വിശാഖപട്ടണം: ഓണ്‍ലൈന്‍ റീട്ടെയ്ലറായ ആമസോണിന്റെ വെബ്‌സൈറ്റ് വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ നാല് പേരെക്കൂടെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് പൊലീസിലെ അഴിമതി വിരുദ്ധ സ്‌ക്വാഡ് ആണ് വിശാഖപട്ടണത്ത് നിന്നും ഇവരെ അറസ്റ്റ് ചെയ്തത്.
ആമസോണ്‍ വഴി കഞ്ചാവും മരിജുവാനയും കടത്തിയ സംഭവത്തില്‍ ഇതുവരെ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയതത്. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
മധ്യപ്രദേശ് പൊലീസ് നല്‍കിയ സൂചനകളുപയോഗിച്ചാണ് ആന്ധ്രാപ്രദേശില്‍ നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് മധ്യപ്രദേശ് പൊലീസ് മേധാവി പറഞ്ഞു.
ഇതുവരെ ആകെ 68 കിലോ കള്ളക്കടത്ത് വസ്തുക്കള്‍ പിടികൂടിയതില്‍ 48 കിലോ കഞ്ചാവ് രണ്ട് ജൂട്ട് ബാഗുകളിലായാണ് പിടികൂടിയത്.
നവംബര്‍ 13നായിരുന്നു 20 കിലോ മരിജുവാനയുമായി രണ്ട് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് നവംബര്‍ 20നും രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
മധുര തുളസിയെന്ന വ്യാജനേ ഇവര്‍ ആമസോണ്‍ വെബ്സൈറ്റ് ഉപയോഗിച്ച് കഞ്ചാവ് വിതരണം ചെയ്തതായും ഓര്‍ഡര്‍ സ്വീകരിച്ചിരുന്നതായുമാണ് പൊലീസ് കണ്ടെത്തിയത്.
1,48,000 ഡോളര്‍ വിലമതിക്കുന്ന 1,000 കിലോ കഞ്ചാവെങ്കിലും ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.
ഗ്വാളിയോറിലെ ആമസോണിന്റെ ഡെലിവറി ഹബ്ബുകളിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.
ആമസോണ്‍ വഴി ഇതുവരെ 800 കിലോ കഞ്ചാവ് 384 ചരക്കുകളിലായി കടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി മധ്യപ്രദേശ് പൊലീസ് എസ്.പി മനോജ് സിംഗ് പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ആമസോണ്‍ ഇന്ത്യയുടെ സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കെതിരെ മധ്യപ്രദേശില്‍ മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നാര്‍ക്കോട്ടിക്സ് നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഇവര്‍ പൊലീസുകാര്‍ക്ക് കൊടുത്ത മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതിനാലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാലുമാണ് ‘നാര്‍കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്’ പ്രകാരം കേസ് എടുത്തതെന്നാണ് പൊലീസ് അറിയിച്ചത്.