സൗത്ത് ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ചെയ്യുന്ന പാട്ടുകളെല്ലാം ചാര്‍ട്ട്ബസ്റ്റേഴ്‌സ് ആവുകയും സോഷ്യല്‍ മീഡിയ ഭരിക്കുകയും ചെയ്യുന്നുണ്ട്. തിയേററുകളില്‍ പ്രകമ്പനം കൊള്ളിക്കുന്ന ബി.ജി.എം ഒരുക്കുന്നതിലും അനിരുദ്ധിനെ വെല്ലാന്‍ ആളില്ലെന്നാണ് ആരാധകരുടെ വാദം.
എന്നാല്‍ അനിരുദ്ധിനെതിരെ പലപ്പോഴും കോപ്പിയടി വാദം കേള്‍ക്കാറുണ്ട്. നെല്‍സണ്‍ സംവിധാനം ചെയ്ത കോലമാവ് കോകിലയിലെ കല്യാണ വയസ് എന്ന പാട്ടിന് നേരെയാണ് ആദ്യമായി കോപ്പിയടി ആരോപണം ഉയര്‍ന്നത്. ഇംഗ്ലീഷ് ഗാനമായ ഫീലിങ് മീ അതപടി പകര്‍ത്തിവെച്ച ‘കല്യാണ വയസ്’ എന്ന ഗാനം സോണി മ്യൂസിക് അവരുടെ യൂട്യൂബ് പേജില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം റിലീസായി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയ ലിയോയിലെ ഓര്‍ഡിനറി പേഴസണ്‍ എന്ന പാട്ടും കോപ്പിയായിരുന്നു. ലോകമെങ്ങും ആരാധകരുള്ള പീക്കി ബ്ലൈന്‍ഡേഴ്‌സ് സീരീസിലെ ‘ഐ ആം നോട്ട് ആന്‍ ഔട്ട്‌സൈഡര്‍’ എന്ന പാട്ടാണ് അനിരുദ്ധ് അതേപടി പകര്‍ത്തിയത്. ഒറിജിനല്‍ പാട്ടിന്റെ കമ്പോസര്‍ ഇതിനെതിരെ പ്രതികരിച്ചതും വലിയ വാര്‍ത്തയായിരുന്നു.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദേവരയിലെ പാട്ടിന് നേരെയാണ് ഏറ്റവും പുതിയ ആരോപണം. ശില്പ റാവു ആലപിച്ച ‘ചുട്ടമല്ലേ’ എന്ന പാട്ടിന് ശ്രീലങ്കന്‍ ഗാനമായ ‘മാനികെ മാഗെ ഹിതെ’ എന്ന പാട്ടുമായി നല്ല രീതിയില്‍ സാമ്യമുണ്ട്. ഇതോടെ പലരും അനിരുദ്ധിനെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശിക്കുകയാണ്.
ആരും അധികം കേള്‍ക്കാത്ത പാട്ടുകള്‍ പോലും പലരും കോപ്പിയടിക്കാന്‍ മടിക്കുന്ന ഇന്നത്തെ കാലത്ത് പോപ്പുലറായിട്ടുള്ള പാട്ടുകള്‍ തെരഞ്ഞു പിടിച്ച് കോപ്പിയടിക്കാന്‍ അനിരുദ്ധ് കാണിക്കുന്ന ധൈര്യത്തെക്കുറിച്ചും പലരും പരാമര്‍ശിക്കുന്നുണ്ട്. ദേവരയിലെ ആദ്യ ഗാനമായ ‘ഫിയര്‍ സോങ്ങി’ന് അനിരുദ്ധിന്റെ തന്നെ ബാഡാസ് എന്ന പാട്ടുമായുള്ള സാമ്യം പലരും ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlight: Copy allegation against Anirudh’s new song in Devara movie