| Wednesday, 31st August 2022, 7:50 pm

കരുതല്‍ ഡോസായി ഇനി മുതല്‍ കൊര്‍ബിവാക്‌സ് വാക്‌സിനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കരുതല്‍ ഡോസ് കൊവിഡ് വാക്‌സിനായി ഇനി മുതല്‍ കൊര്‍ബിവാക്‌സ് വാക്‌സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനിമുതല്‍ അതേ ഡോസ് വാക്‌സിനോ അല്ലെങ്കില്‍ കൊര്‍ബിവാക്‌സ് വാക്‌സിനോ കരുതല്‍ ഡോസായി സ്വീകരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

മുമ്പ് ഏത് വാക്‌സിനെടുത്താലും അതേ വാക്‌സിനായിരുന്നു കരുതല്‍ ഡോസായി നല്‍കിയിരുന്നത്. അതിനാണ് മാറ്റം വരുത്തിയത്. കൊവിന്‍ പോര്‍ട്ടലിലും ഇതിനനുസരിച്ച മാറ്റം വരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതനുസരിച്ചുള്ള ക്രമീകരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 12 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് കൊര്‍ബിവാക്‌സ് വാക്‌സിനും 15 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിനുമാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് കരുതല്‍ ഡോസില്ല. 18 വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ആറ് മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്.

പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കോ വിദേശത്ത് പോകുന്നവര്‍ക്ക് 90 ദിവസം കഴിഞ്ഞും കരുതല്‍ ഡോസ് എടുക്കാവുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു

വിദേശത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കൊവിഡ് വാക്സിന്‍ രണ്ടാം ഡോസായോ കരുതല്‍ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിദേശത്ത് ലഭ്യമായ വാക്സിന്‍ ഒരു ഡോസോ, രണ്ട് ഡോസോ എടുത്ത് ഇന്ത്യയിലെത്തിയ പ്രവാസികള്‍ക്ക് അതേ വാക്സിന്‍ ഇവിടെ ലഭ്യമാകാത്തത് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു.

ഇക്കാര്യം സംസ്ഥാനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പിന്റെ ശിപാര്‍ശ പ്രകാരമാണ് നടപടി.

ഇതനുസരിച്ച് ഭാഗികമായി വാക്സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ആഭ്യന്തരമായി ലഭ്യമായ കൊവിഡിന്റെ രണ്ടാമത്തെ ഡോസ് അല്ലെങ്കില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാവുന്നതാണ്.

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കരുതല്‍ ഡോസ് സര്‍ക്കാര്‍ കൊവിഡ് വാക്സിനേഷന്‍ സെന്ററുകളില്‍ സൗജന്യമാണ്. സൗജന്യ കരുതല്‍ ഡോസ് വാക്സിന്‍ സെപ്റ്റംബര്‍ മാസം അവസാനം വരെ മാത്രമേയുണ്ടാകൂവെന്ന് മന്ത്രി അറിയിച്ചു.

Content Highlight: Corbevax approved as precaution dose for Covid-19

Latest Stories

We use cookies to give you the best possible experience. Learn more