| Wednesday, 14th December 2022, 8:18 am

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടി; പണം വിഴുങ്ങാന്‍ ശ്രമിച്ച് എസ്.ഐ; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛണ്ഡിഗഢ്: ഹരിയാനയിലെ ഫരീദാബാദില്‍ കൈക്കൂലിപ്പണം വിഴുങ്ങാന്‍ ശ്രമിച്ച് പൊലീസുദ്യോഗസ്ഥന്‍. കന്നുകാലിയെ മോഷ്ടിച്ച കേസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരനെ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സംഘം പിടികൂടിയപ്പോഴാണ് ഇയാള്‍ പണം വിഴുങ്ങാന്‍ ശ്രമിച്ചത്.

പിടിക്കപ്പെട്ടതിനാല്‍ തെളിവ് നശിപ്പിക്കാനായിരുന്നു ഈ നീക്കം. സബ് ഇന്‍സ്പെക്ടര്‍ മഹേന്ദ്ര ഉലയാണ് (Mahendra Ula) കൈക്കൂലിയായി വാങ്ങിയ കറന്‍സി നോട്ടുകള്‍ വിഴുങ്ങാന്‍ ശ്രമിച്ചത്. 4000 രൂപയാണ് ഇയാള്‍ വിഴുങ്ങാന്‍ ശ്രമിച്ചത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്‍.ഡി.ടി.വിയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുന്നതും ഇയാള്‍ വിഴുങ്ങാന്‍ ശ്രമിച്ച പണം പുറത്തെടുക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ പൊലീസുകാരന്‍ ഇതിനെ പ്രതിരോധിച്ച് ചെറുത്തുനില്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്.

സംഭവം കണ്ടുകൊണ്ട് നിന്ന മറ്റൊരാള്‍ ഇത് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതായും എന്നാല്‍ വിജിലന്‍സ് ഓഫീസര്‍ ഇയാളെ തടയുന്നതായും വീഡിയോയില്‍ കാണാം.

അതേസമയം, കന്നുകാലി മോഷണക്കേസിലെ പ്രതിക്കെതിരെ നടപടിയെടുക്കാന്‍ എസ്.ഐ മഹേന്ദ്ര ഉല പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടതായാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കന്നുകാലിയുടെ ഉടമയായ ശുഭനാഥിനോട് 10,000 രൂപയാണ് പൊലീസുദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്.

ഇയാള്‍ ഇതിനോടകം 6,000 രൂപ മഹേന്ദ്ര ഉലക്ക് നല്‍കിയിരുന്നു. ബാക്കി തുക നല്‍കുന്നതിന് മുമ്പ് ശുഭനാഥ് പൊലീസുകാരനെതിരെ വിജിലന്‍സ് വകുപ്പിന് പരാതി നല്‍കുകയായിരുന്നു.

ഇതോടെയാണ് എസ്.ഐയെ പിടികൂടാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പദ്ധതിയിട്ടത്.

Content Highlight: Cop Tries To Swallow Bribe money As Vigilance Officers caught Him

We use cookies to give you the best possible experience. Learn more