ചെന്നൈ: തൂത്തുക്കുടി സാത്താന്‍ കുളത്ത് ജയരാജ്-ബെന്നിക്‌സ് കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ പോള്‍ ദുരൈ ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു മരണം.
ജൂലൈ 24 നാണ് പോള്‍ ദുരൈയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗത്തിനും പ്രമേഹത്തിനും നിലവില്‍ ഇദ്ദേഹം ചികിത്സ തുടരുന്നുണ്ടായിരുന്നു. ശനിയാഴ്ചയോടെ ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
ശാന്തകുളം കസ്റ്റഡി മരണക്കേസില്‍ പോള്‍ ദുരൈ ഉള്‍പ്പെടെയുള്ള പൊലീസുകാരെ സി.ബി.ഐ ആണ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
ഇതിനിടെ പോള്‍ദുരൈയ്ക്ക് വേണ്ട ചികിത്സ നല്‍കുന്നില്ലെന്നാരോപിച്ച് ഇദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം അധികൃതര്‍ പുറത്തുവിട്ടിരുന്നു.
ശാന്തകുളത്തെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു ദുരൈയും പത്ത് പൊലീസുകാരും അടങ്ങുന്ന സംഘമായിരുന്നു ലോക് ഡൗണ്‍ സമയത്ത് കടയടക്കാന്‍ അഞ്ച് മിനുട്ട് വൈകിയെന്നാരോപിച്ച് ജയരാജിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.
തുടര്‍ന്ന് സംഭവത്തെ കുറിച്ച് അറിയാനായി സ്റ്റേഷനിലെത്തിയ മകന്‍ ബെന്നിക്‌സിനെ കൂടി കസ്റ്റഡിയിലെടുക്കുകയും ഇരുവരേയും പൊലീസുകാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു. തലയ്ക്കും സ്വകാര്യഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ വെച്ചായിരുന്നു മരണപ്പെട്ടത്. തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഏറ്റ ഗുരുതര പരിക്ക് മരണകാരണമായെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക