മരട്: മരടില്‍ അവശേഷിച്ച രണ്ട് ഫ്‌ളാറ്റുകളില്‍ ഒന്നായ കോറല്‍ കോവിന്റെ പൊളിക്കല്‍ പൂര്‍ത്തിയായി. കെട്ടിട സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ വിജയകരമായി തകര്‍ക്കാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശത്ത് വലിയ തോതില്‍ പൊടിപടലം വ്യാപിച്ചിട്ടുണ്ട്. പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം നാലാം സൈറണ്‍ മുഴങ്ങിയാല്‍ ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി വെള്ളം തളിച്ച് പൊടി നിയന്ത്രണവിധേയമാക്കും.
തീരപരിപാലന നിയമം ലംഘിച്ച മരടിലെ നാല് ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റാനായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇതിനെ തുടര്‍ന്ന് ജനുവരി പതിനൊന്നിന് എച്ച്ടുഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റുകള്‍ തകര്‍ത്തിരുന്നു. ജെയിന്‍ കോറല്‍ കോവ് ഇന്ന് രാവിലെ 11.2 നാണ് തകര്‍ത്തത്. മുമ്പ് പറഞ്ഞ കൃത്യം സമയത്ത് തന്നെയാണ് സ്‌ഫോടനം നടന്നത്. 6 മിനിറ്റിനുള്ളില്‍ സ്‌ഫോടനം പൂര്‍ത്തിയായി. ബാക്കിയുള്ള ഗോള്‍ഡന്‍ കായലോരം കെട്ടിടസമുച്ചയം ഇന്ന് രണ്ട് മണിക്ക് തകര്‍ക്കും.
ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത് ജനവാസ മേഖലയില്‍ നിന്നും അല്‍പം മാറിയിട്ടുള്ള പ്രദേശത്തായതിനാല്‍ തകര്‍ക്കുന്നതിന് ശനിയാഴ്ച നേരിട്ട അത്രയും വെല്ലുവിളികള്‍ ഉണ്ടാകില്ല എന്നാണ് കണക്കാക്കുന്നത്.
എന്നാലും കഴിഞ്ഞ ദിവസം സ്വീകരിച്ച അതേ സുരക്ഷാക്രമീകരണങ്ങള്‍ തന്നെയാണ് ഇന്നും ഒരുക്കിയിട്ടുള്ളത്. കനത്ത ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പ്രദേശവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്.
രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സ്‌ഫോടനസമയത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തുന്നുണ്ട്.