Advertisement
national news
മോദി സഞ്ചരിക്കേണ്ട വഴിയിലൂടെ സൈക്കിള്‍ ചവിട്ടി, കുട്ടിയെ മർദിച്ച് പോലിസ് ഉദ്യോഗസ്ഥന്‍; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 08, 03:07 am
Saturday, 8th March 2025, 8:37 am

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിലേക്കുള്ള വഴിയിലേക്ക് അബദ്ധത്തിൽ സൈക്കിൾ ഓടിച്ച് എത്തിയ കുട്ടിയെ മർദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വിമർശനവുമായി നിരവധിപേരെത്തി.

വ്യാഴാഴ്ച രത്തൻ ചൗക്കിൽ നടന്ന സംഭവത്തിന്റെ വൈറലായ വീഡിയോയിൽ, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറുകൾ കടന്നുപോകുമ്പോൾ അതിലൂടെ കുട്ടി സൈക്കിൾ ചവിട്ടുന്നത് കാണാം. പിന്നാലെ തന്നെ പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ തടഞ്ഞ് നിർത്തുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതും മർദിക്കുന്നതും വീഡിയോയിൽ കാണാം.

സംഭവത്തിൽ സബ് ഇൻസ്‌പെക്ടർ ബി.എൽ. ഗാധ്‌വിയെ സൂറത്തിൽ നിന്ന് മോർബിയിലേക്ക് സ്ഥലം മാറ്റി ഒപ്പം അദ്ദേഹത്തിന്റെ ഇൻക്രിമെന്റ് ഒരു വർഷത്തേക്ക് നിർത്തിവെച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം സൂറത്തിലെ ലിംബായത്തിൽ നടക്കുന്ന പൊതുയോഗത്തിൽ മോദി എത്താനിരിക്കെയാണ് സംഭവം. സുരക്ഷാ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ സൂറത്ത് പൊലീസ് വകുപ്പ് ഉദ്യോഗസ്ഥർ കോൺവോയ് റൂട്ടിന്റെ റിഹേഴ്‌സൽ നടത്തുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം റിഹേഴ്‌സലിനിടെ, ലിംബായത്ത് മെയിൻ റോഡിലൂടെ ഒരു വാഹനവ്യൂഹം കടന്നുപോകുമ്പോൾ, സൈക്കിൾ ഓടിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെ പൊലീസ് കണ്ടു. വാഹനവ്യൂഹം യാത്ര തുടർന്നു, പക്ഷേ പ്രധാന റോഡിൽ നിലയുറപ്പിച്ച സബ് ഇൻസ്പെക്ടർ കുട്ടിയെ പിടികൂടി മർദിക്കുകയായിരുന്നു.

വീഡിയോ ചർച്ചയായതോടെ സൂറത്ത് പൊലീസിന്റെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണർ അനിത വനാനി, പ്രധാനമന്ത്രിയുടെ സുരക്ഷാ യൂണിറ്റിൽ നിന്ന് ഇയാളെ സൂറത്ത് പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പറഞ്ഞു.

പോലീസുകാരൻ കുട്ടിയെ ആക്രമിച്ചത് തെറ്റാണെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു. ‘അവൻ നടക്കാൻ പോയതായിരിക്കുമെന്ന് ഞങ്ങൾ കരുതി. പക്ഷെ മണിക്കൂറുകളായിട്ടും അവനെ കാണാതായപ്പോൾ ഞങ്ങൾ പരിഭ്രമിച്ചു. രാത്രി 9.30 ന് അവൻ കരഞ്ഞുകൊണ്ട് തിരിച്ചെത്തി. പൊലീസ് തന്നെ മർദിച്ചെന്ന് അവൻ പറഞ്ഞു. പക്ഷെ എന്തിനാണ് മർദിച്ചതെന്ന് അറിയില്ലെന്നവൻ പറഞ്ഞു. തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് അവൻ പറഞ്ഞു. പൊലീസുകാർ അവനെ ആക്രമിക്കുന്നതിനുപകരം കൗൺസിലിങ് നൽകണമായിരുന്നു,’ കുട്ടിയുടെ ഒരു ബന്ധു പറഞ്ഞു.

 

Content Highlight: Cop Slaps Boy, Pulls Hair For Cycling During PM Convoy Rehearsal