| Wednesday, 10th July 2024, 1:08 pm

CR 7 പോലെ ഇനി LM 7; ഐതിഹാസികം, ചരിത്ര നേട്ടത്തില്‍ അര്‍ജന്റൈന്‍ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ അമേരിക്കയുടെ സെമി ഫൈനലില്‍ കാനഡയെ തകര്‍ത്ത് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്കാണ് മാര്‍ച്ച് ചെയ്തിരിക്കുന്നത്. ന്യൂ യോര്‍ക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് മെസിപ്പട വിജയം സ്വന്തമാക്കിയത്.

22ാം മത്സരത്തില്‍ ജൂലിയന്‍ അല്‍വാരസിലൂടെ മുമ്പിലെത്തിയ അര്‍ജന്റീന, രണ്ടാം പകുതിയുടെ ആറാം മിനിട്ടില്‍ നായകന്‍ മെസിയിലൂടെ ലീഡ് ഇരട്ടിയാക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ മെസിയുടെ ആദ്യ ഗോളാണിത്.

90ാം മിനിട്ടില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ ഒരു ചരിത്രനേട്ടമാണ് അര്‍ജന്റൈന്‍ നായകനെ തേടിയെത്തിയിരിക്കുന്നത്. ഒരു രാജ്യാന്തര ടീമിനെ ഏറ്റവുമധികം കിരീടപ്പോരാട്ടത്തില്‍ നയിച്ച താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്.

2014 ലോകകപ്പിലും 2022 ലോകകപ്പിലും മെസി അര്‍ജന്റീനയെ ഫൈനലിലെത്തിച്ചു. 2014ല്‍ പരാജയം രുചിക്കേണ്ടി വന്നെങ്കിലും 2022ല്‍ കിരീടമണിഞ്ഞാണ് മെസി ലോകത്തിന് നെറുകയില്‍ തലയുയര്‍ത്തി നിന്നത്.

നാല് കോപ്പ അമേരിക്ക ഫൈനലുകളിലും മെസി അര്‍ജന്റീനയെ ഫൈനലിലേക്ക് നയിച്ചു. 2015ലും 2016ലും ചിലി പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മെസിപ്പടയെ പരാജയപ്പെടുത്തി. 2015ല്‍ ഗോള്‍രഹിത സമനലയില്‍ മത്സരം അവസാനിച്ചതിനെ തുടര്‍ന്ന് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീളുകയും 4-1ന് ചിലി ജയിച്ചുകയറുകയുമായിരുന്നു.

തൊട്ടടുത്ത വര്‍ഷം കോപ്പ സെന്റനാരിയോയിലും ചിലി അര്‍ജന്റീനയെ കരയിച്ചു. ഇത്തവണയും മത്സരം ഗോള്‍രഹിത സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീളുകയും 4-2ന് ചിലി ജയിച്ചുകയറുകയുമായിരുന്നു.

2021ലാണ് കാലങ്ങള്‍ക്ക് ശേഷം അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മുത്തമിടുന്നത്. അന്ന് ചിരവൈരികളായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് മെസിപ്പട കിരീടം ചൂടിയത്. ഏയ്ഞ്ചല്‍ ഡി മരിയ എന്ന കാവല്‍ മാലാഖയാണാണ് അര്‍ജന്റീയെ കപ്പിലേക്കടുപ്പിച്ചത്.

ഇപ്പോള്‍ 2024 കോപ്പ ഫൈനലിലേക്കും മെസി ആല്‍ബിസെലസ്റ്റിനെ നയിച്ചിരിക്കുകയാണ്.

ഇതിനൊപ്പം തന്നെ 2022 ഫൈനലിസിമ കിരീടനേട്ടവും എടുത്തുപറയേണ്ടതാണ്. അന്നത്തെ യൂറോ ചാമ്പ്യന്‍മാരായ അസൂറികളെ പരാജയപ്പെടുത്തിയാണ് മെസി കപ്പുയര്‍ത്തിയത്.

ജൂലൈ 15നാണ് കോപ്പ അമേരിക്ക ഫൈനല്‍. ഉറുഗ്വായ് – കൊളംബിയ രണ്ടാം സെമിയില്‍ ജയിച്ചെത്തുന്നവരെയാണ് മെസിക്കും സംഘത്തിനും നേരിടാനുള്ളത്. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയമാണ് വേദി.

Also Read:  ലാസ്റ്റ് ഡാന്‍സിനായി ഇന്ന് ക്രിക്കറ്റിന്റെ മക്കയിലേക്ക്; ആവേശവും അതിലേറെ നിരാശയുമായി ക്രിക്കറ്റ് ലോകം

Also Read: ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമാണ് ഇനി മെസിയുടെ സ്ഥാനം; അർജന്റീനക്ക് ഫൈനൽ ടിക്കറ്റ്

Also Read: ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് ചരിത്രനേട്ടത്തിലേക്ക്; ഫ്രാൻസിനെതിരെ 16കാരന്റെ ആറാട്ട്

Content highlight: Copa America 2024:  Lionel Messi’s 7th final as captain

We use cookies to give you the best possible experience. Learn more