ഓം റൗട്ടിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ആദിപുരുഷിന്റെ ടീസര്‍ മുതല്‍ വലിയ വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരുന്നത്. റിലീസിന് പിന്നാലെ ഇതിന്റെ അളവ് വര്‍ധിച്ചിരിക്കുകയാണ്. കഥാപാത്രങ്ങളുടെ രൂപത്തില്‍ വരുത്തിയ മാറ്റങ്ങളും പ്രകടനങ്ങളും വി.എഫ്.എക്‌സുമെല്ലാം പരിഹാസങ്ങള്‍ വിളിച്ചുവരുത്തി.
ചിത്രത്തിനെതിരായി പ്രേക്ഷകവികാരം ഉയര്‍ന്നുവരാനുള്ള മറ്റൊരു കാര്യം മറ്റ് സിനിമകളില്‍ നിന്നുമുള്ള കോപ്പിയടിയായിരുന്നു. എണ്ണിയിലൊടുങ്ങാത്ത കോപ്പിയടികളാണ് ചിത്രത്തില്‍ കണ്ടെത്താന്‍ സാധിക്കുക. ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ ഗെയിം ഓഫ് ത്രോണ്‍സിലെ ഡ്രാഗണിന് സമാനമാണ് രാവണന്റെ വാഹനമെന്ന വിമര്‍ശനം വന്നിരുന്നു. പുഷ്പക വിമാനത്തിന് പകരമാണ് വവ്വാലിന്റെ മുഖമുള്ള ഈ ജീവിയെ കൊണ്ടുവന്നിരുന്നത്.
കൂടാതെ പോസ്റ്റര്‍ തങ്ങള്‍ നിര്‍മിച്ച ശിവന്റെ ചിത്രത്തിന്റെ കോപ്പിയാണെന്ന് പറഞ്ഞ് കണ്ടന്റ് ക്രിയേറ്റേഴ്‌സായ വാനര്‍സേന രംഗത്തെത്തിയിരുന്നു. ജലത്തിനടിയില്‍ ധ്യാനത്തിലിരിക്കുന്ന രാമനെ കണ്ട് അക്വാമാന്‍ എന്നും സോഷ്യല്‍ മീഡിയ പരിഹസിച്ചിരുന്നു.
അക്വാമാന്റെ ശരീരത്തിന് സമാനമായ ടാറ്റുവാണ് ഇന്ദ്രജിത്തിന്റെ ശരീരമാസകലം ഉണ്ടായിരുന്നത്. കൂടാതെ വാനരസൈന്യത്തിന് പ്ലാനെറ്റ് ഓഫ് ദി ഏപ്‌സുമായി സാമ്യമുണ്ട്. രാവണന്റെ സൈന്യത്തിലെ വിചിത്ര ജീവികളെ കാണാന്‍ ലോര്‍ഡ് ഓഫ് ദി റിങ്‌സിലെ ഓര്‍ക്‌സിനെ പോലെയുമുണ്ടായിരുന്നു.
ഹനുമാന്‍ കടല്‍ കടക്കുന്ന രംഗം മാന്‍ ഓഫ് സ്റ്റീലില്‍ സൂപ്പര്‍ മാന്‍ കടലിന് മീതെ പറക്കുന്ന രംഗത്തിന്റെ സീന്‍ ബൈ സീന്‍ കോപ്പിയായിരുന്നു.