കോപ്പ അമേരിക്കയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന പരാജയപ്പെടുത്തിയിരുന്നു. കോപ്പയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടു വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാനും നിലവിലെ ലോക ചാമ്പ്യന്മാര്‍ക്ക് സാധിച്ചു.
മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഈ മത്സരം വീക്ഷിക്കാന്‍ എത്തിയ ആരാധകരുടെ കണക്കുകള്‍ ആണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്നത്. അര്‍ജന്റീന-ചിലി മത്സരം കാണാനായി 81106 ആളുകളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ ഒരു ചരിത്ര നിമിഷത്തിനു കൂടിയാണ് അമേരിക്കന്‍ ഫുട്‌ബോള്‍ സാക്ഷ്യം വഹിച്ചത്.
യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പിനേക്കാള്‍ ഏറ്റവും കൂടുതല്‍ അറ്റന്‍ഡന്‍സ് കോപ്പ അമേരിക്ക സ്വന്തമാക്കിയിരിക്കുകയാണ്. യൂറോ കപ്പിന്റെ ചരിത്രത്തില്‍ 79115 ആളുകള്‍ കണ്ട മത്സരമാണ് റെക്കോഡ് അറ്റന്‍ഡന്‍സ് ആയി രേഖപ്പെടുത്തിയത്. എന്നാല്‍ അര്‍ജന്റീന-ചിലി മത്സരം വീക്ഷിക്കാന്‍ എത്തിയ ആളുകളുടെ എണ്ണം യൂറോപ്യന്‍ ഫുട്‌ബോളിനെയും മറികടന്നു കൊണ്ടാണ് ഇപ്പോള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
അതേസമയം മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ അവസാന സമയത്തായിരുന്നു അര്‍ജന്റീനയുടെ ഗോള്‍ പിറന്നത്. 88ാം മിനിട്ടില്‍ സൂപ്പര്‍താരം ലൗട്ടാറോ മാര്‍ട്ടിനസ് ആണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. അവസാന നിമിഷങ്ങളില്‍ അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നും ലഭിച്ച പന്ത് ഒരു ഫസ്റ്റ് ടച്ചിലൂടെ താരം ഗോള്‍ ആക്കി മാറ്റുകയായിരുന്നു.
മത്സരത്തിന്റെ സര്‍വമേഖലയിലും ആധിപത്യം പുലര്‍ത്തിയിരുന്നത് ലയണല്‍ മെസിയും കൂട്ടരും ആയിരുന്നു. 62 ശതമാനം ബോള്‍ പൊസഷന്‍ സ്വന്തമാക്കിയ അര്‍ജന്റീന 22 ഷോട്ടുകളാണ് രണ്ട് തവണ കോപ്പ അമേരിക്ക ജേതാക്കളായ ചിലിയുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ ഒമ്പത് എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ചിലിക്ക് അടിക്കാന്‍ സാധിച്ചത്.
ജയത്തോടെ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് ആറു പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. മറുഭാഗത്ത് രണ്ട് മത്സരങ്ങളില്‍ നിന്ന് ഓരോ സമനിലയും തോല്‍വിയും വീതം ഒരു പോയിന്റ് മാത്രമായി മൂന്നാം സ്ഥാനത്താണ് ചിലി. ജൂണ്‍ 30ന് പെറുവിനെതിരെയാണ് മേസിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ കാനഡയാണ് ചിലിയുടെ എതിരാളികള്‍.