സ്മൃതി ഇറാനിയുടെ സഹായി കൊല്ലപ്പെട്ട സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍, രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസ്
അമേഠി: സ്മൃതി ഇറാനിയുടെ സഹായിയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ സുരേന്ദ്ര സിങ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കി. അഞ്ച് പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരില്‍ ഒരാളില്‍ നിന്ന് പൊലീസ് നാടന്‍ തോക്ക് കണ്ടെത്തി. ഇതുപയോഗിച്ചാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ഒ.പി സിങ് പറഞ്ഞു.
അമേഠിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് കാംപെയിന് നേതൃത്വം കൊടുത്തിരുന്നവരില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്ര സിങ്. അമേഠിയിലെ ബറൗലിയയിലെ മുന്‍ ഗ്രാമമുഖ്യന്‍ കൂടിയായിരുന്നു സുരേന്ദ്ര സിങ്.
കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ അമേഠിയില്‍ ബി.ജെ.പിക്ക് മേല്‍ക്കൈ ഉണ്ടാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചയാളായതിനാലാണ് സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയതെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍വെച്ചായിരുന്നു സുരേന്ദ്ര സിങിന് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ 2015-ല്‍ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പ്രകാരം ദത്തെടുത്ത ഗ്രാമമായിരുന്നു ബറൗലിയ. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് സുരേന്ദ്ര സിങ് ഗ്രാമമുഖ്യന്റെ സ്ഥാനം രാജിവെച്ചത്. മണ്ഡലത്തില്‍ സ്മൃതിയുടെ വിവാദമായ ചെരിപ്പ് വിതരണത്തിന്റെ ചുക്കാന്‍ പിടിച്ചതും സുരേന്ദ്ര സിങ്ങാനായിരുന്നു.