| Wednesday, 24th January 2018, 1:04 pm

പണം തട്ടിയെന്ന പരാതി കോടിയേരിയുടെ മകന്‍ ബിനോയ്‌ക്കെതിരെ; പരാതിയുടെ പകര്‍പ്പ് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.പി.ഐ.എം നേതാവിന്റെ മകന്‍ ദുബായില്‍ തട്ടിപ്പ് നടത്തിയെന്ന പരാതി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയെന്ന് റിപ്പോര്‍ട്ടുകള്‍. ദുബായിലെ കമ്പനിയില്‍ നിന്ന് ബിനോയ് പണം തട്ടിയെന്ന പരാതിയുടെ പകര്‍പ്പുകള്‍ പുറത്തുവന്നു. ചവറ എം.എല്‍.എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്തിനെതിരെയും സമാനമായ പരാതി കമ്പനി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും എ.കെ.ജി സെന്റില്‍ കൂടിക്കാഴ്ച നടത്തുകയാണ്. മകനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ സി.പി.ഐ.എം നേതാവിന്റെ മകന്‍ പണം തട്ടിയെന്ന പരാതി എന്ന രീതിയിയിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത് ഇതിനു പിന്നാലെയാണ് കോടിയേരിയുടെ മകനെതിരായ പരാതിയുടെ പകര്‍പ്പ് പുറത്തു വന്നത്.

പ്രതിയെ ദുബായ് കോടതിയില്‍ ഹാജരാക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ നീക്കം നടക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മകന്റെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും പണം തിരിച്ച് നല്‍കാമെന്ന് നേതാവ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നുമാണ് ആരോപണങ്ങള്‍. പണം തിരികെ നല്‍കിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനം.

ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടില്‍ നിന്നു നല്‍കിയെന്നാണ് ദുബായ് കമ്പനിയുടെ പറയുന്നത്.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുെങ്കിലും കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആ സമയത്ത അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമേ 36.06 ലക്ഷമായിരുന്നെന്നും ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും റിപ്പോര്‍ട്ട് പറയുന്നു.

തിരിച്ചടവിനത്തില്‍ കഴിഞ്ഞ മേയ് 16 നു നല്‍കിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേതാവിന്റെ മകന്‍ ഒരു വര്‍ഷത്തിലേറെയായി ദുബായില്‍നിന്നു വിട്ടുനില്‍ക്കുന്നതായാണ് വാര്‍ത്തകള്‍.

We use cookies to give you the best possible experience. Learn more