| Monday, 30th January 2023, 2:20 pm

സ്ത്രീകളേയും ദളിതരേയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍; തുളസിദാസിന്റെ ഇതിഹാസ കവിത കത്തിച്ചവര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ബി.ജെ.പി നേതാവിന്റെ പരാതിയില്‍ ഉത്തര്‍പ്രദേശില്‍ ഹിന്ദു സന്ന്യാസിയും കവിയുമായ തുളസിദാസിന്റെ ‘രാമചരിതമനസ്’ എന്ന കവിതാസമാഹാരത്തിലെ ചില പേജുകള്‍ കത്തിച്ചതിന് 10 പേര്‍ക്കെതിരെ കേസ്.

സ്ത്രീകളേയും ദളിതരേയും അപമാനിക്കുന്ന തരത്തിലുള്ള വരികളുള്ള കവിതാസമാഹാരത്തിലെ ഏതാനും പേജുകളുടെ ഫോട്ടോസ്റ്റാറ്റ് ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ വെച്ച് കത്തിച്ചതിനെതിരായാണ് ലഖ്നൗ പൊലീസ് കേസെടുത്തിരിക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ, അഖില ഭാരതീയ ഒ.ബി.സി മഹാസഭാ പ്രവര്‍ത്തകരായ യശ്പാല്‍ സിങ് ലോധി, ദേവേന്ദ്ര യാദവ്, മഹേന്ദ്ര പ്രതാപ് യാദവ്, നരേഷ് സിങ്. എസ്.എസ്. യാദവ്, സുജിത്ത്, സന്തോഷ് വര്‍മ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യക്ക് പിന്തുണയുമായാണ് അഖില ഭാരതീയ ഒ.ബി.സി മഹാസഭാ പ്രവര്‍ത്തകര്‍ കവിതയിലെ വിവാദ പേജുകള്‍ കത്തിച്ച് പ്രതിഷേധിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120-ബി, 142, 143, 153-എ, 295, 295-എ, 298, 504, 505(2), 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ട ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സ്വാമി പ്രസാദ് മൗര്യ രാമചരിതമനസില്‍ ദളിതരെയും സ്ത്രീകളേയും അപമാനിക്കുന്നുവെന്ന് ആരോപിച്ച് കവിത നിരോധിക്കണം എന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

‘രാമചരിതമനസുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ അതിന്റെ ചില ഭാഗങ്ങളില്‍ ചില പ്രത്യേക ജാതികളേയും വിഭാഗങ്ങളേയും അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ട്. അവ നീക്കം ചെയ്യണം,’ എന്നാണ് മൗര്യ പറഞ്ഞത്.

മൗര്യയുടെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് ഭീഷണിയുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു.

ഹിന്ദു സന്ന്യാസിയും കവിയുമായ തുളസിദാസ് രാമായണത്തെ ആസ്പദമാക്കി എഴുതിയ ഇതിഹാസ കവിതയാണ് രാമചരിതമനസ്.

Content Highlight: Copies of Ramcharitmanas were burnt, case filed against 10 people including Swami Prasad Maurya

We use cookies to give you the best possible experience. Learn more