ്ലാവോയ് സിസെക് നിരീക്ഷിക്കുന്നത്.

കൊവിഡ് കാലത്ത് ലോകരാഷ്ട്രങ്ങളിലുണ്ടായ സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് ബോധ്യമാകുന്ന അനേകം വസ്തുതകളുണ്ട്. സാമ്പത്തിക ശേഷി കൊണ്ടും സാങ്കേതിക അഭിവൃദ്ധികള്‍ കൊണ്ടും വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്ന ലോകമുതലാളിത്തരാഷ്ട്രങ്ങള്‍ കൊവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ക്ക് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ പകച്ചുനില്‍ക്കുകയായിരുന്നു. മുതലാളിത്ത സമ്പദ് വ്യവസ്ഥ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണിപ്പോള്‍ എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ചിത്രങ്ങള്‍.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നാം തുടര്‍ന്ന് വരുന്ന ഒരു ലോകക്രമത്തെ തന്നെയാണ് കൊവിഡ് മഹാമാരി താറുമാറാക്കിയിരിക്കുന്നത്. മെച്ചപ്പെട്ട ചികത്സാ സൗകര്യങ്ങള്‍ ഉണ്ടാകും എന്ന് നാം കരുതിയിരുന്ന വികസിത രാജ്യങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ ഏറ്റവുമധികം സംഭവിച്ചിട്ടുള്ളത്. സമയോചിതമായ ചികത്സ കിട്ടാതിരുന്നതാണ് അമേരിക്ക, ബ്രിട്ടണ്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത്രയധികം മരണങ്ങളുണ്ടാക്കിയതെന്ന് വ്യക്തമാണ്. മുതലാളിത്ത രാജ്യങ്ങളില്‍ തന്നെ കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചിട്ടുള്ള സ്ഥലങ്ങളിലെ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലം പരിശോധിക്കുമ്പോഴും നമുക്ക് മനസ്സിലാകുന്നത്, നിലനില്‍ക്കുന്ന ഒരു കാലത്തെ സാമൂഹികക്രമമാണ് സാധാരണക്കാരായ മനുഷ്യരെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിടുന്നത് എന്നത് തന്നെയാണ്.

സാമ്പത്തിക ഞെരുക്കങ്ങള്‍ കൊണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാന്‍ സാധിക്കാതെ പോയ സാധാരണക്കാര്‍, തൊഴില്‍ രഹിതരായ ഇടത്തരക്കാര്‍ എന്നിവരെല്ലാം അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പൊറുതിമുട്ടുന്നത് സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സില്‍ തന്നെ കൊവിഡ് ചികിത്സ ഇല്ലാതിരുന്നതും, ചികിത്സയ്‌ക്കെത്തുന്നവരെ പരിചരിക്കാന്‍ വേണ്ടത്ര ഉപകരണങ്ങളോ ജീവനക്കാരോ ഇല്ലാത്തതും പല രാജ്യങ്ങളിലെയും ജനങ്ങളുടെ സ്ഥിതിവിശേഷങ്ങളെ കൂടുതല്‍ മോശമാക്കുകയായിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ട്രംപ് അടക്കമുള്ള മുതലാളിത്ത ഭരണാധികാരികള്‍ അങ്ങേയറ്റത്തെ നിരുത്തരവാദിത്വമായിരുന്നു തുടര്‍ന്നുപോന്നിരുന്നത്. രാജ്യം നേരിട്ട ഒരു മഹാ പ്രതിസന്ധിയുടെ ഘട്ടത്തിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനേക്കാള്‍ പ്രാധാന്യം അവരുടെ പതിവ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയതാണ് തുടര്‍ദിവസങ്ങളില്‍ ആ രാജ്യങ്ങളെ ഏറെ ദയനീയമായ ഒരു സാഹചര്യങ്ങളിലേക്ക് കൊണ്ടെത്തിച്ചത് എന്നതില്‍ തര്‍ക്കമില്ല.

മുതലാളിത്തം സൃഷ്ടിച്ച നവഉദാരവത്കരണ നയങ്ങളും അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന ജനവിരുദ്ധതയുമാണ് ഈ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചത് എന്ന് നിസ്സംശയം പറയാം. ആഗോളസാമ്രാജ്യത്വത്തിന്റെ അധിപനായി കരുതപ്പെടുന്ന ട്രംപ് തന്നെയാണ് കൊവിഡിനെതിരായ ലോകത്തിന്റെ പ്രതിരോധങ്ങളില്‍ ഏറ്റവും വിള്ളലുകള്‍ വരുത്തിയത്. കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് ലഭിച്ച എല്ലാ മുന്നറിയിപ്പുകളും തള്ളിക്കളയുകയാണ് ട്രംപ് ചെയ്തത്.

