|

ഇന്ധനവിലയ്ക്ക് പിന്നാലെ പാചക വാതകത്തിനും വില കൂട്ടി; സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 25 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധന വിലയ്ക്ക് പിന്നാലെ പാചക വാതക സിലിണ്ടറിനും വില കൂട്ടി. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്. നേരത്തെ വാണിജ്യ സിലിണ്ടറുകള്‍ക്കും വില കൂട്ടിയിരുന്നു.

14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് കൊച്ചിയില്‍ 726 രൂപയായി കൂടി. 19 കിലോയുടെ സിലിണ്ടറിന് 1535 രൂപയുമായി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധനയാണ് പാചക വാതക സിലിണ്ടറുകളുടെയും വില ഉയര്‍ത്തുന്നത് എന്നാണ് കമ്പനികളുടെ വിശദീകരണം.

നേരത്തെയും പാചക വാതകത്തിന് കുത്തനെ വില കൂട്ടിയിരുന്നു. ജനുവരിയില്‍ ഒരു പ്രാവശ്യവും ഡിസംബറില്‍ രണ്ട് പ്രാവശ്യവുമാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചത്.

കൊവിഡ് കാലത്തും പാചക വാതകത്തിന് വില കുത്തനെ കൂട്ടുന്നത് സാധാരണക്കാര്‍ക്കുള്ള ഇരുട്ടടിയാണ്. അന്താരാഷ്ട്ര വിപണിയിലെ വിലയെ അടിസ്ഥാനമാക്കി മാസം തോറും പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കാനാണ് എണ്ണ കമ്പനികളുടെ തീരുമാനം.

പെട്രോള്‍- ഡിസല്‍ വിലയും കുത്തനെ കൂടുകയാണ്. ഇന്ന് മാത്രം പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്. കേരളത്തില്‍ കഴിഞ്ഞ മാസം പത്ത് തവണയാണ് ഇന്ധന വില ഉയര്‍ന്നത്.

നിലവില്‍ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 88.53 രൂപയും ഡീസല്‍ ലിറ്ററിന് 82.65 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 86.83 രൂപയും ഡീസല്‍ 81.06 രൂപയുമായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Cooking gas prices rise after fuel prices rise; increase is Rs 25 per cylinder