സുശാന്ത് സിംഗിന്റെ കേസന്വേഷിക്കാന്‍ മുംബൈയില്‍ എത്തിയ ബിഹാര്‍ എസ്.പിയെ നിര്‍ബന്ധിത ക്വാറന്റീനിലാക്കി കോര്‍പറേഷന്‍
national news
സുശാന്ത് സിംഗിന്റെ കേസന്വേഷിക്കാന്‍ മുംബൈയില്‍ എത്തിയ ബിഹാര്‍ എസ്.പിയെ നിര്‍ബന്ധിത ക്വാറന്റീനിലാക്കി കോര്‍പറേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd August 2020, 7:47 am

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ ബീഹാറില്‍ നിന്നെത്തിയ പൊലീസുദ്യോഗസ്ഥനെ മുംബൈയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര പൊലീസിനെ സഹായിക്കാനായെത്തിയ മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ ബിനയ് തീവാരിയെയാണ് മുംബൈ കോര്‍പറേഷന്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്.

ഉദ്യോഗസ്ഥനെ ബലം പ്രയോഗിച്ച് ക്വാറന്റീന്‍ ചെയ്യുകയായിരുന്നെന്ന് ബീഹാര്‍ ഡി.ജി.പി ഗുപ്‌തേശ്വര്‍ പാണ്ഡേ ഐ.പി.എസ് ട്വീറ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന് ഐ.പി.എസ് മെസ്സില്‍ താമസം നിഷേധിച്ചുവെന്നും ഡിജിപി ട്വീറ്റില്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ കണ്ട ശേഷം ജോലിയിലേക്ക് കടക്കും മുമ്പ് മുംബൈ കോര്‍പറേഷന്റെ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിന്റെ കയ്യില്‍ ക്വാറന്റീന്‍ സീല്‍ പതിക്കുകയായിരുന്നു. രാത്രിയോടെ തന്നെ എസ്.പിയെ ഗോറെഗാവിലെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ട് പോയി.

ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി തന്നെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്, മുംബൈ പൊലീസ് കമ്മീഷണര്‍, മഹാരാഷ്ട്രാ ഡിജിപി എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്തു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ക്വാറന്റീനിലാക്കിയതെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ വിശദീകരണം. കേസന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ മുംബൈയിലെത്തിയ പൊലീസ് സംഘത്തിന് വാഹനം പോലും നല്‍കുന്നില്ലെന്ന് ബീഹാര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബിഹാര്‍ പൊലീസ് സംഘം ഇപ്പോഴും യാത്ര ചെയ്യുന്നത് ഓട്ടോറിക്ഷയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

മുംബൈ പൊലീസ് ബിഹാര്‍ പൊലീസിനോട് സഹകരിക്കുന്നില്ലെന്നാണ് ഉയര്‍ന്ന് വരുന്ന പരാതി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുംബൈ പൊലീസ് നല്‍കിയിട്ടില്ല. ഇതിനിടയിലാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ നിര്‍ബന്ധിത ക്വാറന്റീനിലാക്കിയ നടപടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