കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനക്ക് ജയം. ഇക്വഡോറിനെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ തകര്‍ത്താണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് സെമി ഫൈനലിന് യോഗ്യത നേടിയത്.
കൊണ്ടും കൊടുത്തും ഇരുവരും മുന്നേറിയ മത്സരത്തിന്റെ നിശ്ചിത സമയം അവസാനിച്ചപ്പോള്‍ ഇരു ടീമും 1-1 എന്ന നിലയില്‍ സമനില പാലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് വഴിമാറിയത്.
4-4-2 ഫോര്‍മേഷനില്‍ അര്‍ജന്റീന കളത്തിലിറങ്ങിയപ്പോള്‍ 4-2-3-1 എന്ന ഫോര്‍മേഷനാണ് ഇക്വഡോര്‍ അവലംബിച്ചത്.
കളിയുടെ 35ാം മിനിട്ടില്‍ ലിസാന്‍ഡ്രോ മാര്‍ട്ടീനസിലൂടെ അര്‍ജന്റീന മുമ്പിലെത്തി. മക് അലിസ്റ്ററിന്റെ അസിസ്റ്റില്‍ മാര്‍ട്ടീനസ് വല കുലുക്കിയതോടെ എന്‍.ആര്‍.ജി സ്‌റ്റേഡിയം ആവേശത്തിലായി. തുടര്‍ന്ന് ഇക്വഡോര്‍ ഗോള്‍ മടക്കാനുള്ള ശ്രമം തുടങ്ങി.
എന്നാല്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍ മറ്റ് ഗോളുകളൊന്നും പിറക്കാതെ വന്നതോടെ ഒരു ഗോളിന്റെ ലീഡുമായി അര്‍ജന്റീന രണ്ടാം പകുതിക്കിറങ്ങി.
ഗോളടിക്കാന്‍ ഇരു ടീമുകളും കിണഞ്ഞുശ്രമിച്ചെങ്കിലും നിശ്ചിത സമയത്ത് ഗോള്‍വല ചലിപ്പിക്കാന്‍ ഇരുവര്‍ക്കുമായില്ല.
സെമി ഫൈനല്‍ മുമ്പില്‍ കണ്ട മെസിയെയും സംഘത്തെയും ഞെട്ടിച്ച് ആഡ് ഓണ്‍ സമയത്ത് ഇക്വഡോറിന്റെ സമനില ഗോള്‍ പിറന്നു. 90+1 മിനിട്ടില്‍ കെവിന്‍ റോഡ്രിഗസാണ് ഇക്വഡോറിനായി ഈക്വലൈസര്‍ കണ്ടെത്തിയത്. തുടര്‍ന്ന് മത്സരം പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക് കടന്നു.
അര്‍ജന്റീനയാണ് ആദ്യ കിക്കെടുത്തത്. ആദ്യ ഷോട്ടെടുത്ത മെസിക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്.
ആദ്യ കിക്കില്‍ തന്നെ ഗോള്‍ നേടി അര്‍ജന്റീനക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാമെന്ന ഇക്വഡോര്‍ മോഹങ്ള്‍ക്ക് മുമ്പില്‍ കാവല്‍ മാലാഖ എമിലിയാനോ മാര്‍ട്ടീനസ് നെഞ്ച് വിരിച്ച് നിന്നു. ഏയ്ഞ്ചല്‍ മേനയെടുത്ത കിക്ക് എമിലിയാനോ മാര്‍ട്ടീനസ് തടുത്തിട്ടു. പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് മേന കിക്കെടുത്തപ്പോള്‍ കൃത്യമായ ഡൈവിലൂടെ എമി അത് സേവ് ചെയ്തു.
അര്‍ജന്റീനക്കായി രണ്ടാം കിക്കെടുത്ത ജൂലിയന്‍ അല്‍വാരസിന് പിഴച്ചില്ല, അര്‍ജന്റീനക്ക് ലീഡ്.
ഇക്വഡോറിന്റെ അലന്‍ മിന്‍ഡയുടെ രണ്ടാം കിക്കും എമി കൃത്യമായി ഡിഫന്‍ഡ് ചെയ്തതോടെ ഇരു ടീമിന്റെയും രണ്ട് ഷോട്ട് വീതം അവസാനിച്ചപ്പോള്‍ അര്‍ജന്റീനക്ക് 1-0 ലീഡ്.
അര്‍ജന്റീനക്കായി അലക്‌സിസ് മക് എലിസ്റ്റര്‍, ഗോണ്‍സാലോ മാണ്‍ടെയ്ല്‍, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഇക്വഡോറിനായി ജോണ്‍ യെബോവയും ജോര്‍ഡി കൈസെഡോയും ലക്ഷ്യം കണ്ടു. ഒടുവില്‍ അര്‍ജന്റീന 4-2ന് വിജയം സ്വന്തമാക്കി.
ജൂലൈ പത്തിനാണ് സെമി ഫൈനല്‍ മത്സരം.
Also Read: കൊടുങ്കാറ്റായി പീറ്റേഴ്‌സനും ഫില്‍ മസ്റ്റാര്‍ഡും; സൗത്ത് ആഫ്രിക്കയ്ക്ക് വീണ്ടും തോല്‍വി!
Also Read: ഇന്ത്യയ്ക്ക് വമ്പന്‍ വരവേല്‍പ്പ്, മറൈന്‍ ഡ്രൈവില്‍ ജനസാഗരം!
Also Read: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍!
Content highlight: Copa America 2024: Argentina defeated Ecuador