ആഗോളമുതലാളിത്തം അതിന്റെ ഏറ്റവും വലിയ പരീക്ഷണശാലയായി കണ്ടിരുന്നതും അവരുടെ തന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്നതുമായ ഒരു മേഖലയാണ് ആരോഗ്യരംഗമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ജൈവപരമായി തന്നെ സാമൂഹിക ജീവിതം നയിച്ചുവന്നിരുന്ന മനുഷ്യര്‍ക്കിടയിലേക്ക് വലിയ രീതിയില്‍ വ്യക്തിവാദത്തെ കടത്തിവിട്ടത് മുതലാളിത്തമായിരുന്നു. അതിനിടയിലൂടെ മുതലാളിത്തത്തിന്റെ ലാഭതാത്പര്യങ്ങളെ അവര്‍ മെനഞ്ഞെടുക്കുകയും ചെയ്തു.

ഓരോ വ്യക്തികളുടെയും ശരീരവും ആരോഗ്യവും രോഗവുമെല്ലാം അതാത് വ്യക്തികളുടേത് മാത്രമാണെന്നായിരുന്നു മുതലാളിത്തം സൃഷ്ടിച്ചെടുത്ത ജീവിത സങ്കല്‍പം. അതിനനുസൃതമായ രീതിയിലുള്ള ചികിത്സാസംവിധാനങ്ങള്‍, മരുന്നുകള്‍, ആരോഗ്യപരിപാലന രീതികള്‍, വ്യക്തിഗതമായ ആരോഗ്യ സുചികകള്‍ എന്നിവയായിരുന്നു മുതലാളിത്തം വികസിപ്പിച്ചെടുത്തിരുന്നത്. അതുവഴി കോര്‍പ്പറേറ്റുകള്‍ ആഗോളമാസകലമുള്ള ആരോഗ്യമേഖലയിലേക്ക് കടന്നുവരുന്നതിനും ലോകം സാക്ഷിയായി. പൊതുജനാരോഗ്യസംവിധാനങ്ങള്‍ ദുര്‍ബലപ്പെടുന്നതിനും സ്വകാര്യ മെഡിക്കല്‍ രംഗം ശക്തിപ്പെടുന്നതിനും ഇത് കാരണമാവുകയും ചെയ്തു.

ഇതിന്റെയെല്ലാം ദുരിതങ്ങള്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വന്നത് ഈ മഹാമാരിക്കാലത്താണ്. ആരോഗ്യം എന്നത് വ്യക്തിപരം മാത്രമല്ല എന്നും ഏതൊരാളുടെയും ആരോഗ്യം അയാള്‍ക്ക് മാത്രമായി സംരക്ഷിക്കാനാവില്ല എന്നുമുള്ള തിരിച്ചറിവിലേക്കാണ് കൊവിഡ് കാലത്തെ ലോകം എത്തിയിരിക്കുന്നത്. സാമൂഹികാരോഗ്യത്തിന്റെ ഭാഗമാണെന്ന് ഓരോരുത്തരുടെയും വ്യക്തിപരമായ ആരോഗ്യം എന്ന തിരിച്ചറിവും നമുക്ക് വന്ന് കഴിഞ്ഞു. മുതലാളിത്തം സൃഷ്ടിച്ചിരുന്ന സാമൂഹികവും ആരോഗ്യപരവുമായ സങ്കല്‍പങ്ങള്‍ തകര്‍ന്നുതരിപ്പണമാകുന്നതും പൊതു ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിയുന്നതുമായ സ്ഥിതിവിശേഷം ഇന്ന് രൂപപ്പെട്ടിരിക്കുന്നു.

മാനവരാശി നേരിടുന്ന മഹാവിപത്തുകളെ നേരിടാന്‍ മുതലാളിത്തത്തിനോ അവ സൃഷ്ടിച്ച വിപണി നയങ്ങള്‍ക്കോ സാധ്യമല്ലെന്ന് തന്നെയാണ് ഈ കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്നത്. അധികാരവും സമ്പത്തും കേന്ദ്രീകൃതമാവുകയും സേവനമേഖലകളടക്കം വിപണികേന്ദ്രീകൃതമായ വ്യവസ്ഥകളിലേക്ക് വഴിമാറുകയും ചെയ്യുന്ന നവലിബറലിസത്തിന് പകരം ജനക്ഷേമത്തെ മുന്‍നിര്‍ത്തിയുള്ള ജനാധിപത്യ സോഷ്യലിസ്റ്റ് ഭരണ വ്യവസ്ഥകള്‍ രൂപം കൊള്ളേണ്ടതിന്റെ പ്രാധാന്യം ഒരിക്കല്‍കൂടി ലോകത്തെ ഓര്‍മിപ്പിക്കുകയാണ് ഈ കൊറോണ കാലം.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more