| Saturday, 8th January 2022, 9:23 am

'സനാതന ധര്‍മത്തില്‍ വിശ്വാസമില്ലാത്തവര്‍ക്ക് വരാന്‍ ഇത് പിക്‌നിക് സ്‌പോട്ടല്ല'; അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിച്ച വാരണാസി പോസ്റ്ററുകളിന്മേല്‍ അന്വേഷണമാരംഭിച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരണാസി: ഗംഗയുടെ കടവുകളില്‍ നിന്നും, ഗംഗാ തീരത്തുള്ള ക്ഷേത്രങ്ങളില്‍ നിന്നും അഹിന്ദുക്കള്‍ അകലം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായതോടെ അന്വേഷണമാരംഭിച്ച് പൊലീസ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

”കാശിയില്‍ ഗംഗാ മാതയുടെ തീരത്തുള്ള കടവുകളും ക്ഷേത്രങ്ങളും സനാതന ധര്‍മത്തിന്റെയും ഭാരതീയ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകങ്ങളാണ്.

സനാതന ധര്‍മത്തില്‍ വിശ്വാസമുള്ളവര്‍ക്ക് സ്വാഗതം. അല്ലാത്തപക്ഷം ഇതൊരു പിക്‌നിക് കേന്ദ്രമല്ല എന്ന് മനസിലാക്കുക,” ഒരു പോസ്റ്ററില്‍ പറയുന്നു.

അഹിന്ദുക്കള്‍ പ്രവേശിച്ചിരിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നും ഇതൊരു അപേക്ഷയല്ല, മുന്നറിയിപ്പാണ് എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ഹിന്ദിയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നാണ് പോസ്റ്ററുകള്‍ വന്നിരിക്കുന്നതെന്നും എന്നാല്‍ ഇവ നീക്കം ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.സംഭവത്തില്‍ വാരണാസി പൊലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം വിശ്വഹിന്ദു പരിഷത്തും അവരുടെ യുവജന സംഘടനയിലൊന്നായ ബജ്‌രംഗ് ദളും ഈ പോസ്റ്ററുകള്‍ സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വീഡിയോയിലും ഫോട്ടോകളിലുമുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പി.ടി.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ പ്രതികരിച്ചു. സംഭവത്തില്‍ ഇതുവരെ ആരും പരാതി എഴുതിനല്‍കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

”അഹിന്ദുക്കള്‍ ഗംഗയുടെ വിശുദ്ധതക്ക് കളങ്കമാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്,” എന്നാണ് ബജ്‌രംഗ് ദളിന്റെ കാശി മഹാനഗര്‍ കോര്‍ഡിനേറ്ററായ നിഖില്‍ ത്രിപാഠി പ്രതികരിച്ചത്.

സനാതന ധര്‍മത്തില്‍ വിശ്വസിക്കാത്തവര്‍ മദ്യവും മാംസവും ഗംഗയുടെ കടവുകളില്‍ വെച്ച് ഉപയോഗിക്കുന്നുണ്ടെന്നും നിഖില്‍ ത്രിപാഠി ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Cops launch probe on Posters in Varanasi asking non-Hindus to stay away from Ghats of Ganga

We use cookies to give you the best possible experience. Learn more