സഹകരണബാങ്കുകളിലെ നിക്ഷേപം വിദേശബാങ്കുകളില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചചെയ്ത് സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും യെച്ചൂരി വ്യക്തമാക്കി.
തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രശ്‌നം പരിഹരിക്കാമെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കില്‍ വിശ്വാസമില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
പ്രതിസന്ധിക്കെതിരെ പ്രക്ഷോഭം ശക്തമാക്കും. സഹകരണബാങ്കുകളിലെ നിക്ഷേപം വിദേശബാങ്കുകളില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചചെയ്ത് സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും യെച്ചൂരി വ്യക്തമാക്കി. ഇതിനായി നാളെ ദല്‍ഹിയില്‍ പ്രത്യേകയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഹകരണബാങ്കിലെ കളളപ്പണത്തിനെതിരെയുള്ള പി.ബി അംഗം മുഹമ്മദ് സലീം എം.പിയുടെ പരാതിയെ സി.പി.ഐ.എമ്മിനെതിരെ ആരും ആയുധമാക്കേണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.
മുഹമ്മദ് സലീം പരാതി നല്‍കിയത് സദുദ്ദേശത്തോടെയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നിക്ഷേപിച്ച 68 കോടിയുടെ കള്ളപ്പണത്തെക്കുറിച്ചാണ് അന്വേഷണം ആവശ്യപ്പെട്ടത്. അതിനു പകരം രാജ്യത്തെ മുഴുവന്‍ സഹകരണ ബാങ്കുകളെയും തഴയുന്നത് ശരിയല്ലെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
ബംഗാളിലെ സഹകരണ ബാങ്കുകളില്‍ വന്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന പരാതിയുമായാണ് മുഹമ്മദ് സലിം ധനമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസമാണ് ബംഗാളിലെ റായ്ഗഞ്ച് സഹകരണ ബാങ്കില്‍ മാത്രം 68 കോടി രൂപയുടെ അനധികൃത നിക്ഷേപം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടെന്ന് മുഹമ്മദ് സലിം പരാതി നല്‍കിയത്.
സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും എല്‍.ഡി.എഫ് നേതാക്കളും കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിനു മുന്നില്‍ സത്യാഗ്രഹസമരം നടത്തിയിരുന്നു. ഇതില്‍ യെച്ചൂരിയും പങ്കെടുത്തിരുന്നു.
ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും നോട്ടുകള്‍ മാറ്റിനല്‍കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിഷേധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു ഇത്. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് കേന്ദ്രത്തിന്റേതെന്നും ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു.