തൃശൂര്‍: തൃശൂരില്‍ മുസ്‌ലിം സ്ത്രീയെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ച സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വെൽഫെയർ പാർട്ടി നേതാവിനെതിരെ കേസെടുത്ത് പൊലീസ്. തൃശൂര്‍ മണ്ണൂത്തി പൊലീസാണ് സജിദ് ഖാലിദിനെതിരെ കേസെടുത്തിരിക്കുന്നത്.
തൃശൂര്‍ ജില്ലയിലെ മുല്ലക്കരയില്‍ രാവിലെ നടക്കാനിറങ്ങിയ 65 വയസ്സുള്ള ജമീല എന്ന സ്ത്രീയെ അവരുടെ അയല്‍വാസിയായ ബാബു എന്ന ആര്‍.എസ്.എസ്‌കാരന്‍ മര്‍ദ്ദിക്കുകയും രാജ്യം വിട്ടുപോകണമെന്ന് ആക്രോശിക്കുകയും ചെയ്തു എന്നാണ് സജിദ് തന്റെ ഫോസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ ജമീലയെ രക്ഷപ്പെടുത്തി തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെന്നും. പൊലീസ് ബാബുവിനെ അറസ്റ്റു ചെയ്‌തെങ്കിലും പിന്നീട് മനോരോഗമാണെന്ന് പറഞ്ഞ് ബാബുവിനെ പൊലീസ് വിട്ടയച്ചതായും പോസ്റ്റില്‍ പറയുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പോസ്റ്റിട്ടതിന് പിന്നാലെ സജീദ് ഖാലിനെതിരെ മണ്ണൂത്തി പൊലീസ് കേസെടുത്തു. പൊലീസിന്റെ നടപടിക്കെതിരെ സാജിദ് രംഗത്തെത്തിയിട്ടുണ്ട്.
പൊലീസ് തനിക്കെതിരെ ചുമത്തിയ എഫ്.ഐ.ആറിന്റെ കോപ്പി സഹിതം സജീദ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്.
പോസ്റ്റ് ഇട്ടതിന് പിന്നാലെ പൊലീസ് തനിക്കെതിരെ കേസെടുത്തുവെന്നും എന്നാല്‍ വെള്ളിയാഴ്ച രാവിലെ പത്രത്തില്‍ കണ്ടപ്പോഴാണ് തനിക്കെതിരെ പൊലീസ് കേസെടുത്ത വിവരം അറിയുന്നതെന്നും സജിദ് ഖാലിദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
153 ചുമത്തിയാണ് തൃശൂര്‍ മണ്ണൂത്തി പൊലീസ് തിരുവനന്തപുരത്തുകാരനായ സജിദിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സജിദിനെ ബന്ധപ്പെട്ടിട്ടില്ലാ എന്നാണ് സജിദ് പറയുന്നത്.
” ഇന്നലെ വൈകിട്ടാണ് പൊലീസ് കേസെടുത്തത്. പക്ഷേ ഇന്ന് രാവിലെയാണ് ഞാന്‍ അറിയുന്നത്.സംഭവത്തെക്കുറിച്ച് വന്ന പത്രവാര്‍ത്തയുടെ അവസനഭാഗത്ത് എനിക്കെതിരെ കേസെടുത്തിരിക്കുന്നത് കണ്ടൂ. അങ്ങനെയാണ് ഞാന്‍ അറിയുന്നത്. പൊലീസ് എന്നെ ബന്ധപ്പെട്ടിട്ടില്ല”, സജിദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പ്രതി സ്ഥലത്ത് ക്രമസമാധാനാന്തരീക്ഷം കെടുത്തി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി മണ്ണൂത്തി വൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട തോട്ടപ്പടിയില് വീട്ടമ്മയെ കയ്യേറ്റം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ തരത്തിലുള്ള സന്ദേശം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നു എന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ജനുവരി 30നാണ് കേസെടുത്തതായി എഫ്.ഐ.ആറില്‍ പറയുന്നത്.
ബാബുവിനെ സ്റ്റേഷനില്‍ കൊണ്ടുവന്നയുടന്‍ ബാബു ബഹളമുണ്ടാക്കിയെന്നും പൊലീസ് ബന്ധുക്കളെത്തി വിളിച്ചുവരുത്തി അവരുടെ കൂടെ വിടുകയാണ് ചെയ്തതെന്നും സജിദ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സംഘപരിവാര്‍കാര്‍ ആക്രമിച്ചാല്‍ കേസെടുക്കില്ല അതിനെതിരെ പ്രതികള്‍ക്കെതിരെ കേസെടുക്കുന്ന രീതിയാണ് പൊലീസ് സ്വീകരിച്ചു വരുന്നതെന്ന് സജീദ് പറയുന്നു.
താന്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ മാത്രമാണ് പോസ്റ്റില്‍ പറഞ്ഞിട്ടുള്ളതെന്നും മറ്റൊരുതരത്തിലും പ്രകോപനമുണ്ടാക്കുന്ന ഒന്നും പോസ്റ്റില്‍ പറഞ്ഞിട്ടില്ലെന്നും സജിദ് പറഞ്ഞു.
” കേരളത്തിലെ പൊലീസില്‍ സംഘപരിവാര്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. കേസ് നിയമപരമായി നേരിടാനാണ് തീരുമാനം”, സജീദ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.