മീററ്റ്: മുസാഫിര്‍നഗര്‍ കലാപക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ തെരഞ്ഞെടുപ്പു പ്രചരണ വാഹനത്തില്‍ നിന്നും കലാപദൃശ്യങ്ങളടങ്ങിയ സിഡി പിടിച്ചെടുത്തു. മീററ്റിലെ സര്‍ധന മേഖലയിലെ ഫരീദ്പൂര്‍ ഗ്രാമത്തില്‍വെച്ചായിരുന്നു സിഡി പിടിച്ചെടുത്തത്.
2013ലെ മുസാഫിര്‍ നഗര്‍ കലാപവേളയില്‍ കവാല്‍ഗ്രാമത്തില്‍ നടന്ന സംഘര്‍ഷങ്ങളാണ് വീഡിയോയിലുള്ളതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഈ സിഡികള്‍ പ്രദര്‍ശിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവ പിടിച്ചെടുത്തതെന്നാണ് മീററ്റ് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രകല പറയുന്നു.
“സാര്‍ധന മേഖലയില്‍ സംഗീത് സോമിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വാഹനത്തില്‍ മുസാഫിര്‍ നഗര്‍ കലാപത്തിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി പ്രദര്‍ശിപ്പിച്ചു എന്ന് ഞങ്ങള്‍ക്ക് പരാതി ലഭിച്ചു. തുടര്‍ന്ന് ഇക്കാര്യം സാര്‍ധന ജില്ലയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹം ഇക്കാര്യം പൊലീസിനെ അറിയിക്കുകയും സി.ഡി സ്ഥലത്തുനിന്നും പിടിച്ചെടുക്കുകയുമായിരുന്നു.” അദ്ദേഹം പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിലെ ഡ്രൈവറുടെയും വാഹനത്തിന് അനുമതി തേടിയ വ്യക്തിയുടെയും പേരില്‍ കേസെടുത്തിട്ടുണ്ട്.