ബെംഗളൂരു: കർണാടകയിലെ ഹൊന്നാവറിൽ ഗോവധക്കേസ് പ്രതിയുടെ കാലിന് വെടിവെച്ച് പൊലീസ്. കസർകോട് ഗ്രാമത്തിലെ ടോങ്ക സ്വദേശിയായ മുഹമ്മദ് ഫൈസാൻ ഹസൻ കാവ്ക എന്ന യുവാവിനെതിരെയാണ് പൊലീസ് നിറയൊഴിച്ചത്.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തങ്ങൾ ആത്മരക്ഷാർഥം വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വാദം. സാൽകോ ഗ്രാമത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗോവധക്കേസിലെ പ്രതിയായ ഫൈസാൻ കാർവാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ടോങ്ക നിവാസിയായ ഇയാളും കൂട്ടാളികളും ചേർന്ന് ഹൊന്നാവറിലെ സാൽക്കോട് ഗ്രാമപഞ്ചായത്തിലെ കൊണ്ടുകുളി ഗ്രാമത്തിൽ ഗർഭിണിയായ പശുവിനെ അറുത്തതായി പറയപ്പെടുന്നു.
കേസിൽ അഞ്ചോളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉത്തര കന്നഡ എസ്.പി നാരായൺ എം പറഞ്ഞു. ഇവർ മാംസത്തിനായാണ് പശുവിനെ അറുത്തതെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്നതിൻ്റെ പിറ്റേന്ന് ഭട്കലിൽ ഒരു വിവാഹത്തിൽ ബീഫ് വിളമ്പിയതായി പൊലീസ് കണ്ടെത്തി.
ഗ്രാമവാസിയായ കൃഷ്ണ ആചാരിയുടെയാണ് പശു. മേയാൻ വിട്ട പശുവിനെ കാണാത്തതിനാൽ തുടർന്ന് ആചാരി തിരച്ചിൽ നടത്തിയപ്പോഴാണ് അറുത്ത നിലയിൽ കണ്ടെത്തിയത്. പശുവിൻ്റെ തലയും കാലുകളും അറുത്തുമാറ്റിയ അക്രമികൾ ഗർഭസ്ഥ ശിശുവിനെ സംഭവസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം ഫൈസാനെ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോൾ പൊലീസിനെ ആക്രമിച്ചുവെന്നാണ് പറയപ്പെടുന്നത്. ദുഗ്ഗുരു വനത്തിൽ വെച്ച് ഫൈസാൻ വെട്ടുകത്തി എടുത്ത് ഇൻസ്പെക്ടർ സിദ്ധരാമേശ്വരനെ ആക്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. പി.എസ്. ഐ രാജശേഖർ വണ്ടാലി, ഹെഡ് കോൺസ്റ്റബിൾമാരായ ഗജാനൻ നായിക്, ഗണേഷ് ബദ്‌നി എന്നിവർ ഇടപെട്ടപ്പോൾ ഫൈസാൻ അവർക്ക് നേരെയും ആക്രമണമഴിച്ചുവിട്ടു. തുടർന്ന്, സ്വയരക്ഷയ്ക്കായി വെടിവെച്ചെന്ന് പൊലീസ് അറിയിച്ചു.
Content Highlight: Cops shot at Karnataka’s Honnavar cow slaughter accused in leg in self defence