| Friday, 11th June 2021, 7:17 pm

കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സി.പി.ഐ.എം. പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്ന് പി.സി. വിഷ്ണുനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചനക്കേസില്‍ കോടതി ശിക്ഷിച്ച പി.കെ. കുഞ്ഞനന്തന്റെ ചരമദിനം ആചരിക്കുന്നതിലൂടെ സി.പി.ഐ.എം. പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. കോടതി ശിക്ഷിച്ച പ്രതി ഷാഫിയാണ് സ്മൃതി മണ്ഡപത്തിന് മുമ്പില്‍ നില്‍ക്കുന്നതെന്നും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാന്‍ ഗൂഢാലോചന നടത്തിയതിനെ പാര്‍ട്ടി മഹത്വവത്കരിക്കുന്നെന്നും വിഷ്ണുനാഥ് പറഞ്ഞു.

‘കുഞ്ഞനന്തനെ വീരപുരുഷനായാണ് സി.പി.ഐ.എം. കൊണ്ടാടുന്നത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാന്‍ ഗൂഢാലോചന നടത്തിയതിനെ പാര്‍ട്ടി മഹത്വവത്കരിക്കുന്നു; ഇന്ന് കുഞ്ഞനന്തന്റെ ചരമദിനം പാര്‍ട്ടി സമുചിതമായ് ആചരിക്കുകയാണ്!. കൊലപാതകികളെ വിഗ്രഹവത്കരിക്കുന്ന, കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സി.പി.ഐ.എം. പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണ്?,’ പി.സി. വിഷ്ണുനാഥ് ഫേസ്ബുക്കില്‍ പറഞ്ഞു.

നേരത്തെ വിഷയത്തില്‍ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാമും രംഗത്തെത്തിയിരുന്നു. കൊലപാതകം നേരിട്ട് നടത്തിയവരും ഗൂഢാാലോചന നടത്തിയവരും എന്ന് പറഞ്ഞുകൊണ്ട് വി.ഡി. സവര്‍ക്കറും ഗാന്ധി കൊലപാതക കേസിലെ പ്രതികളും ഒപ്പമുള്ള ചിത്രവും പി.കെ. കുഞ്ഞനന്തന്‍ സ്മൃതി മണ്ഡപത്തില്‍ എത്തിയ ഷാഫിയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.

പി.കെ കുഞ്ഞനന്തന്റെ ഒന്നാം ചരമവാര്‍ഷികാചരണ പരിപാടിയുടെ ഭാഗമായി തയാറാക്കിയ സ്മൃതിമണ്ഡപം വെള്ളിയാഴ്ചയാണ് മുന്‍ മന്ത്രിയുടെ മുന്‍ മന്ത്രിയും സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയതത്.

വലതുപക്ഷ ഗൂഢാലോചനയുടെ ഇരയാണ് പി.കെ. കുഞ്ഞനന്തനെന്നും വലതുപക്ഷ മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടിയെന്നും ജയരാജന്‍ പറഞ്ഞു. കെ.പി. മോഹനന്‍ എം.എല്‍.എ, എം.വി. ജയരാജന്‍, പി. ജയരാജന്‍, പി. ഹരീന്ദ്രന്‍, കെ.ഇ. കുഞ്ഞബ്ദുല്ല തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

പാറാട് ലോക്കല്‍ കമ്മിറ്റി ഓഫിസായ നായനാര്‍ മന്ദിരത്തിന്റെ രണ്ടാം നിലയില്‍ ഒരുക്കിയ പി.കെ. കുഞ്ഞനന്തന്‍ സ്മാരക ഹാള്‍ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 13-ാം പ്രതിയായിരുന്നു പി.കെ. കുഞ്ഞനന്തന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ജൂണ്‍ 11നായിരുന്നു കുഞ്ഞനന്തന്‍ അന്തരിച്ചത്.

കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യമെടുത്തായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സി.പി.ഐ.എം. പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. കേസില്‍ അഞ്ചാം പ്രതിയായിരുന്നു ഷാഫി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGTS : Convicted in TP Chandrasekharan murder case The CPI (M) is celebrating Kunjananthan’s death anniversary. What is the message given to the public ? says by PC Vishnunath MLA

We use cookies to give you the best possible experience. Learn more