| Wednesday, 10th July 2024, 4:42 pm

സ്ത്രീ സുരക്ഷയും ലിംഗനീതിയും ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹത്തിന് ഇത് ഭൂഷണമല്ല; ആലപ്പുഴയില്‍ ദളിത് യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാര്‍ കുറിലോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ആലപ്പുഴയില്‍ ദളിത് യുവതി റോഡില്‍ ആക്രമിക്കപ്പെട്ട സംഭവം നീതീകരിക്കാനാവില്ലെന്ന് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്. സത്രീകള്‍ അതിക്രമത്തിന് ഇരയാകുന്നത് തുടരുകയാണെന്നും ലിംഗനീതി അവകാശപ്പെടുന്ന സമൂഹത്തിന് ഇത് ഭൂഷണമല്ലെന്നും കുറിലോസ് പാലക്കാട് നടന്ന പരിപാടിയില്‍ പറഞ്ഞു.

‘സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ നിത്യസംഭവങ്ങളായി മാറുകയാണ്. സാക്ഷരതയുള്ള, വിദ്യാഭ്യാസമുള്ള, സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തിന് ചേരാത്ത നിരവധി സംഭവങ്ങളാണ്, പ്രത്യേകിച്ച് സ്ത്രീ സുരക്ഷയുടെ രംഗത്ത് ഒത്തിരി വീഴ്ചകള്‍ ഉണ്ടാക്കിക്കൊണ്ട് നമ്മുടെ നാട്ടില്‍ നടക്കുന്നത്.

സ്ത്രീപീഡനങ്ങള്‍ പെരുകുന്നു, ഇരയാക്കപ്പെടുന്നവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു, പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. സ്ത്രീ സുരക്ഷയും ലിംഗ നീതിയുമൊക്കെ പ്രഖ്യാപിക്കുന്ന, അതൊക്കെ എപ്പോഴും മുന്നോട്ടു പിടിക്കുന്ന ഒരു സമൂഹത്തിന് ഭൂഷണമല്ല ഇത്തരം സംഭവങ്ങള്‍’ മാര്‍ കുറിലോസ് പറഞ്ഞു.

ചേര്‍ത്തല പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരിയില്‍ 19 കാരിയായ ദളിത് യുവതിയെയാണ് നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. തൈക്കാട്ടുശ്ശേരി മണിയാതൃക്കല്‍ ജംഗ്ഷനില്‍ താമസിക്കുന്ന 19 കാരിക്കാണ് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

സി.പി.ഐ.എം പ്രവര്‍ത്തകനായ ഷൈജുവും സഹോദരനും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് യുവതിയുടെ പരാതി. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയുടെ രണ്ട് ഇളയ സഹോദങ്ങളെ ഷൈജു മര്‍ദിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ പൂച്ചാക്കല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷൈജുവും സഹോദരനും ചേര്‍ന്ന് യുവതിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചതെന്നാണ് പരാതി. യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വൈറലായിരുന്നു.

സഹോദരങ്ങളെ ആക്രമിക്കുകയും തന്നെ നടുറോഡിലിട്ട് മര്‍ദിക്കുകയും ചെയ്ത പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായില്ലെന്നും യുവതി ആരോപിച്ചിരുന്നു.

Content Highlight: Coorilose Geevarghese about the attack against dalit Women in alappuzha

We use cookies to give you the best possible experience. Learn more