കോറി ആന്‌ഡേഴ്‌സണ്‍ ചുമ്മാ തീ; അമ്മാതിരി ക്യാച്ചാണ് ഇയാള്‍ മേജര്‍ ലീഗില്‍ എടുത്തത്!
Sports News
കോറി ആന്‌ഡേഴ്‌സണ്‍ ചുമ്മാ തീ; അമ്മാതിരി ക്യാച്ചാണ് ഇയാള്‍ മേജര്‍ ലീഗില്‍ എടുത്തത്!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th July 2024, 3:50 pm

ഇന്ന് മേജര്‍ ലീഗ് ക്രിക്കറ്റില്‍ സന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സും ടെക്‌സാസ് സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പ്ലേ ഓഫ് മത്സരത്തില്‍ സാന്‍സ് ഫ്രാന്‍സിസ്‌കോ പത്ത് റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഗ്രാന്‍ഡ് പ്രൈറി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ സൂപ്പര്‍ കിങ്‌സ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത യൂണികോണ്‍സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് മാത്രമാണ് നേടിയത്.

യൂണികോണ്‍സിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഫിന്‍ അലന്‍ ആണ്. 53 പന്തില്‍ 101 റണ്‍സ് നേടിയാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. അഞ്ച് സിക്‌സും 9 ഫോറും ഉള്‍പ്പെടെയാണ് താരം സെഞ്ച്വറി നേടിയത്. താരത്തിന് പുറമേ ജോഷ് ഇന്‍ഗ്ലിസ് 37 റണ്‍സും ഹസന്‍ ഖാന്‍ 27 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

ടെക്‌സാസിനു വേണ്ടി ഡെവോണ്‍ കോണ്‍വെ 38 പന്തില്‍ 62 റണ്‍സ് നേടിയപ്പോള്‍ ജോഷ്വ ട്രോംപ് 36 പന്തില്‍ 56 റണ്‍സും നേടി.ഇരുവരും പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി 45 റണ്‍സും നേടിയിരുന്നു.

യൂണികോണ്‍സിനു വേണ്ടി ക്യാപ്റ്റന്‍ കോറി ആന്‍ഡേഴ്‌സനാണ് ഫാഫിന്റെ ക്യാച്ച് നേടിയത്.
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന ക്യാച്ച് തന്നെയായിരുന്നു കോറി നേടിയത്. കവറിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ നിന്ന് ഇടതു കൈകൊണ്ട് ചാടിപ്പിടിക്കുകയായിരുന്നു കോറി. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

യൂണികോണ്‍സിനു വേണ്ടി കാര്‍മി ലേ റോസ്, ഹസന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ ജോനോയി ഡ്രിസ്‌ഡേല്‍ രണ്ട് വിക്കറ്റും നേടി.

ടെക്‌സാസിനു വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവച്ചത് നൂര്‍ അഹമ്മദാണ്. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളാണ് താരം നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസ് ഒട്ടിനിയല്‍ ബാര്‍ഡ്മാന്‍ മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

 

 

Content Highlight: Corey Anderson takes a stunning catch of Faf du Plessis