കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി മേധാവി ദിലീപ് ഘോഷിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം സംസ്ഥാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രചാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്.
സീതാല്‍കുച്ചിയില്‍ അനുസരണയില്ലാത്ത ആ ആണ്‍കുട്ടികളുടെ നെഞ്ചില്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയപോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന ദിലീപ് ഘോഷിന്റെ പ്രസ്താവനക്കെതിരെയാണ് തൃണമൂല്‍ രംഗത്തെത്തിയത്. നിയമം കയ്യിലെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സീതാല്‍കുച്ചി ആവര്‍ത്തിക്കുമെന്നായിരുന്നു ദിലീപ് ഘോഷ് പറഞ്ഞത്.
കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടക്കുന്ന കൂച്ച് ബെഹാര്‍ ജില്ലയിലെ പോളിംഗ് സ്റ്റേഷന് മുന്നിലുണ്ടായ വെടിവയ്പ്പിലായിരുന്നു പോളിംഗ് ഏജന്റ് ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചത്. മരിച്ചവര്‍ എല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും ബൂത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടാക്കിയതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുകയായിരുന്നു.
അതേസമയം ബി.ജെ.പി പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സുരക്ഷക്കായി നിയോഗിച്ച സി.ആര്‍.പി.എഫ് സൈനികര്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ നിര്‍ബന്ധിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും തൃണമൂല്‍ ആരോപിച്ചിരുന്നു.
സംഭവത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 80000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് 16000 പോളിംഗ് സ്റ്റേഷനുകളിലായി വിന്യസിച്ചിരിക്കുന്നത്.
അതേസമയം ദിലീപ് ഘോഷിന്റെ പ്രസ്താവന ഇത്തരം കൊലപാതകങ്ങളെ ന്യായീകരിക്കുന്നതാണെന്നും ബംഗാളിനെയും അവിടുത്തെ ജനങ്ങളെയും ഇത്തരം കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി ദിലീപ് ഘോഷ് ഭീഷണിപ്പെടുത്തുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.
കൂച്ച് ബെഹാര്‍ അക്രമണം ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്തതാണെന്നും ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഈ കൊലപാതകങ്ങള്‍ നടന്നതെന്നാണ് ദിലീപ് ഘോഷിന്റെ പ്രസ്താവന സൂചിപ്പിക്കുന്നതെന്നും ഈ പ്രസ്താവനയുടെ പേരില്‍ ദിലീപ് ഘോഷിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അദ്ദേഹത്തെ അറസ്റ്റു ചെയ്യണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക