പാട്‌ന: കാലിത്തീറ്റ കുഭകോണക്കേസില്‍ തടവ് ശിക്ഷയ്ക്ക് വിധിച്ച ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ പരിചരിക്കാന്‍ അനുചരന്‍മാര്‍ നേരത്തെ ജയിലിലെത്തിയതായി റിപ്പോര്‍ട്ട്. ലാലുവിന്റെ പാചകക്കാരന്‍ ലക്ഷ്മണ്‍, സഹായി മദന്‍ യാദവ് എന്നിവര്‍ കള്ളക്കേസുണ്ടാക്കി ജയിലില്‍ എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടുപേരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ച് അവശനാക്കി പതിനായിരം രൂപ കവര്‍ന്നെന്ന റാഞ്ചി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെ ലോവര്‍ ബസാര്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ജെ.ഡി.യു നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം വാര്‍ത്ത തെറ്റാണെന്നും ലക്ഷ്മണും, മദന്‍ യാദവും ജയിലിലാണോ എന്ന് അറിയില്ലെന്നും ആര്‍.ജെ.ഡി നേതാക്കള്‍ പ്രതികരിച്ചു.