| Thursday, 1st August 2019, 11:55 am

6 ലക്ഷത്തിന്റെ വൈദ്യുതി കുടിശിക അടക്കാത്തത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനില്‍ നിന്നും ഹെല്‍മെറ്റ് വെക്കാത്തതിന് 500 രൂപ ഈടാക്കി പൊലീസ്: സ്റ്റേഷനിലേക്കുള്ള കണക്ഷന്‍ കട്ട് ചെയ്ത് ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ആറ് ലക്ഷം രൂപയുടെ വൈദ്യുതി കുടിശിക അടച്ചുതീര്‍ക്കാത്തത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനില്‍ നിന്നും ഹെല്‍മറ്റ് വെക്കാത്തതിന് 500 രൂപ പിഴ ഈടാക്കി യു.പി പൊലീസ്.

ഇതിന് പിന്നാലെ സ്‌റ്റേഷനിലേക്കുള്ള കണക്ഷന്‍ ഉദ്യോഗസ്ഥന്‍ വിച്ഛേദിക്കുകയും ചെയ്തു. യു.പിയിലെ ഫിറോസാബാദിലായിരുന്നു സംഭവം. ശ്രീനിവാസ് എന്ന വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥനില്‍ നിന്നാണ് പൊലീസ് പിഴ ചുമത്തിയത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് വെച്ചില്ലെന്ന് പറഞ്ഞായിരുന്നു പിഴ ചുമത്തിയത്.

” വൈദ്യുതി കുടിശിക അടക്കാത്തതിന്റെ കാര്യം പറഞ്ഞപ്പോള്‍ അവര്‍ എനിക്ക് ട്രാഫിക് നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസെടുക്കുകയായിരുന്നു. ലോക്കല്‍ ഏരിയയില്‍ കൂടിയാണ് തന്റെ യാത്രയെന്നും അതുകൊണ്ടാണ് ഹെല്‍മെറ്റ് വെക്കാത്തതെന്നും പറഞ്ഞപ്പോള്‍ അവര്‍ കേട്ടില്ല. 500 രൂപ പിഴ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുടിശിക ചോദ്യം ചെയ്തതിനുള്ള പ്രതികാര നടപടിയായിരുന്നു അത്”- ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി കണക്ഷന്‍ ഉദ്യോഗസ്ഥന്‍ വിച്ഛേദിച്ചത്. വൈദ്യുതി ബില്‍ അടക്കേണ്ടതുണ്ടെന്ന് കാണിച്ച് പൊലീസുമായി നിരവധി തവണ ബന്ധപ്പെട്ടെന്നും എന്നാല്‍ കുടിശിക തീര്‍ക്കാന്‍ അവര്‍ തയ്യാറായില്ലെന്നുമാണ് ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡ് സബ് ഡിവിഷണല്‍ ഓഫീസര്‍ പറഞ്ഞത്.

വലിയ തുക കുടിശിക ഉള്ളതുകൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാതെയാണ് ശ്രീനിവാസിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞത്.

We use cookies to give you the best possible experience. Learn more