ന്യൂദല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ കുനൂര്‍ ഹെലികോപ്റ്റര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അപകടം നടന്നത് മോശം കാലാവസ്ഥ കാരണമായിരിക്കും എന്നാണ് നിഗമനം.
എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.
”കണ്ടെത്തിയ വിവരങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്തിമ തീരുമാനമാകാന്‍ ഒരാഴ്ച്ചയോളം സമയമെടുക്കും,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റിപ്പോര്‍ട്ട് വരുന്നതോടുകൂടി വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13പേര്‍ കൊല്ലപ്പെടുന്നത്.
തമിഴ്നാട്ടില്‍ ഊട്ടിയ്ക്ക് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ മി ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും പത്നി മധുലിക റാവത്തും 11 മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
അപകടത്തില്‍ ജീവനോടെ രക്ഷപെട്ട ഒരേയൊരു ഉദ്യോഗസ്ഥനായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്. അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മരണത്തിന് കീഴടങ്ങിയത്.
ഇതിനിടയില്‍ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. പ്രദീപിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും വീടിന്റെ സിറ്റൗട്ടില്‍ വച്ചിരുന്ന പ്രദീപിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
ഒപ്പം പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയുടെ ജോലി സംബന്ധിച്ച വിവരങ്ങള്‍ മന്ത്രി കെ. രാജനോട് മുഖ്യമന്ത്രി അന്വേഷിക്കുകയും തൃശ്ശൂര്‍ ജില്ലയില്‍ത്തന്നെ റവന്യൂവകുപ്പില്‍ ജോലി നല്‍കുന്ന നടപടി ഉടന്‍ എടുക്കുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു.