| Friday, 10th July 2020, 6:58 pm

കാര്‍ ആക്‌സിഡന്റായത് കന്നുകാലിക്കൂട്ടം മുന്നിലെത്തിയതിനെ തുടര്‍ന്ന്; വികാസ് ദുബെയുടെ മരണത്തില്‍ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വെച്ച് പൊലീസ് വെടിയേറ്റ് മരിച്ച അധോലോക നായകന്‍ വികാസ് ദുബെയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് പൊലീസ്. വികാസിനെ അറസ്റ്റ് ചെയ്തു പോവുകയായിരുന്ന കാര്‍ ആക്‌സിഡന്റാവാന്‍ കാരണം കന്നു കാലിക്കൂട്ടം വാഹനത്തിന് മുമ്പില്‍ പെട്ടതാണെന്നാണ് പൊലീസ് പറയുന്നത്.

കന്നുകാലിക്കൂട്ടം വാഹനത്തിന് മുന്നില്‍ ചാടിയതിനാല്‍ ഡ്രൈവര്‍ വണ്ടി വെട്ടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഇതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വികാസ് ദുബെയെ ജീവനോടെ പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും ദുബെ തുടരെ വെടിവെച്ചതിനെ തുടര്‍ന്നാണ് പൊലീസ് വെടിയുതിര്‍ത്തതെന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് രാവിലെയാണ് വികാസ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. എന്നാല്‍, തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം ഉന്നതരിലേക്ക് എത്തിച്ചേരാതിരിക്കാനും ആസൂത്രിതമായി വികാസ് ദുബെയെ കൊലപ്പെടുത്തിയതാണെന്ന വാദം ഇതിനോടകം ഉയര്‍ന്നുവന്നിട്ടുണ്ട്. വികാസ് ദുബെയുടെ വീട് ഇടിച്ച് നികത്തിയ സംഭവം ഇതേ ഉദ്ദേശ്യത്തോട് തന്നെയാണെന്നാണ് ആരോപിക്കപ്പെടുന്നത്.

രാഷ്ട്രീയനേതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ആളായിരുന്നു വികാസ് ദുബെയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇടക്കാലത്ത് ദുബെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more