| Monday, 15th January 2024, 5:14 pm

ടീം സ്‌കോര്‍ 890, ഫൈനലില്‍ ഇവനൊറ്റക്ക് 404*; ഇതാ കര്‍ണാടകയുടെ ബ്രയാന്‍ ലാറ

സ്പോര്‍ട്സ് ഡെസ്‌ക്

കൂച്ച് ബെഹര്‍ ട്രോഫിയില്‍ ക്വാഡ്രാപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി കര്‍ണാടക യുവതാരം പ്രകാര്‍ ചതുര്‍വേദി. കൂച്ച് ബെഹര്‍ ട്രോഫിയുടെ ഫൈനലില്‍ മുംബൈക്കെതിരെയാണ് കര്‍ണാടക ഓപ്പണര്‍ 400 റണ്‍സ് പൂര്‍ത്തിയാക്കിയത്.

638 പന്ത് നേരിട്ട് പുറത്താകാതെ 404 റണ്‍സാണ് ചതുര്‍വേദി നേടിയത്. 46 ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഈ ക്വാഡ്രാപ്പിള്‍ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്രനേട്ടവും ചതുര്‍വേദിയെ തേടിയെത്തിയിരുന്നു. കൂച്ച് ബെഹര്‍ ട്രോഫിയുടെ ഫൈനലില്‍ 400 റണ്‍സ് നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് കര്‍ണാടക സൂപ്പര്‍ ഓപ്പണര്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ കര്‍ണാടക എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 380 റണ്‍സാണ് മുംബൈ നേടിയത്. ഓപ്പണര്‍ ആയുഷ് മാത്രെയുടെ സെഞ്ച്വറി കരുത്തിലാണ് മുംബൈ സ്‌കോര്‍ ഉയര്‍ത്തിയത്. ആയുഷ് 180 പന്തില്‍ നിന്നും 145 റണ്‍സ് നേടി പുറത്തായി.

അര്‍ധ സെഞ്ച്വറി നേടിയ ആയുഷ് സച്ചിന്‍ വര്‍തക്കാണ് മുംബൈ നിരയില്‍ കരുത്തായ മറ്റൊരു താരം. 98 പന്തില്‍ 73 റണ്‍സാണ് താരം നേടിയത്.

കര്‍ണാടകക്കായി ഹര്‍ദിക് രാജ് നാല് വിക്കറ്റ് വീഴ്ത്തി. സമിത് ദ്രാവിഡും എന്‍. സമര്‍ത്ഥും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ആഗസ്ത്യ എസ്. രാജു, ധീരജ് ഗൗഡ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ചതുര്‍വേദിക്കൊപ്പം കളത്തിലിറങ്ങിയ കാര്‍ത്തിക് എസ്.യു. 67 പന്തില്‍ 50 റണ്‍സ് നേടി പുറത്തായി.

മൂന്നാം നമ്പറില്‍ ഹര്‍ഷില്‍ ധര്‍മാനിയെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് വീണ്ടും വേഗത്തില്‍ ചലിച്ചു. ഇരുവരും ചേര്‍ന്ന് മുംബൈയുടെ ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ മറികടക്കുകയും ചെയ്തു. ടിം സ്‌കോര്‍ 109ല്‍ ഒന്നിച്ച കൂട്ടുകെട്ട് പിരിയുന്നത് 399ലാണ്. കാര്‍ത്തിക്കിനെ പുറത്താക്കി പ്രേം ദേവ്കറാണ് കൂട്ടുകെട്ട് പൊളിച്ചത്. 228 പന്തില്‍ 168 റണ്‍സാണ് കര്‍ത്തിക് നേടിയത്.

പിന്നാലെയെത്തിയ കാര്‍ത്തികേയയും ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഹര്‍ദിക് രാജും സമര്‍ത്ഥും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. കാര്‍ത്തികേയ 107 പന്തില്‍ 72 റണ്‍സ് നേടിയപ്പോള്‍ 80 പന്തില്‍ 51 റണ്‍സാണ് ഹര്‍ദിക് രാജ് നേടിയത്.

135 പന്ത് നേരിട്ട് പുറത്താകാതെ 55 റണ്‍സാണ് സമര്‍ത്ഥ് ടീം ടോട്ടലിലേക്ക് എഴുതിച്ചേര്‍ത്തത്. ഒടുവില്‍ എട്ട് വിക്കറ്റിന് 890 എന്ന നിലയില്‍ നില്‍ക്കവെ കര്‍ണാടക ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

Content highlight: Cooch Behar Trophy, Prakar Chaturvedi scored 404* against Mumbai

We use cookies to give you the best possible experience. Learn more